കൊറോണ വൈറസിനെ നേരിടുന്നതില്‍ കേരളം മികവുപുലര്‍ത്തുന്നു എന്ന പ്രചാരണം നന്നായി ഏശുന്നുണ്ട്. രോഗമുക്തി നേടുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും കേരളത്തിന് സാധിച്ചു എന്നതിന്റെ പേരിലാണത്. അങ്ങനെ സംഭവിച്ചത് ഭരണത്തലപ്പത്ത് പിണറായി വിജയന് ഇരിക്കുന്നതുകൊണ്ടാണെന്ന് ഒരുപാട് പാണന്മാര് പാടിനടക്കുന്നുണ്ട്. ഇതിന് മുന്‍പ് ആരോഗ്യമന്ത്രി ഷൈലജ ടീച്ചറായതുകൊണ്ടാണ് ഈ നേട്ടമെന്നും അവകാശപ്പെട്ടതാണ്. ഈ അവകാശവാദങ്ങളെ എതിര്‍ക്കാന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ പോലും മുതിരുന്നില്ല. ആപത്തുകാലത്ത് എന്തിന് ആലോസരമുണ്ടാക്കി ഐക്യം തകര്‍ക്കുന്നു എന്ന് ചിന്തിക്കുന്നവരാണ് ഏറിയകൂറും എന്ന് കരുതി ഭിന്നാഭിപ്രായം പറയാന്‍ പറ്റില്ലെന്നില്ല. ഭരണത്തില്‍ ആയിരിക്കുമ്പോള്‍ പുഷ്പവൃഷ്ടിയും ഉണ്ടാകും. അതിനേക്കാള്‍ കല്ലേറും ലഭിച്ചെന്നിരിക്കും. അത് സമചിത്തതയോടെ കാണുകയും പെരുമാറുകയും ചെയ്യുക എന്നതാണ് രാജധര്‍മ്മം. നമ്മുടെ മുഖ്യമന്ത്രി രാജധര്‍മ്മം മറന്നുപോയോ? സംശയിക്കാന്‍ ധാരാളം നിമിത്തങ്ങള്‍ ഉണ്ട്. അതിലൊന്നാണ് പ്രളയകാലത്ത് ശേഖരിച്ചപണം യഥാവിധിയല്ല പ്രയോഗിച്ചതെന്ന കെ.എം. ഷാജി എംഎല്‍എയുടെ ആരോപണവും അദ്ദേഹത്തിനെതിരായ കേസും.
കെ.എം. ഷാജിയുടെ രാഷ്ട്രീയത്തോട് ഒരുതരത്തിലുള്ള അനുഭാവവും ഞങ്ങള്‍ക്കില്ല. അവസരം ലഭിക്കുമ്പോഴൊക്കെ ശക്തമായി എതിര്‍ക്കാറുണ്ട്. എന്നാല്‍ അദ്ദേഹം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാത്രം വേട്ടയാടപ്പെടുകയാണെന്ന് വരുമ്പോള്‍ അതിനെ എതിര്‍ക്കാതിരിക്കാന്‍ പറ്റില്ല. ജനാധിപത്യത്തില്‍ യോജിക്കാനുള്ള അവസരങ്ങളെ പോലെ തന്നെ വിയോജിക്കാനുമുള്ള അവകാശമുണ്ട്. അത് നഷ്ടപ്പെടുമ്പോള്‍ അവിടെ ജനാധിപത്യമല്ല, ഏകാധിപത്യമാണ് തലപൊക്കുന്നത്. ഇന്ന് ഷാജിക്കെതിരെയാണ് പ്രതികാരമെങ്കില്‍ നാളെ കെ. സുരേന്ദ്രനെതിരെയാകാം സര്‍ക്കാരിന്റെ കുന്തമുന. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനം എത്ര മ്ലേഛമായാണ് ഭക്തരോട് പെരുമാറിയതെന്ന് കണ്ടതാണ്. കെ.എം. ഷാജിക്കെതിരെ ഉണ്ടെന്ന് പറയുന്ന അഴിമതി ആരോപണം അടുത്തകാലത്തൊന്നും ഉണ്ടായതല്ല. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ എന്തിന് ഷാജി ഫെയ്സ് ബുക്കില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നതുവരെ വച്ചുതാമസിച്ചു എന്ന ചോദ്യം പ്രസക്തമാണ്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു നിയമസഭാംഗത്തെ പൂട്ടിക്കെട്ടാന്‍ നോക്കുന്നത് ശരിയാണോ? ഷാജി തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. അഴിമതിക്കെതിരെ നിലകൊള്ളുന്നവരെ കള്ളക്കേസില്‍ കുടുക്കുന്ന രീതി ഒരു നല്ല ഭരണാധികാരികള്‍ക്ക് ചേരുന്നതല്ല.
ടി.പി. സെന്‍കുമാറിനെതിരെയും ജേക്കബ് തോമസിനെതിരെയും പകയോടെ പെരുമാറുന്നത് ഏത് ജനകീയ ഭരണത്തിനാണ് ചേരുക? ആജ്ഞാനുവര്ത്തികളേ നിയമസഭയിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ പ്രതിയോഗികളിലും ഉണ്ടാകാന്‍ പാടുള്ളൂ എന്ന് ചിന്തിക്കുന്ന് മൗഢ്യമാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ സര്‍ക്കാരിന്റെ പെരുമാറ്റവും പ്രവര്‍ത്തികളുമെല്ലാം ആ രീതിയിലാണ്. ഇത് പിണറായി വിജയന് അറിഞ്ഞുകൊണ്ടു ചെയ്യുന്നതാണോ? അതോ സ്പ്രിങ്കഌ കരാറിന്റെ ഉത്തരവാദിത്തം ഐടി സെക്രട്ടറി ഏറ്റെടുത്തതുപോലെ ആഭ്യന്തരവകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥന് ഏറ്റെടുക്കാന്‍ വരുമോ? സംസ്ഥാനത്തിനകത്തും രാജ്യത്താകെയും ഏഴാം കടലിനക്കരെയും കേരളത്തിന്റെ ഖ്യാതി എത്തിച്ചു എന്ന് ഭരണക്കാര്‍ വാചാലമാകുമ്പോള്‍ ഇവിടെ ഇങ്ങനെയൊക്കെ സംഭവിക്കാമോ? ഈ ചോദ്യമാണ് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഉയരുന്നത്. കൊറോണക്കാലത്ത് പോലും ജനങ്ങളെയാകെ വിശ്വാസത്തിലെടുക്കാന്‍ കൂട്ടാക്കാത്തത് ധിക്കാരപരമായ ശൈലിയാണ്. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ തെരഞ്ഞെടുത്തതില്‍ പൊരുത്തക്കേടുണ്ട്. പാര്‍ട്ടി ഘടകങ്ങളെയും തദ്ദേശ സ്ഥാപനങ്ങളെയും ഉപയോഗിച്ച് പാര്‍ട്ടിക്കാരെ മാത്രം ഉള്‍പ്പെടുത്തി ഉണ്ടാക്കിയ സന്നദ്ധസേന പെരുമാറുന്നത് പക്ഷപാതപരമാണ്. പ്രളയകാലത്തും അതിന് മുന്‍പും ശേഷവുമെല്ലാം സേവനസന്നദ്ധരായ നിരവധി സ്ഥാപനങ്ങളും സംഘടനകളുമുണ്ട്. അവരെയെല്ലാം നാലയലത്ത് നിര്‍ത്തുന്നതിന്റെ രാഷ്ട്രീയം നന്മയുടെയും മേന്മയുടേതുമല്ല. അത് മുഖ്യമന്ത്രി മനസ്സിലാക്കാന്‍ വൈകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: