കാസര്‍കോട്: ലോക്ഡൗണ്‍ കഴിയുന്നത് വരെ ജില്ലയിലെ വൃക്ക രോഗികളുടെ ഡയാലിസിസ് ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അറിയിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമോദനം ലഭിച്ച കാസര്‍കോട് ജില്ലയിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ‘സെല്‍ഫ് അസെസ്മെന്റ് കിറ്റുകള്‍’ വാങ്ങാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. ജില്ലാ പഞ്ചായത്തും ട്രിപ്പിള്‍ ലോക്ക് ചെയ്യപ്പെട്ട ഗ്രാമ പഞ്ചായത്തുകളും സംയുക്ത പദ്ധതിയായിട്ടാണ് നടപ്പിലാക്കുക. സെല്‍ഫ് അസെസ്മെന്റ് കിറ്റ് എത്തുന്നതോടെ നിരീക്ഷണത്തിലുള്ളവര്‍ക്ക് സ്വന്തമായി തന്നെ കോവിഡ് 19 രോഗം പോസിറ്റീവാണെന്നോ നെഗറ്റീവാണെന്നോ വളരെ പെട്ടെന്ന് തന്നെ സ്ഥിരീകരിക്കാന്‍ കഴിയും. സമൂഹ വ്യാപനം തടയാന്‍ ഇതിലൂടെ സാധിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷാനവാസ് പാദൂര്‍, ഹര്‍ഷാദ് വോര്‍ക്കാടി, അഡ്വ. എ.പി ഉഷ, മെമ്പര്‍മാരായ ഡോ. വി.പി.പി മുസ്തഫ, അഡ്വ. കെ.ശ്രീകാന്ത്, ഇ.പത്മാവതി, മുംതാസ് സമീറ, ജോസ് പതാലില്‍, പി.സി സുബൈദ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. എം അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: