തൃശൂര്‍: കൊറോണ വ്യാപനത്തിന്റെ മറവില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്കിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. ലോക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെ കൈകൊണ്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
മദ്യത്തില്‍ നിന്നുള്ള വരുമാനം ചൂണ്ടിക്കാട്ടിയാണ് മദ്യവില്പനയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാമെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയപരമായ നിലപാടിന്റെ തുടര്‍ച്ചയാണ് ബാറുകള്‍ക്ക് അനുമതി നല്‍കാനുള്ള തീരുമാനമെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. നാട് കൊറോണ ഭീതിയുടെ തടങ്കലില്‍ കഴിയുമ്പോള്‍ ബാറുകള്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനം ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി കുറ്റപ്പെടുത്തി.
ധനലാഭം മോഹിച്ചുള്ളതാണ് സര്‍ക്കാര്‍ തീരുമാനമെന്നും പുതിയ ബാറുകള്‍ അനുവദിച്ച തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള മദ്യ നിരോധന സമിതി ആവശ്യപ്പെട്ടു.
ജില്ലയില്‍ ഇരിങ്ങാലക്കുട റേഞ്ചിന്റെ പരിധിയിലാണ് പുതിയ ബാര്‍ തുറക്കുന്നത്. മാര്‍ച്ചില്‍ സംസ്ഥാനത്ത് കൊറോണ നിയന്ത്രണം ആരംഭിച്ച ശേഷമാണ് പുതിയ ബാറുകള്‍ക്കുള്ള ലൈസന്‍സ് ഫീസ് അടച്ചത്. 30 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: