ന്യൂദല്‍ഹി: കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ നിരക്കില്‍ വലിയ കുറവ്. ലോക്ക് ഡൗണിനു മുമ്പുള്ള ആഴ്ചയില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 3.4 ദിവസം എന്ന നിരക്കിലായിരുന്നു. എന്നാല്‍ അവസാന ഏഴു ദിവസത്തെ കണക്കു പരിശോധിക്കുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 7.5 ദിവസം എന്ന നിരക്കിലേയ്ക്ക് മാറി.. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുന്ന ദിവസത്തിലെ മെച്ചപ്പെട്ട നിരക്കുള്ള 18 സംസ്ഥാനങ്ങള്‍ ഉണ്ട്. അതില്‍ മുന്നില്‍ കേരളമാണ്. കേരളത്തില്‍ 72.2 ദിവസമാണ് ഇരട്ടിയാകല്‍ നിരക്ക്.
ഇരട്ടിയാകല്‍ നിരക്ക്:
ഡല്‍ഹി – 8.5 ദിവസം
കര്‍ണാടകം – 9.2 ദിവസം
തെലങ്കാന – 9.4 ദിവസം
ആന്ധ്ര പ്രദേശ് – 10.6 ദിവസം
ജമ്മു ആന്‍ഡ് കശ്മീര്‍ – 11.5 ദിവസം
പഞ്ചാബ് – 13.1 ദിവസം
ഛത്തീസ്ഗഢ് – 13.3 ദിവസം
തമിഴ്നാട് – 14 ദിവസം
ബിഹാര്‍ – 16.4 ദിവസം
ആന്‍ഡമാന്‍ – 20.1 ദിവസം
ഹരിയാന – 21 ദിവസം
ഹിമാചല്‍ പ്രദേശ് – 24.5 ദിവസം
ചണ്ഡീഗഢ് – 25.4 ദിവസം
അസം – 25.8 ദിവസം
ഉത്തരാഖണ്ഡ് – 26.6 ദിവസം
ലഡാക്ക് – 26.6 ദിവസം
ഒഡിഷ – 39.8 ദിവസം
കേരളം – 72.2 ദിവസം
ഗോവയിലെ എല്ലാ കോവിഡ് 19 രോഗികളും സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ ഗോവയില്‍ സജീവ കോവിഡ് 19 രോഗികള്‍ ആരുമില്ല. കഴിഞ്ഞ 28 ദിവസത്തിനിടെ മാഹി (പുതുച്ചേരി), കുടക് (കര്‍ണാടകം), പൗരി ഗഢ്വാള് (ഉത്തരാഖണ്ഡ്) എന്നീ മൂന്നു ജില്ലകളില്‍ ഒരു പുതിയ കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 14 ദിവസത്തിനിടെ 23 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളില്‍ 59 എണ്ണം പുതുതായുണ്ട്.
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 17,265 കോവിഡ് 19 കേസുകളാണ്. 2547 പേര് രോഗമുക്തരായി. അതായത് 14.75 ശതമാനം പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ കോവിഡ് 19 ബാധിച്ച് 543 പേരാണ് രാജ്യത്ത് മരിച്ചത്.
കോവിഡ് 19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം നിയന്ത്രിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇവയെല്ലാം ഉന്നത തലത്തില്‍ നിരന്തരം നിരീക്ഷിക്കുന്നുമുണ്ട്.
വൈറസ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം ഉദ്യോഗസ്ഥരോടും ജീവനക്കാരോടും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഏപ്രില്‍ 20 ന് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
പുനരുപയോഗിക്കാവുന്നതോ തുണികൊണ്ടുള്ളതോ ആയ മുഖാവരണങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക, അണുനശീകരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ചോ, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബോ സാനിറ്റൈസറോ ഉപയോഗിച്ചോ പതിവായി കൈ കഴുകുക, നിശ്ചിത ശാരീരിക അകലം പാലിക്കുക, അഞ്ചോ അതിലധികമോ പേര് ഒത്തുചേരുന്നത് ഒഴിവാക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: