കൊച്ചി: കൊറോണ(കൊവിഡ് 19) ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനം തര്‍ക്കങ്ങളെ തുടര്‍ന്ന് വൈകുന്നു. ഫണ്ടിലേക്കു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുകോടി രൂപ നല്കിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോഴും വാദപ്രതിവാദങ്ങളുടെ പേരില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ തീരുമാനം വൈകുന്നത്.
ലോക്ക്ഡൗണ്‍ മൂലം ദേവസ്വം ബോര്‍ഡ് ഭരണസമിതി യോഗം ചേരാത്തതിനാല്‍ അന്തിമ തീരുമാനം കൈക്കൊള്ളാനായിട്ടില്ല. കഴിഞ്ഞതവണ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം അഞ്ചുകോടി രൂപ നല്‍കിയിരുന്നു. ഇതിനെതിരേ ചില വ്യക്തികള്‍ ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണു ദേവസ്വം ബോര്‍ഡിലെ ചില അംഗങ്ങള്‍ പുനരാലോചന ആവശ്യപ്പെട്ടിരിക്കുന്നത്. വഴിപാട് പണം ദേവസ്വത്തിന്റെ കാര്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ചില ഭരണകക്ഷി അംഗങ്ങളും ദേവസ്വം ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളില്‍ ചിലരും ബോര്‍ഡിലെ ഉദ്യോഗസ്ഥ സംഘടനകളില്‍പ്പെട്ടവരും വന്‍തുക സംഭാവന ചെയ്യുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
നിലവില്‍ 20 കോടിയിലേറെ രൂപ പ്രതിമാസ നഷ്ടത്തിലാണു ബോര്‍ഡ് എന്നാണ് ഇവര്‍ പറയുന്നത്. ദേവസ്വം ബോര്‍ഡ് ഫണ്ടില്‍നിന്നു ക്ഷേത്രവികസനത്തിനല്ലാതെ തുക ഉപയോഗിക്കരുത്. ശമ്പളത്തിനും ക്ഷേത്ര അനുബന്ധ ചെലവുകള്‍ക്കുമായി പ്രതിമാസം 22 കോടി രൂപയാണു നീക്കിവയ്ക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബോര്‍ഡിനു വരുമാനമില്ല. പ്രളയ സമയത്ത് ക്ഷേത്ര വരുമാനം ഉണ്ടായിരുന്നു. അന്നു ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കിയത് ഭരണകക്ഷി പ്രതിനിധികള്‍ക്ക് തോന്നിയതുപോലെയാണെന്ന ആക്ഷേപമാണ് എതിര്‍ക്കുന്നവര്‍ ഉന്നയിച്ചത്.
കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടി രൂപയെങ്കിലും ദേവസ്വം ബോര്‍ഡ് നല്‍കണമെന്ന പൊതുധാരണയിലാണ് അന്തിമ തീരുമാനം വേണ്ടത്. എന്നാല്‍, ഈ തുക ദേവസ്വത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയില്‍ അധികമാണെന്ന വാദമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: