കഴിഞ്ഞ അഞ്ചു മാസമായി മനുഷ്യരാശിയെ ഒന്നാകെ ഭീതിയിലാക്കുകയും ദൈനംദിന ജീവിതത്തെ നിശ്ചലമാക്കുകയും ചെയ്ത കൊറോണ വൈറസ് എന്ന അദൃശ്യ ശത്രുവിനെ ഒരേ ലക്ഷ്യത്തോടെ, ഒരേ മനസ്സോടെ ഇന്നോളം വികസിപ്പിച്ചെടുത്ത എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളും ഉപയോഗിച്ചു നേരിടുകയാണ് നാം. ഈ അവസരത്തില്‍ കോവിഡ് 19ന്റെ വ്യാപനം എങ്ങനെ തടയാം, എന്താണ് പ്രതിവിധി, തുടങ്ങി നാം കേള്‍ക്കുന്ന കാര്യങ്ങളിലെ സത്യവും മിഥ്യയും പരിശോധിക്കാം.
രോഗ ലക്ഷണങ്ങള്‍
ഏറ്റവും പുതിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പകുതിയിലധികം ആളുകളിലും കൊറോണ വൈറസ് ഒരു രോഗലക്ഷണവും കാണിക്കാതെ വന്നു പോകും. സാമൂഹ്യ വ്യാപനത്തില്‍ ഇവരാണ് മുന്‍പന്തിയില്‍. ലക്ഷണം കാണിക്കാത്ത വൈറസ് വാഹകരായ ഇവര്‍ മറ്റുള്ളവരോട് സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കില്ലല്ലോ. തന്മൂലം കൂടുതല്‍ ആളുകളിലേക്ക് പകരും. മറ്റൊരു വിഭാഗം ചെറിയ പനിയും ചുമയുമായി സ്വയം മരുന്ന് കഴിച്ച് ഭേദമാക്കും. ഇവരും കൊറോണയുണ്ടെന്ന കാര്യമറിയാതെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നു.
മൂന്നാമതൊരു വിഭാഗമാണ് നമ്മള് ടിവി സ്ക്രീനില്‍ കാണുന്ന സ്കോര്‍ ബോര്‍ഡിന് നിദാനം. ഈ വിഭാഗത്തിന് ഉയര്‍ന്ന പനിയും ശ്വാസതടസ്സവും ഉണ്ടാവുന്നതിനെ തുടര്‍ന്ന് കൊറോണ ടെസ്റ്റിനും ചികിത്സയ്ക്കും വിധേയരാകുന്നു. ഇവരില്‍ ആഗോളതലത്തില്‍ നൂറിന് ആറുപേര്‍ എന്ന നിരക്കില്‍ മരിക്കുന്നുണ്ട്. ബാക്കിയുള്ള നൂറില്‍ 94 പേരില്‍ രോഗം ഭേദമാകുന്നു. (മേല്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ഏറ്റവും ഫലപ്രദമായി ഈ രോഗത്തെ തടയാന്‍ വാക്സിന് തന്നെ വേണം). രോഗ നിര്‍ണ്ണയം ചെയ്തവരുടെ ക്വാറന്റൈന് അത്ര ഫലപ്രദമല്ല. രോഗ ലക്ഷണമില്ലാതെ ധാരാളം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. അവരോ മറ്റുള്ളവരോ അറിയാതെ വ്യാപനം നടത്തിക്കൊണ്ടേയിരിക്കും. ലോക്ക് ഡൗണ്‍ (രോഗമുള്ളവരും ഇല്ലാത്തവരും വീട്ടില്‍ ഇരിക്കുക) മാത്രമാണ് വ്യാപനം തടയുന്നതില്‍ ഏറ്റവും കാര്യക്ഷമമായ മാര്‍ഗം. എല്ലാവരും മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സോപ്പും 70%ന് മേല്‍ ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസറും ഉപയോഗിക്കുക.
രോഗ നിര്‍ണ്ണയം കഴിഞ്ഞവര്‍ക്കുള്ള ചികിത്സ
കൊറോണ വൈറസിനെ മാത്രം ലക്ഷ്യം വച്ചുള്ള ആന്റി വൈറല്‍ മരുന്നിന്റെ അഭാവത്തില്‍ രോഗലക്ഷണങ്ങള്‍ക്കു മാത്രമാണ് ചികിത്സ. രോഗബാധിതരായവര്‍ക്ക് ഫാവിപിറവിര്‍, റെമഡീസിവിര്‍, ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ആന്റിബയോട്ടിക്കുകള്‍, മലേരിയക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നു. ഈ മരുന്ന് ഉപയോഗിച്ച് കുറഞ്ഞ ക്ലിനിക്കല്‍ ട്രയലുകളാണ് നടത്തിയിരിക്കുന്നത്. അതിന്റെ ഫലങ്ങള്‍ തമ്മിലും വലിയ പൊരുത്തങ്ങള്‍ കണ്ടിട്ടില്ല. ഹൈഡ്രോക്സി ക്ലോറോക്വിന് കൃത്രിമമായി മനുഷ്യ കോശങ്ങള്‍ വേര്‍തിരിച്ചു കൊറോണ വൈറസ് മനുഷ്യ കോശത്തിനുള്ളില്‍ കയറുന്നത് തടയുന്നുണ്ട്. എന്നാല്‍ മനുഷ്യ ശരീരത്തില്‍ ഇത് നേരിട്ട് പരീക്ഷിച്ചിട്ടില്ല. വൈറസ് അതിന്റെ സ്പൈക് പ്രോട്ടീന്‍ മനുഷ്യ കോശത്തിലെ റിസെപ്
റ്ററില്‍ കീയും ലോക്കും പോലെ ബന്ധിച്ചതിനു ശേഷം ഉള്ളിലുള്ള പ്രോട്ടീനുകളുടെ സഹായത്തോടെ മനുഷ്യ ശരീരത്തിലെ ശ്വാസകോശ സെല്ലുകളില്‍ കടന്നു കയറുന്നു. കോശങ്ങളില്‍ ഇവ പെരുകി ആ കോശത്തെ തന്നെ നശിപ്പിച്ച് ആയിരക്കണക്കിന് പുതിയ വൈറസുകള്‍ പുറത്തു വരുന്നു. തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ ശ്വാസനാളങ്ങള്‍ വഴി വെളിയില്‍ എത്തി അടുത്തുള്ളവരിലേക്കും പകരുന്നു. ഇതിന്റെ ഫലമായി ശ്വാസകോശ സെല്ലുകള്‍ നശിപ്പിക്കപ്പെടുകയും ഓക്സിജന്‍ ശ്വാസകോശം വഴി രക്തത്തിലെത്തുന്നതിനെ തടയുകയും ചെയ്യുന്നു. ഹൈഡ്രോക്സി ക്ലോറോക്വിന് നമ്മള് ഉദ്ദേശിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആ വൈറസിനെകോശത്തില് പ്രവേശിക്കുന്നതില്‍ നിന്ന് തടയുകയാണ്. അങ്ങനെയെങ്കില്‍ വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ എടുക്കുന്നതാവും ഫലപ്രദം.
വെന്റിലേറ്റര്‍ ഉപയോഗിക്കുന്നത് ശ്വാസകോശ സെല്ലുകള്‍ക്ക് നേരാംവണ്ണം ഓക്സിജന്‍ എടുക്കാന്‍ പറ്റാതെ വരുമ്പോള്‍ സഹായിക്കാന്‍ മാത്രമാണ്. രോഗ വിമുക്തിക്കല്ല. മരുന്ന് കഴിച്ചു ശ്വാസകോശത്തിന് സാധാരണ രീതിയില്‍ പ്രവര്ത്തിക്കാനാവുമ്പോള് വെന്റിലേറ്റര്‍ മാറ്റാം. ഏകദേശം ഇതേ രീതിയില്‍ തന്നെയാണ് വാക്സിന് വികസിപ്പിച്ചെടുക്കുന്നതും. വൈറസിന്റെ പുറത്തു കാണുന്ന പ്രോട്ടീന്‍ ലക്ഷ്യം വച്ചാണ് വാക്സിന് വികസിപ്പിക്കുന്നത്. വാക്സിന് വികസിപ്പിക്കുന്നതില്‍ പല സ്റ്റേജുകളുണ്ട്. ആദ്യ സ്റ്റേജില്‍ ഏകദേശം മുപ്പതു ലാബുകളെങ്കിലും പൂര്‍ത്തിയാക്കണം. രണ്ടാമത്തെ സ്റ്റേജില്‍ ആരോഗ്യമുള്ള ആളുകളില്‍ പരീക്ഷിച്ചു മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണം. മൂന്നാം സ്റ്റേജില്‍ നൂറുകണക്കിന് ആളുകളില്‍ പരീക്ഷിച്ചതിനു ശേഷം അവരില്‍ ഈ വൈറസ് പ്രവേശിക്കില്ലെന്ന് ഉറപ്പു വരുത്തണം. ഇതിന് മാസങ്ങള്‍ വേണ്ടി വരും.
കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആന്റിബോഡി ടെസ്റ്റുകള്‍ ശരിയായിട്ടുണ്ട്. നമ്മുടെ ശരീരത്തില്‍ വൈറസ് ബാധയുണ്ടായാല്‍ ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ശരീരത്തില്‍ സ്വയം പ്രതിരോധ അന്റോബോഡികള് നിര്‍മ്മിക്കും. ആദ്യ ആഴ്ച രക്തത്തില്‍ ഐജിഎം, അതിനു ശേഷം ഐജിജി, ശ്വാസകോശപ്രതലത്തില് ഐജിഎ എന്നീ ആന്റിബോഡികളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ആന്റിബോഡി ടെസ്റ്റ് വഴി ഈ മൂന്നു ആന്റിബോഡികളുടെയും നിര്‍ണ്ണയം സാധ്യമാകും. ഈ മാര്‍ഗത്തില്‍ കൂടി എല്ലാവരെയും സ്ക്രീന്‍ ചെയ്യാന്‍ കഴിയും. ബിസിജി (ബസില്ലെ കാല്മേറ്റെ-ഗ്വേറൈന്) വാക്സിനേഷന് നിര്‍ബന്ധമാക്കിയിട്ടുള്ള രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപനം കുറവാണ്. ബിസിജി ട്യൂബെക്യുലോസിസ് എന്നത് ക്ഷയ രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള വാക്സിനാണ്. ഒട്ടു മിക്ക വികസിത രാജ്യങ്ങളിലും ഇത് നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുള്ളതിനാല്‍ വാക്സിന് നിര്‍ബന്ധിതമല്ലെന്നു മാത്രമല്ല കൊടുക്കാറേയില്ല. പക്ഷെ ആരോഗ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധമാണ് താനും.
മനുഷ്യരുടെ രോഗപ്രതിരോധ ശക്തി ഇത് കൂട്ടുമെന്നതിനും തെളിവില്ല. കോവിഡ് 19 വൈറസ് പകര്‍ച്ചവ്യാധിയാണ് എന്നാല്‍ ട്യൂബെക്യുലോസിസിനു കാരണം ബാക്ടീരിയ ആണ്. വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ബിസിജി വാക്സിന് തുടര്‍ പഠനങ്ങള്‍ നടത്താതെ മനുഷ്യര്‍ക്ക് കൊടുക്കാന്‍ സാധ്യമല്ല. ഈ ചോദ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: