ലോകമെമ്പാടും കൊറോണ വൈറസ് പടരുമ്പോഴും പല മേഖകളില്‍ നിന്നായി രോഗത്തിന്റെ ഉത്ഭവത്തെ കുറിച്ചും മറ്റും തര്‍ക്കങ്ങളും സംശയങ്ങളും ഉയരുന്നുണ്ട്. ചൈനയിലെ വുഹാന്‍ നഗരമാണ് വൈറസിന്റെ ഉദ്ഭവ മേഖലയെന്ന വാദങ്ങളും മറുവാദങ്ങളുമുണ്ട്. അതിനിടെയാണ് പുതിയൊരു പ്രശ്നം ഉടലെടുത്തിരിക്കുന്നത്. കൊറോണ ഉദ്ഭവവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന. നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പല പഠനങ്ങളും വെബ്സൈറ്റില്‍നിന്ന് പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. എല്ലാ പഠനങ്ങളും പ്രസിദ്ധീകരിക്കുന്നതിനു മുന്‍പായി അനുമതി വാങ്ങിയിരിക്കണമെന്നാണ് ചൈനയുടെ പുതിയ നിര്‍ദ്ദേശം.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പാണ് നിര്‍ദേശം ഇറക്കിയത്. തയാറാക്കുന്ന പഠനങ്ങള്‍ വകുപ്പിലേക്ക് അയയ്ക്കണം. വകുപ്പ് ഇതു പരിശോധിക്കുന്നതിനുവേണ്ടി തയാറാക്കിയിരിക്കുന്ന കൗണ്‍സിലിലേക്ക് അയയ്ക്കും. ഇവര്‍ ഇതു പഠിച്ചശേഷം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്ന് സര്‍വകലാശാലകളെ അറിയിക്കും. പഠനത്തിന്റെ അക്കാദമിക മൂല്യവും ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത് അനുയോജ്യമാണോ എന്നതാണ് കൗണ്‍സില്‍ പരിശോധിക്കുക.
ഡിസംബറില്‍ ചൈനീസ് നഗരമായ വുഹാനിലാണ് വൈറസ് ആദ്യമായി പടര്‍ന്നുപിടിച്ചത്. നിലവില്‍ ഒരു ലക്ഷത്തിലധികം പേരാണ് ലോകവ്യാപകമായി രോഗം ബാധിച്ചു മരിച്ചത്. ഇതേത്തുടര്‍ന്ന് വുഹാനില്‍ വൈറസ് ആദ്യമായി ഉദ്ഭവിച്ചത് എങ്ങനെ?, മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഇതു പകര്‍ന്നത് എങ്ങനെ? തുടങ്ങിയ കാര്യങ്ങള്‍ ആണ് പല ഗവേഷകരും പഠനവിധേയമാക്കിയത്. പല പഠനങ്ങളും സര്‍ക്കാരിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവരാന്‍ ചൈന തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചു പ്രതികരിക്കാന്‍ അധികൃതര്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: