തിരുവനന്തപുരം: ജീവനക്കാരുടെ സാലറി ചലഞ്ചില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്നു. ഇതു സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് സൂചന നല്കി. ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് കൊറോണ ഫണ്ടായി കൊടുക്കാന്‍ ജീവനക്കാര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനിരിക്കെയാണ് പെട്ടെന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം.
രണ്ടുതവണ സാലറി ചലഞ്ചിലൂടെ ശമ്പളം വാങ്ങുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിപ്പിച്ചത്. കൊറോണ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക ഞെരുക്കം നേരിടാന്‍ ബദല്‍ വഴികള്‍ തേടാനാണ് തീരുമാനം.
കൊറോണ വ്യാപനം ആരംഭിച്ചപ്പോഴുള്ള അനുകൂല അന്തരീക്ഷമല്ല ഇപ്പോഴെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. പിആര്‍ സംവിധാനത്തിന് സമാനമായി സജ്ജീകരിച്ച സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന വാര് റൂമില്‍ നിന്നും ലഭിക്കുന്ന വിവരവും സര്‍ക്കാരിന് ആശ്വസം നല്‍കുന്നതല്ല. സ്പ്രിങ്ക്ളര്‍ ഇടപാട് ചോര്‍ന്നത് അസ്വസ്ഥരായ ഇടത് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നാണെന്ന് സര്‍ക്കാര്‍ കരുതുന്നു. അതു കൊണ്ടു തന്നെ സാലറി ചലഞ്ച് തിരിച്ചടി ഉണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെയും വിലയിരുത്തല്‍.
ഒരു വിഭാഗത്തില്‍ നിന്ന് മാത്രം എന്നും ശമ്പളം പിടിക്കാനാകില്ലെന്ന് തോമസ് ഐസക് ഇന്നലെ വ്യക്തമാക്കി. ചിലര്‍ ശമ്പളം നല്‍കാതെ മിടുക്കന്മാരാകും. എന്താണ് വേണ്ടതെന്ന് മന്ത്രിസഭ തീരുമാനിക്കുമെന്നുമാണ് ധനമന്ത്രി പറഞ്ഞത്. സാലറി ചലഞ്ച് വിജയിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വെട്ടിക്കുറവ് വരുത്തേണ്ടി വരുമെന്ന് പറയാതെ പറഞ്ഞിരുന്ന ധനമന്ത്രിയാണ് പെട്ടന്ന് നിലപാട് മാറ്റിയതെന്നതും ശ്രദ്ധേയമാണ്.
സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാനാണ് ആലോചന. സാലറി ചലഞ്ചിന് ബദല്‍ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ധനമന്ത്രി വിവിധ വകുപ്പ് മേധാവികളുമായി കൂടിയാലോചനകള്‍ നടത്തുന്നതായാണ് വിവരം. അന്തിമ തീരുമാനം മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും. ഡിഎ കുടിശികയ്ക്കൊപ്പം ഈ വര്‍ഷവും അടുത്ത വര്‍ഷവും ലീവ് സറണ്ടറും ജീവനക്കാര്‍ ലഭ്യമാക്കില്ല.
സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 2500 കോടിയാണ്. ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി സാലറി ചലഞ്ച് എന്ന ആശയത്തോട് എതിരഭിപ്രായങ്ങള്‍ തുടക്കത്തില്‍ത്തന്നെ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരുടേയും സാലറി പിടിച്ചെടുക്കുക എന്നത് പ്രായോഗികവും അല്ല. ഇത് കോടതിയില്‍ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. കഴിഞ്ഞ തവണ സാലറി ചലഞ്ചിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞത് 1500 കോടി രൂപ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: