കൊച്ചി: കൊറോണ കാലത്ത് നിശബ്ദമായി ആരുമറിയാതെ നടപ്പാക്കാനാഗ്രഹിച്ച സ്പ്രിങ്ക്ളര്‍ കരാര്‍ ഇടപാട് പുറത്ത് വിട്ടത് സിപിഎമ്മിലെ പിണറായി വിരുദ്ധരെന്ന് സൂചന. ഇതെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച തുടങ്ങി. മാര്‍ച്ച് 25ന് മുമ്പ് നടന്ന അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്പ്രിങ്ക്ളര്‍ കരാറിനെ സബന്ധിച്ച് വിശദീകരിച്ചിരുന്നതാണ്. വാര്‍ത്ത പുറത്ത് പോയതിന് പിന്നില്‍ സെക്രേട്ടറിയറ്റിലെ തന്നെ മധ്യകേരളത്തില്‍ നിന്നുള്ള ചിലരാണെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
സിപിഎമ്മില്‍ പിണറായി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി-തോമസ് ഐസക്ക് ചേരിക്കൊപ്പം നില്ക്കുന്ന നേതാവാണ് അതീവ രഹസ്യമായ വിവരം പ്രതിപക്ഷത്തിന് ചോര്‍ത്തി നല്‍കിയതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന സൂചന. കൊറോണ ബാധിതരുടെ ആരോഗ്യവിവരങ്ങള്‍ സംബന്ധിക്കുന്ന രഹസ്യവിവരങ്ങളാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് കൈമാറുന്നത്. ഡാറ്റാ വിശകലനത്തിന് പ്രാവീണ്യമുള്ള ഏജന്‍സികളായ സി ഡിറ്റ്, ഐടി മിഷന് എന്നിവയെ തഴഞ്ഞുള്ള സര്‍ക്കാരിന്റെ നീക്കം പ്രതിപക്ഷം ആയുധമാക്കിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: