കൊച്ചി: എത്രയോ പേരാണ് വിളിച്ചത്…ആരെയെങ്കിലും ഒന്നു വിളിക്കാനും കുറച്ചു നേരം കാര്യങ്ങള്‍ തുറന്നു സംസാരിക്കാനും കാത്തിരിക്കുകയായിരുന്നു ചിലര്‍…ലോക്ഡൗണ്‍ ദിവസങ്ങളില്‍ തന്റേതായി എന്തെങ്കിലും ചെയ്യാനാണ് റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ഇന്റസ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടത്.
ലോക്ഡൗണില്‍പ്പെട്ട് വീട്ടിലിരിക്കുന്നവര്‍ക്ക് ആരോടെങ്കിലും തുറന്ന് സംസാരിക്കണം എന്നുണ്ടെങ്കില്‍ എന്നെ വിളിച്ചോളൂ, ഇത് ആരും ദുരുപയോഗം ചെയ്യില്ല എന്നു കരുതുന്നു, എന്നായിരുന്നു അശ്വതിയുടെ പോസ്റ്റ്. ലോക്ഡൗണ്‍ കാലത്ത് കാക്കനാട്ടെ ഫഌറ്റില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതില്‍ നിന്ന് കുറച്ച് സമയം മറ്റുവള്ളവര്‍ക്കായി മാറ്റിവയ്‌ക്കണമെന്നാണ് അശ്വതി കരുതിയത്.
മറ്റുള്ളവരുടെ ഫീലിങ്‌സ് മനസിലാക്കി സംസാരിക്കാന്‍ കഴിവുള്ള നിനക്ക് വീടുകളില്‍ അടച്ചിരിക്കുന്നവരുമായി സംസാരിച്ചു കൂടേ എന്ന് ഭര്‍ത്താവ് ശ്രീകാന്താണ് ആദ്യം ചോദിച്ചത്. നല്ലൊരു കേള്‍വിക്കാരിയായ അശ്വതിയോട് പല സ്ത്രീകളും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും സംസാരിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ അതിനു കൂടുതല്‍ പ്രസക്തിയുണ്ടെന്നു തോന്നി. തുടര്‍ന്നാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
വളരെ നല്ല രീതിയിലാണ് ആളുകള്‍ ഇതിനോട് പ്രതികരിച്ചത്. മറ്റൊരു കൂട്ടരുണ്ട്. എല്ലാം നെഗറ്റിവിറ്റിയുമായി നടക്കുന്നവര്‍. ഈ പെണ്ണിന് വേറെ പണിയില്ലേ? ഇതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നേ, എന്നൊക്കെ പറയുന്നവര്‍. ചിലര്‍ മുന്നറിയിപ്പുകളാണ് തന്നത്. ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള അവസരങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരാണ് കൂടുതല്‍ എന്നൊക്കെ. ഒരുപാടു പേരുമായി സംസാരിച്ചു. ഒരു ദിവസം ഏഴു പേരോട് വരെ സംസാരിച്ചിട്ടുണ്ട്. ചിലര്‍ക്ക് പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. വെറുതെ സംസാരിക്കാനായി മാത്രം വിളിക്കുന്നവര്‍ വേറെ.
ഒരു കാന്‍സര്‍ രോഗിയുമായി സംസാരിച്ചത് ഓര്‍ക്കുന്നു. പോസിറ്റീവായ മനുഷ്യന്‍. എനിക്കിങ്ങനെ സന്തോഷവാനായിരിക്കാന്‍ കഴിയുമെങ്കില്‍ മറ്റുള്ളവര്‍ക്കും കഴിയും, എന്നാണ് അദ്ദേഹം പറഞ്ഞത്. അശ്വതിയെ വിളിക്കുന്നവരോട് ഇക്കാര്യം പറയണമെന്നും ആവശ്യപ്പെട്ടാണ് ആ കോള്‍ അവസാനിപ്പിച്ചത്.
പിന്നൊരാള്‍ വിളിച്ചു. അമ്മയ്‌ക്കായി ജീവിതം മാറ്റി വച്ച ഒരു യുവാവ്. ശരിക്കും അത്ഭുതം തോന്നി. വിദേശത്തായിരുന്നു അയാള്‍. അമ്മയ്‌ക്ക് വയ്യാതായതോടെ നാട്ടിലെത്തി. ഇപ്പോള്‍ മുഴുവന്‍ സമയവും അമ്മയ്‌ക്കൊപ്പം. പുതുതലമുറയ്‌ക്ക് മാതൃകയാണ് അയാള്‍.
നല്ല പഠിപ്പുണ്ടായിട്ടും ജോലിക്കു പോകാന്‍ പറ്റാത്തതിന്റെ വിഷമമാണ് സ്ത്രീകളില്‍ ഏറെപ്പേരും പങ്കുവയ്‌ക്കുന്നത്. ചിലര്‍ക്ക് ഭര്‍ത്താവിന്റെ അനുവാദം വേണം. ഭര്‍ത്താവ് സമ്മതിച്ചിട്ടും അദ്ദേഹത്തിന്റെ അമ്മ സമ്മതം മൂളാത്തതിന്റെ വിഷമം മറ്റു ചിലര്‍ക്ക്. എന്തിന് ഒന്നു പുറത്തോട്ടിറങ്ങണമെങ്കിലും ചോദ്യവും പറച്ചിലും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ പലരും ചിരിച്ചേക്കാം. പക്ഷേ പലരും ഇതൊക്കെ സഹിക്കാന്‍ കഴിയാതെയാണ് ജീവിക്കുന്നത്. ഇങ്ങനെയുള്ളവരോട് രണ്ട് വാക്ക് സംസാരിക്കുമ്പോള്‍ അവര്‍ക്ക് ആശ്വാസമാകുമ്പോള്‍ ഒരു സന്തോഷമാണ്, അശ്വതി പറയുന്നു.
ഭര്‍ത്താവ്, മകള്‍ പദ്മ, ശ്രീകാന്തിന്റെ അച്ഛന്‍ കെ.കെ.പി. നായര്‍, അമ്മ സതികുമാരി എന്നിവര്‍ക്കൊപ്പമാണ് അശ്വതി. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുന്‍പാണ് ശ്രീകാന്ത് യുഎഇയില്‍ നിന്നെത്തിയത്. അതില്‍ വലിയ ആശ്വാസത്തിലാണ് കുടുംബം. ഒന്നാം ക്ലാസുകാരി പദ്മയ്‌ക്കൊപ്പം മിഠായി കഥയുടെ ഷൂട്ടും സ്ഥിരമാക്കിയിട്ടുണ്ട്. പുതിയ കഥയെഴുത്തിന്റെ ആലോചനയിലാണ് അശ്വതിയിലെ എഴുത്തുകാരി. ഡാന്‍സും പാട്ടും പാചക പരീക്ഷണവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: