ബെംഗളൂരു: ബെംഗളൂരുവില്‍ സീല്‍ഡൗണ്‍ ചെയ്ത പദരായനപുരയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകളുടെ പങ്കിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കന്നഡ ഫോറം ഫോര്‍ ഡിഗ്നിറ്റി (കെഎഫ്ഡി), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നീ സംഘടനകളെ കുറിച്ചാണ് അന്വേഷണം.
കേസില്‍ പിടിയിലായ ചില പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പിഎഫ്ഐയുടെ അംഗങ്ങളാണെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളില്‍ എത്രപേര്‍ക്ക് പിഎഫ്ഐയുമായി ബന്ധമുണ്ടെന്ന് അന്വേഷിച്ചു വരികയാണെന്ന് ബെംഗളൂരു സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് കൃഷ്ണകുമാര്‍ പറഞ്ഞു.
ആക്രമണത്തിന്റെ സൂത്രധാരനായ ഇര്ഫാന് പിഎഫ്ഐയുടെ അംഗമാണെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇര്ഫാന് ഉള്‍പ്പെടെ 20 പ്രതികള്‍ ഒളിവിലാണ്. ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അഡീഷണല്‍ പോലീസ് കമ്മീഷണര്‍ സൗമേന്ദ്രു മുഖര്‍ജി, ജോ. കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഏപ്രില്‍ 19നാണ് ന്യൂനപക്ഷ ആധിപത്യമേഖലയായ പദയാനപുരയില് ആരോഗ്യപ്രവര്‍ത്തകര്‍, പോലീസ്, ബിബിഎംപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നേരെ നൂറ്റമ്പതോളം വരുന്ന സംഘം ആക്രമിച്ചത്.
ന്യൂദല്‍ഹി നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പത്തുപേര്‍ക്ക് ഇവിടെ കൊറോണ രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ സര്‍ക്കാര്‍ ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റാനായി എത്തിയപ്പോഴായിരുന്നു ആക്രമണം.
കല്ലും വടികളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച സംഘം വൈദ്യുതി വിളക്കുകള്‍, സിസിടിവി ക്യാമറകള്‍, പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍, പന്തല്‍ എന്നിവയും അക്രമി സംഘം നശിപ്പിച്ചു.
കേസില്‍ ഇതുവരെ 126 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ രാമനഗര ജയിലില്‍ റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: