തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ 268 യു കെ പൗരന്മാരുമായി ആദ്യ വിമാനം സംസ്ഥാനത്ത് നിന്നും ലണ്ടനിലേക്ക് യാത്രയായി.
വൈകീട്ട് ഏഴരയോടെയാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ചാര്‍ട്ടേര്‍ഡ് വിമാനം തിരുവനന്തപുരത്ത് നിന്ന് 110 യാത്രക്കാരുമായി പറന്നുയര്‍ന്നത്. കൊച്ചിയില്‍ നിന്നുളള 158 യാത്രക്കാരെയും കയറ്റിയാണ് വിമാനം ലണ്ടനിലേക്ക് യാത്രയായത്.
ബ്രിട്ടീഷ് പൗരന്മാരെ കൂടാതെ ആസ്ട്രിയ, കാനഡ, പോര്‍ച്ചുഗല്‍, അയര്‍ലാന്റ്, ലിത്വേനിയ എന്നീ രാജ്യങ്ങളിലെ ഏതാനും പൗരന്മാരും സംഘത്തിലുണ്ട്.
കൊവിഡ് 19 പോസറ്റീവാണെന്നു കണ്ടെത്തി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ സുഖം പ്രാപിച്ച ഏഴ് ബ്രിട്ടീഷ് പൗരന്മാരും ഈ സംഘത്തിലുണ്ട്. കേരളം സന്ദര്‍ശിക്കാനെത്തിയ 19 അംഗ സംഘത്തിലുള്ളവരായിരുന്നു ഇവര്‍.
ബംഗളുരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലെ ഡെപ്യൂട്ടി സ്ഥാനപതി ജെറമി പിലിമോര്‍ ബെഡ്ഫോര്‍ഡ് കൊച്ചി വിമാനത്താവളത്തിലെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
കൊവിഡ് 19 പടര്‍ന്നു പിടിക്കുന്നത് തടയുന്നതിനു വേണ്ടി മാര്‍ച്ച് 23 മുതലാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
യു കെ പൗരന്മാരെ സ്വദേശത്തേക്ക് അയക്കാന്‍ സാധിച്ചതില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചാരിതാര്‍ത്ഥ്യം പ്രകടിപ്പിച്ചു. അതിഥി ദേവോ ഭവ: എന്ന സംസ്ക്കാരം ഉയര്‍ത്തിപ്പിടിച്ചാണ് ഇവരെ സംസ്ഥാനത്ത് സംരക്ഷിച്ചു പോന്നത്. കൊവിഡ് രോഗബാധിതരായ എല്ലാ വിദേശ പൗരന്മാരുടെയും ചികിത്സാചെലവുകള്‍ സംസ്ഥാനം നേരിട്ടാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് വിദേശ പൗരന്മാരുടെ താമസവും ഭക്ഷണവും ടൂറിസം വകുപ്പാണ് ഏര്‍പ്പാടു ചെയ്തതെന്ന് സെക്രട്ടറി റാണി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. കൊറോണ ഹെല്പ് ഡെസ്ക് സ്ഥാപിച്ചതുള്‍പ്പെടെ ടൂറിസം വകുപ്പിന്ന്റെ ആതിഥ്യം മികച്ചതായിരുന്നെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ ഏറ്റവുമധികം ബ്രിട്ടനില്‍ നിന്നാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. കേരളത്തിലെത്തുന്ന ആകെ വിദേശ ടൂറിസ്റ്റുകളുടെ നാലിലൊന്ന് വരുമിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞിരുന്ന വിദേശ ടൂറിസ്റ്റുകളുമായി മടങ്ങിയ മൂന്നാമത്തെ വിമാനമാണിത്. നേരത്തെ ജര്‍മ്മനിയില്‍ നിന്നുള്ള 232 പേരും ഫ്രാന്‍സില്‍ നിന്നുള്ള 112 പേരും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: