പാരീസ്: മഹാമാരിയുടെ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്താന്‍ ആഗോള വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഫ്രാന്‍സ്. അമേരിക്കയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാധാനം പാലിക്കണമന്നും പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളുമായി ഫ്രാന്‍സ് ചര്‍ച്ച തുടങ്ങിയതായും മക്രാണ്‍ പറഞ്ഞു.
അമേരിക്കയും ചൈനയും ബ്രിട്ടനും സമ്മതം അറിയിച്ചിട്ടുണ്ട്. റഷ്യയും ഇതിനോട് അനുകൂലിക്കുമെന്നാണ് പ്രതീക്ഷ, മക്രോണ്‍ പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ബ്രിട്ടന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് എന്നവരുമായി നടത്തിയ സംഭാഷണത്തിന്റെ വിശദവിവരങ്ങള്‍ മക്രോണ്‍ വെളിപ്പെടുത്തിയില്ല. ആഗോള സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് റഷ്യയെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വക്താവ് ഡിമിട്രി പെസ്കോവ് അറിയിച്ചു. നേരത്തെ തന്നെ നയതന്ത്ര പ്രതിനിധികള്‍ ഇതിനായി ശ്രമിക്കുകയാണ്. മറ്റുള്ളവരുടെ സമ്മതം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിനായി ഉടന്‍ നടപടികളാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യെമന്‍, സിറിയ, ലിബിയ, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യങ്ങളിലെ ആരോഗ്യ മേഖല തകരാറിലാണെന്ന് കഴിഞ്ഞ ദിവസം ലോകരാഷ്ട്രങ്ങള്‍ക്ക് ഗുട്ടറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധങ്ങള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജീവന് സംരക്ഷിക്കാനുള്ള യഥാര്‍ഥ പോരാട്ടത്തിനുള്ള സമയമാണിത്. ലോകത്ത് ഒരേയൊരു യുദ്ധം മാത്രമേ ആകാവൂ. കൊറോണയ്ക്കെതിരെയുള്ള യുദ്ധം, അദ്ദേഹം പറഞ്ഞു. വൈറസിനെ ഭീകരര്‍ ആയുധമാക്കിയേക്കാമെന്നും അദ്ദേഹം മുന്നറയിപ്പു നല്‍കിയിരുന്നു.
മാര്‍പാപ്പയും വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ പിന്തുണച്ച് രംഗത്തെത്തി. ആഗോള വെടിനിര്‍ത്തല്‍ അത്യാവശ്യമാണ്. ഒപ്പം ആയുധങ്ങളും നിര്‍മാണവും അവസാനിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു. ആയുധ നിര്‍മാണത്തിനായി പണം ചെലവഴിക്കേണ്ട സമയമല്ലിത്, മറ്റുള്ളവരുടെ ജീവന് രക്ഷിക്കാനും എല്ലാവരുടെയും സുരക്ഷക്കായും അത് വിനിയോഗിക്കാനും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: