കൊയിലാണ്ടി: വിഷു ആഘോഷത്തിന് വേണ്ടി ഏറെ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഒരുക്കിയെങ്കിലും വിറ്റുപോകാത്തതില്‍ രാജസ്ഥാനി കുടുംബങ്ങള്‍ക്ക് നിരാശയില്ല. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ അനുസരിച്ച് ആഘോഷങ്ങള്‍ കുറച്ചപ്പോള്‍ അത് മഹാമാരിയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പാണെന്ന സമാധാനത്തിലാണവര്‍. പൂക്കാട് ദേശീയപാതയോരത്ത് വര്‍ഷങ്ങളായി പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ശില്പങ്ങളുണ്ടാക്കി കഴിയുകയാണ് അഞ്ചോളം കുടുംബങ്ങള്‍. പാതയോരത്ത് തന്നെ കൂരകളില്‍ കഴിയുകയാണ് ഇവര്‍.
സാധാരണ വിഷുക്കാലത്താണ് ഏറ്റവും കൂടുതല്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ ഇവിടെ വില്‍ക്കുന്നത്. ഈ വര്‍ഷം വിഷു ആഘോഷം ഇല്ലാത്തതിനാല്‍ കച്ചവടം വളരെ കുറവാണ്. സാധാരണ ദൂരദേശത്തുള്ളവര്‍ പോലും കുടുംബസമേതം ഇവിടെയെത്തി കൃഷ്ണവിഗ്രഹങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍ വാഹനങ്ങളില്ലാത്തതിനാല്‍ അതും ഇല്ലാതായി.
രാജസ്ഥാനില്‍ നിന്നും എത്തിയ അഞ്ച് കുടുംബങ്ങളില്‍ കുട്ടികളടക്കം 38 അംഗങ്ങളാണുള്ളത്. അവരിപ്പോള്‍ നാട്ടുകാര്‍ക്ക് അതിഥികളല്ല, വീട്ടുകാര്‍ തന്നെയാണ്. കൂരകളില്‍ വൈദ്യുതി കിട്ടാത്തതിനാല്‍ സോളാര്‍ കണക്ഷന് നല്‍കിയാണ് പ്രാദേശിക ഭരണകൂടം അവരെ സഹായിക്കുന്നത്. കുട്ടികള്‍ തൊട്ടടുത്ത വിദ്യാലയങ്ങളില്‍ പഠിക്കുകയാണിപ്പോള്‍.
സര്‍ക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ക്ക് പുറത്തിറങ്ങാനാവാതായി. സേവാഭാരതി പ്രവര്‍ത്തകരെത്തി ഇവര്‍ക്കു വേണ്ട ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ഇവരുടെ ഭക്ഷണത്തിന് അത്യാവശ്യമായ ആട്ട മാവേലി സ്റ്റോറിലൂടെയും മറ്റും എത്തിക്കാനുള്ള സൗകര്യം സര്‍ക്കാരും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: