പുനലൂര്‍(കൊല്ലം): ലോക് ഡൗണിന്റെ ഭാഗമായി നിയന്ത്രണം നിലനില്‍ക്കെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും മാതാപിതാക്കളും സ്റ്റേഷനില്‍ കഴിയേണ്ടിവന്നത് അഞ്ചുമണിക്കൂര്‍. മതിയായ രേഖകള്‍ കാണിച്ചിട്ടും ഇവരെത്തിയ വാഹനമടക്കം പുനലൂര്‍ സ്റ്റേഷനില്‍ പിടിച്ചു വയ്ക്കുകയായിരുന്നു. സിസേറിയന് വിധേമായ യുവതിക്കാണ് ഈ ദുരനുഭവം നേരിടേണ്ടിവന്നത്.
പത്തനാപുരം പുന്നല ചരിവിള പുത്തന്‍വീട്ടില്‍ അജേഷ്ലിജി ദമ്പതികളാണ് തങ്ങളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പോലീസ് സ്റ്റേഷനില്‍ മണിക്കൂറുകള്‍ നരകയാതന അനുഭവിച്ചത്. കുഞ്ഞിന് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഇരുവരും കുഞ്ഞുമായി സമീപവാസിയുടെ ആട്ടോയില്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഓട്ടോ പുറത്ത് ഇടുന്നതിനായി ഇറങ്ങിയപ്പോള്‍ പോലീസ് ബലമായി പിടിച്ചെടുത്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് മരുന്നും വാങ്ങി പുറത്തിറങ്ങിയ ദമ്പതികള്‍ വാഹനം കാണാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചു. സ്റ്റേഷനിലുണ്ടെന്നറിഞ്ഞ് അവിടെയെത്തി.
ആശുപത്രിയിലെ ചികിത്സാരേഖകളും മറ്റും സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ കാണിച്ചെങ്കിലും അവര്‍ വണ്ടി വിട്ടുനല്‍കിയില്ല. ഈ ആട്ടോക്കു പകരം മറ്റൊരു വാഹനം ഏര്‍പ്പെടുത്താമെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ നിര്‍ധനരായ ഇവര്‍ക്ക് അതിന്റെ കൂലി നല്‍കാനുള്ള സാമ്പത്തികം കൈവശമുണ്ടയിരുന്നില്ല. താന്‍ സിസേറിയന് വിധേയയായിരുന്നെന്നും കടുത്ത ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും ലിജി വനിതാ പോലീസുകാരോട് പറഞ്ഞെങ്കിലും മറുപടി വളരെ പരുഷമായിരുന്നെന്ന് ദമ്പതികള്‍ പറയുന്നു. അവസാനം വൈകിട്ട് നാലുമണിയോടെ ഓട്ടോയുടെ രേഖകള്‍ പിടിച്ചുവച്ചശേഷം പോലീസ് വണ്ടി വിട്ടുകൊടുക്കുകയായിരുന്നു.
പരിശോധിക്കുമെന്ന് റൂറല്‍ എസ്പി
കൊല്ലം: പതിനഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞും സിസേറിയന് കഴിഞ്ഞ അമ്മയും പോലീസ് സ്റ്റേഷനില്‍ അഞ്ചുമണക്കൂര് കാത്തുനില്ക്കേണ്ടിവന്ന സംഭവം അന്വേഷിക്കുമെന്ന് റൂറല്‍ എസ്പി എസ്. ഹരിശങ്കര്‍ ജന്മഭൂമിയോടു പറഞ്ഞു. സംഭവം ഇതുവരെ ആരും ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ വിശദമായ അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം: സിസേറിയന് കഴിഞ്ഞ അമ്മയും 15 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും പോലീസ് സ്റ്റേഷനില്‍ അഞ്ചുമണിക്കൂര്‍ കഴിയേണ്ടിവന്ന സംഭവം ഞെട്ടിക്കുന്നതാണെന്ന് വനിതാ കമ്മീഷനംഗം ഷാഹിദ കമാല്‍ ജന്മഭൂമിയോടു പറഞ്ഞു. ഇതേക്കുറിച്ച് നേരിട്ടന്വേഷിക്കും. വാഹനം പരിശോധിക്കുന്നതിനോ ആവശ്യമെന്നു കണ്ടാല്‍ പിടിച്ചെടുക്കുന്നതിനോ പോലീസിന് അധികാരമുണ്ട്. പക്ഷേ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ ആ അമ്മയെയും കൈക്കുഞ്ഞിനെയും സ്റ്റേഷനിലിരുത്താതെ വീട്ടിലെത്തിക്കാനുള്ള കടമ പോലീസിനുണ്ട്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കും. തീര്‍ച്ചയായും നടപടിയും സ്വീകരിക്കും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: