തിരുവനന്തപുരം : കൊറോണ മഹാമാരിയുടെ ദുരന്തത്തില്‍പ്പെട്ട് മനുഷ്യകുലമാകെ വിറങ്ങലിച്ച് നില്ക്കുന്ന സന്ദര്‍ഭത്തില്‍, ത്യാഗികളായ രണ്ട് സന്യാസിമാര്‍ മഹാരാഷ്ട്രയില്‍ വച്ച് കൊടിയ മര്‍ദ്ദനം ഏറ്റു കൊലചെയ്യപ്പെട്ട ദാരുണ സംഭവം ആര്‍ഷ ഭാരതത്തിന്റെ മഹത്തായ പാരമ്പര്യത്തിനും ധാര്‍മ്മികതയ്ക്കും അങ്ങേയറ്റം കളങ്കമുണ്ടാക്കിയതായി ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി വിശുദ്ധാനന്ദ.
ധര്മരാഷ്ട്രം അല്ലെങ്കില്‍ ക്ഷേമരാഷ്ട്രം എന്നതാണ് ഭാരതത്തിന്റെ മഹത്തായ സങ്കല്‍പ്പം. ധര്‍മ്മത്തെ പരമമായ ദൈവമായും മഹത്തായ ധനമായും ശ്രീനാരായണ ഗുരുദേവന് ഉള്‍പ്പെടെയുള്ള നമ്മുടെ ഗുരുപരമ്പര ദര്‍ശിക്കുന്നുമുണ്ട്. ധര്‍മ്മങ്ങളില്‍ വച്ച് പരമമായ ധര്‍മ്മം അഹിംസയാണെന്ന് ഗുരുക്കന്മാര് വിഭാവനം ചെയ്യുന്നു. അങ്ങനെയുള്ള ഭാരതിത്തിന്റെ പുണ്യ ഭൂമിയിലാണ് രണ്ട് സന്യാസിമാര്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്.
എന്തിന്റെ പേരില്‍ ആയാലും ആരം കൊലചെയ്യപ്പെടുന്നത് നമ്മുക്ക് ന്യായീകരിക്കാവുന്നതല്ല. വിശേഷിച്ചും അത് സര്‍വ്വസംഗം പരിത്യാഗികള്‍ ആയ സന്യാസിമാരുടെ കൊലചെയ്യപ്പെടല്‍ ആകുമ്പോള്‍ അതിനു പരിഹാരം പോലും ഇല്ലെന്നതാണ് ആര്‍ഷമതം. ലൗകിക തൃഷ്ണകള്‍ വര്‍ദ്ധിച്ച് അതിന്റെ പേരില്‍ പോരടിക്കുന്ന മനുഷ്യകുലത്തിന് അലൗകികതയുടെ ആത്മശാന്തി പകരുന്നവരാണ് സന്യാസിമാര്‍. അവര്‍ ലോക സംഗ്രഹത്തിനായി ആത്മാര്‍പ്പണം ചെയ്തവരാണ്. അതുകൊണ്ട് തന്നെ അവരുടെ ജീവന് എടുക്കുന്നത് സ്വയം ജീവന് എടുക്കുന്നതിന് തുല്യമാണ്. ഈ മഹാപാതകത്തിന് പരിഹാരമില്ല, മുക്തിയുമില്ല.
ഈ ദാരുണമായ കൊല ചെയ്തവര്‍ ആരായാലും എത്ര പേര് ആയാലും അവര്‍ മാപ്പര്ഹിക്കുന്നവര് അല്ല. ഭാരതത്തിന്റെ അഹിംസാധര്മ്മത്തെയും ത്യാഗ നിര്ഭരതയെയും അവഹേളിക്കുകയും പിച്ചിച്ചീന്തുകയും ചെയ്ത അവര്‍ വിധിയെ ചോദിച്ച് വാങ്ങുന്നവരാണ്. ധര്‍മത്തെ രക്ഷിക്കുന്നവര്‍ ധര്‍മ്മത്താല്‍ രക്ഷിക്കപ്പെടുമെന്ന ഭാരതദര്‍ശനം മറഞ്ഞുപോകുന്ന യാതൊരു ചിന്തക്കും വൃത്തിക്കും സ്ഥാനമുണ്ടാകാതിരിക്കണം. അക്കാര്യത്തില്‍ ഭരണ രാഷ്ട്രീയ നേതൃത്വത്തങ്ങളും മറ്റെല്ലാ മനുഷ്യ കൂട്ടായ്മകളും ജാഗ്രത പുലര്‍ത്തണം.സ്വാമി വിശുദ്ധാനന്ദ പ്രസ്താവനയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: