പത്തനംതിട്ട: കൊറോണ ബാധയുമായി ബന്ധപ്പെട്ട് ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചതിൽ ജില്ലയിലും ആശയക്കുഴപ്പം. കൊറോണ രോഗികൾ ഇല്ലാത്ത സ്ഥലങ്ങളും ഹോട്ട് സ്പോട്ടുകളായി. അതേസമയം രോഗികളും അവർ സമ്പർക്കം പുലർത്തിയതുമായ എല്ലാ സ്ഥലങ്ങളും ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെട്ടിട്ടുമില്ല.
ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിച്ചത്. ഹോട്ട് സ്പോട്ട് പട്ടികയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ചൊവ്വാഴ്ച കളക്ടർക്ക് റിപ്പോർട്ട് നൽകും. അടൂർ നഗരസഭയെയും വടശേരിക്കര, ആറന്മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂർ പഞ്ചായത്തുകളെയുമാണ് ജില്ലയിലെ ഹോട്ട്സ്പോട്ടുകളായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പട്ടികയിൽ ഉൾപ്പെട്ട ഓമല്ലൂർ, കോഴഞ്ചേരി പഞ്ചായത്തുകളിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് രോഗികളെ കണ്ടെത്തിയ അയിരൂർ, ചിറ്റാർ, തുമ്പമൺ പഞ്ചായത്തുകളും പന്തളം, പത്തനംതിട്ട നഗരസഭകളും ഹോട്ട്സ്പോട്ട് പട്ടികയിൽ ഇല്ല.
കൊറോണ കേസുകൾ റിപ്പോർട്ടു ചെയ്ത സ്ഥലങ്ങളെയും അവർ പ്രൈമറി, സെക്കൻഡറി സമ്പർക്കം പുലർത്തിയ സ്ഥലങ്ങളെയുമാണ് ഹോട്ട്സ്പോട്ടുകളായി കണക്കാക്കുന്നത്. ഇവിടങ്ങളിൽ 25മുതൽ ഇളവുകൾ നൽകാതെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് അറിയിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: