ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ 20ന് തുടങ്ങും. ജില്ലയിലെ റേഷന്‍ കടകളിലെല്ലാം ഇന്നത്തോടെ ഇതിനുള്ള സ്റ്റോക്ക് എത്തിക്കുന്നത് പൂര്‍ത്തിയാകും. എഎവൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുകള്‍ക്ക് മാത്രമാണ് കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ ലഭിക്കുക.
കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചുകിലോ വീതം ഭക്ഷ്യധാന്യമാണ് ലഭിക്കുക. ഏപ്രില്‍, മേയ്, ജൂണ്‍ എന്നീ മൂന്നുമാസക്കാലമാണ് സൗജന്യ റേഷന്‍ അര്‍ഹത. നിലവില്‍ ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വിഹിതത്തിന് പുറമേയാണിത്. കാര്‍ഡ് ഒന്നിന് അഞ്ചുകിലോയേ കേന്ദ്രത്തിന്റെ സൗജന്യ റേഷനുള്ളൂ എന്ന തരത്തില്‍ ചിലയിടങ്ങളില്‍ വ്യാജപ്രചാരണമുണ്ടായിരുന്നു. സൗജന്യ റേഷനില്‍ തിരിമറി നടത്താന്‍ ചില കോണുകളില്‍നിന്നുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സംശയം. അതുകൊണ്ടുതന്നെ ഓരോ അംഗത്തിനും അഞ്ചുകിലോ ഭക്ഷ്യധാന്യം ലഭിക്കുമെന്ന് വ്യാപക പ്രചാരണം നടത്താനാണ് പൊതുവിതരണവകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. പൊതുവിഭാഗം കാര്‍ഡുടമകള്‍ക്ക് (നീല, വെള്ള) കേന്ദ്രത്തിന്റെ സൗജന്യ റേഷന്‍ ലഭിക്കില്ല. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയില്‍ ഇവര്‍ വരാത്തതാണ് കാരണം.
കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കു കീഴില്‍ ജിലയ്ക്ക് 17,600 മെട്രിക് ടണ്‍ അരി ലഭ്യമായി. കോവിഡ് പ്രതിസന്ധി നേരിട്ടുന്നതിന് പൊതുവിതരണ റേഷന്‍ സമ്പ്രദായത്തിലെ പാവപ്പെട്ട വിഭാഗങ്ങളായ എഎവൈ (അന്ത്യോദയ അന്ന യോജന), പിഎച്ച്എച്ച് (പ്രയോററ്റി ഹൗസ് ഹോള്‍ഡ്സ്) എന്നിവര്‍ക്ക് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മൂന്നു മാസം അഞ്ചു കിലോഗ്രാം അരി വീതം ഒരു കുടുംബത്തിലെ ഓരോ വ്യക്തിക്കും പ്രതിമാസം നല്‍കുന്നതിനാണ് ഈ ഭക്ഷ്യധാന്യം അനുവദിച്ചിരിക്കുന്നത്.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ജില്ലയ്ക്ക് സാധരണയായി നല്കി വരുന്ന 7000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിനു പുറമേയാണ് ഈ അരി അനുവദിച്ചിരിക്കുന്നതെന്ന് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ ആലപ്പുഴ ഡിവിഷണല്‍ മാനേജര്‍ എസ്. ശ്രീജിത്ത് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഈ അധികമായി അനുവദിച്ചിരിക്കുന ഭക്ഷ്യധാന്യ ശേഖരം ഈ വരുന്ന മെയ് 31ന് മുന്‍പായി എടുത്തിരിക്കണം. ഈ മാസം 16 വരെ, സംസ്ഥാനം 7000 മെട്രിക് ടണ്ണോളം അരി ഈ ശേഖരത്തില്‍നിന്ന് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: