രാജ്യത്ത് കൊറോണ വ്യാപിക്കുമ്പോഴും സംസ്ഥാനത്ത് അതിന്റെ വ്യാപനം തടഞ്ഞ കേരളത്തിലെ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചെഴുതിയ ലേഖനത്തില്‍ തിരുത്തല്‍ വരുത്തി വാഷിങ്ടണ്‍ പോസ്റ്റ്. കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടം കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുടേത് മാത്രമാക്കി ചിത്രീകരിച്ച് എഴുതിയ ലേഖനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും നിരവധി പേര് പത്ര മാനേജ്മെന്റിന് വസ്തുതകള്‍ അടക്കം ചൂണ്ടിക്കാട്ടി പരാതികളയക്കുകയും ചെയ്തു. ഇതോടെയാണ് യാഥാര്‍ത്ഥ്യം മനസ്സിലാക്കി പത്രം തലക്കെട്ടിലും ഉള്ളടക്കത്തിലും തിരുത്തല്‍ വരുത്താന്‍ തയ്യാറായത്.
വെല്‍ക്കം ട്രസ്റ്റ്, ഡി.ബി.ടി ഇന്ത്യ അലൈന്‍സ് എന്നിവയുടെ സി.ഇ.ഒ ആയ ഷാഹിദ് ജമീലിന്റേതായി വന്ന ഉദ്ധരണികളെ അടിസ്ഥാനപ്പെടുത്തി തെറ്റായ തലക്കെട്ടാണ് പഴയ ലേഖനത്തില്‍ നല്‍കിയിരുന്നത്. പരിഷ്ക്കരിച്ച ലേഖനത്തിന്റെ ഉള്ളടക്കത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എന്നത് തിരുത്തിയിട്ടുണ്ട്.
1950-ന് ശേഷം അധികാരത്തിലിരുന്ന വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ നേതൃത്വം നല്കിയ സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസത്തിനും സാര്‍വ്വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി വലിയ രീതിയില്‍ നിക്ഷേപം നടത്തി. അതുകൊണ്ട് ഉയര്‍ന്ന സാക്ഷരതയുണ്ടായി. ഒപ്പം ഏറ്റവും മികച്ച പൊതുജന ആരോഗ്യ സംവിധാനങ്ങളുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: