ഭാഷയില്‍ നിന്ന് സൗന്ദര്യം കണ്ടെത്തുന്നവരാണ് സാഹിത്യ പ്രതിഭകളെങ്കില്‍ ശിലകളില്‍നിന്നും സൗന്ദര്യം സംസ്കരിച്ചെടുക്കുന്നവരാണല്ലോ ശില്പികള്, ചിത്രകാരന്മാര്. ആദിമകാലങ്ങളില്‍ സാഹിത്യവും കലയും ആ കാവ്യാത്മകതയില്‍ നിന്നുളള സൗന്ദര്യ രൂപങ്ങളായിരുന്നു. കവി, ചിത്രകാരന്, ശില്പി, ദാര്ശനികന്, ആര്‍ക്കിടെക്റ്റ്, ശാസ്ത്രജ്ഞര്‍ തുടങ്ങി സര്‍വ്വകലയുടെയും യജമാനനായ മൈക്കലാഞ്ചലൊ ഡി ലോഡോവിക്കോ ബുനോ ഇറ്റലിയിലെ ഫ്ളോറന്‍സിനടുത്തു കപ്രീസ് എന്ന ഗ്രാമത്തില്‍ ലുടോവിക്കോ ഡിയുടെയും ഫ്രാന്‍സിക്കായുടെയും മകനായി 1475 മാര്‍ച്ച് 6 ന് ജനിച്ചു.
മൈക്കലാഞ്ചലൊയെ ഞാന്‍ കാണുന്നത് വ്യാസമഹര്‍ഷി, വാല്മീകി മഹര്‍ഷി എന്നിവര്‍ക്കൊപ്പമാണ്. മനുഷ്യര്‍ ക്ഷണികമായ ജീവിതസുഖങ്ങളില് മുഴുകുമ്പോള്‍ ഈ മഹദ്വ്യക്തികള് മനുഷ്യകുലത്തിന് സമ്മാനിച്ചത് അനന്തമായ ആത്മാനുഭൂതി സംസ്കാരമാണ്. നമ്മുടെ വേദങ്ങളില്‍ ജ്ഞാനമെന്നാല് ബ്രഹ്മം എന്നാണല്ലോ. വ്യാസ മഹര്‍ഷി ലോകചരിത്രത്തിനു നല്‍കിയത് മഹാഭാരതവും, വാല്മീകി നല്‍കിയത് ആദികാവ്യമായ രാമായണവുമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ സാഹിത്യത്തിനൊപ്പം ആത്മീയ ദര്ശനികഭാവമുളള മനോഹരങ്ങളായ ശില്പങ്ങളും ചിത്രങ്ങളും വാസ്തുശാസ്ത്രവുമുണ്ടായി. ഈ മഹാപ്രതിഭകളുടെ സൃഷ്ടികില്‍ നിറഞ്ഞുനില്ക്കുന്നത് ഉദാത്തമായ മാനവികതയാണ്, സ്നേഹമാണ്. ആത്മാവിന്റെ അര്‍ഥവും ആഴവും ആനന്ദവുമറിയാത്തവര്‍ ഈ മനോഹര സൃഷ്ടികളെ മതചിഹ്നങ്ങളാക്കി ആദ്ധ്യാത്മികതയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തി മതസംസ്കാരത്തിലേക്ക് വഴി നടത്തുന്നു.
റോമിലെ സിസ്റ്റയിന്‍ ചാപ്പല്‍ പുണ്യാത്മകളുടെ കാലടിപ്പാടുകള്‍ പതിഞ്ഞ മണ്ണാണ്. ആനന്ദലഹരിയോടെ അതിനുളളിലെ വര്‍ണ്ണോജ്വലമായ നഗ്നചിത്രങ്ങള്‍ കണ്ട് എന്റെ മനസ്സ് വസന്തം പൂത്തലയുന്ന ദിവ്യാനുഭൂതിയിലേക്ക് വഴുതിവീണു. എഡി 1477-1481 ല്‍ പോപ്പിന്റെ കൊട്ടാരത്തിനടുത്തുള്ള ചാപ്പല്‍ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നത് പോപ്പ് സിക്സ്റ്റസ് നാലാമാനാണ്. ഏകദേശം ആറായിരത്തി ഇരുന്നൂറ് ചതുരശ്രയടി ചുറ്റളവും അറുപത് അടി ഉയരവുമുണ്ട്. സഞ്ചാരികള്‍ക്ക് തല മുകളിലേക്കുയര്‍ത്തി മാത്രമേ ഈ സുന്ദരചിത്രങ്ങള്‍ കാണാന്‍ സാധിക്കൂ. അവിടെ ഒരു ചിത്രകാരന് ഇതൊക്കെ വരയ്ക്കുമ്പോള്‍ ആ കണ്ണും കാതും കഴുത്തും എത്രമാത്രം ആ മനസ്സിനെ, ശരീരത്തെ വേദനിപ്പിച്ചു കാണുമെന്ന് ആരും ഓര്‍ത്തു പോകും. സുന്ദരിമാരായ മാലാഖമാരെ നഗ്നരായി വരച്ചിരിക്കുന്നത് കൗതുകത്തോടെയാണ് കണ്ടത്. ഈശ്വരന്റെ സൃഷ്ടിയില്‍ എല്ലാം നഗ്നരാണ്. ആദിമ മനുഷ്യര്‍ നഗ്നരായിരുന്നപ്പോള്‍ ആധുനിക മനുഷ്യര്‍ അതില്‍നിന്ന് മോചനം നേടി.
1508-1512 ലാണ് പോപ്പ് ജൂലിയാസ് രണ്ടാമന് സിസ്റ്റയിന്‍ ചാപ്പലിലെ ചിത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മൈക്കലാഞ്ചലൊയെ ഏല്‍പ്പിക്കുന്നത്. അതില്‍ ആരെയും ആശ്ചര്യപ്പെടുത്തുന്ന ലോകാത്ഭുത സൃഷിയായി കണ്ടത് യേശുവിന്റെ അന്ത്യവിധി എന്ന ചിത്രമാണ്. സ്വര്‍ഗ്ഗത്തില്‍നിന്ന് മണ്ണിലെത്തിയ ദിവ്യ പ്രകാശമായി അതവിടെ നിറയുന്നു. ഇതില്‍ യേശുക്രിസ്തു മന്യഷ്യവര്‍ഗ്ഗത്തെ വിധിക്കുന്ന ന്യായാധിപനാണ്. ദൈവദൂതന്മാര് കാഹളം മുഴക്കുന്നു. മാലാഖമാര്‍ ഒരു പുസ്തകത്തില്‍ നന്മതിന്മകളുടെ കണക്കുകള്‍ നിരത്തി ഒരുകൂട്ടരെ സ്വര്‍ഗ്ഗത്തിലേക്കും, മറ്റൊരു കൂട്ടരെ നരകത്തിലേക്കുമയയ്ക്കുന്നു. ഇതില്‍ ക്രിസ്തുവിനു താഴെ നഗ്നനായ ഒരാളിന്റെ കൈയികളില്‍ മിന്നുന്ന കത്തിയും മൈക്കിളിന്റെ ഉരിച്ച തോലുമായി നില്‍ക്കുന്നതിനെ സൂചിപ്പിക്കുന്നത് നീണ്ട വര്‍ഷങ്ങള്‍ തന്നെ പീഡിപ്പിച്ച് ഭയപ്പെടുത്തി പണി ചെയ്യിപ്പിച്ച പോപ്പ് ജൂലിയസ് രണ്ടാമനെയാണ്. അതിനെക്കാള്‍ ദയനീയമായി കണ്ടത് മൈക്കളിനെ മാനസികവും ശാരീരവുമായി തളര്‍ത്തിയ, വിലയ്ക്കെടുത്ത ഒരടിമയെപ്പോലെ കണ്ട ബൈഗോമിനോ കര്‍ദ്ദിനാളിന്റെ ശരീരത്ത് ഒരു പാമ്പ് ചുറ്റിവരിഞ്ഞ് കര്‍ദ്ദിനാളിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുന്നതാണ്.
അധികാരത്തിന്റെ അഹന്തയില്‍ മതിമറക്കുന്ന ആത്മാവില്ലാത്ത പുരോഹിതന്മാരെ നരകത്തില്‍ തള്ളിയിടുന്നതുപോലെയാണ് അവര്‍ക്കെതിരെ പ്രതികാരവാഞ്ചയോടെ സൗന്ദര്യപ്പൊലിമയുളള ചിത്രങ്ങള്‍ വരച്ചത്. ഓരോ ചിത്രങ്ങളും ആഹ്ലാദോന്മാദം നല്കുന്നവയാണ്. ഇരുട്ടിനെയും വെളിച്ചത്തെയും വേര്‍തിരിക്കുന്ന കരുണയ്ക്കായി കൈനീട്ടുന്ന സൃഷ്ടി, സൂര്യഗ്രഹങ്ങള്‍, കടല്‍, പ്രപഞ്ചത്തിന്റെ ഉല്‍ഭവം, നോഹയുടെ പേടകം, വെളളപ്പൊക്കം, മോശയുടെ നാളുകള്‍, യേശുവും ശിഷ്യന്മാരും, അന്ത്യഅത്താഴം, ഉയിര്‍ത്തെഴുന്നേല്‍പ്പ് മുതലായ ഹൃദയഹാരിയായ ചിത്രങ്ങള്‍ ചിത്രകലയ്ക്ക് നല്കുന്ന സൗന്ദര്യ ശാസ്ത്രപഠനങ്ങള്‍ കൂടിയാണ്.
പ്രകൃതിയെയും ദൈവത്തെയും മനുഷ്യനെയും സൗന്ദര്യാത്മകമായി അസാധാരണമാംവിധം ചിത്രീകരിക്കുക മാത്രമല്ല, റോമില്‍ വാണിരുന്ന ആത്മീയതയുടെ മൂടുപടമണിഞ്ഞ ശുഭ്രവസ്ത്രധാരികളായ ചില പുരോഹിതരുടെ അസ്വസ്ഥമായ ഹൃദയഭാവങ്ങള്‍ ചിത്രങ്ങളില്‍ നിറം പിടിക്കുന്നു. അന്ത്യവിധി എന്ന ചിത്രം വിശ്വോത്തരമാക്കാന്‍ പ്രധാനകാരണം യേശുവും പുരോഹിതരുമായുളള ഏറ്റുമുട്ടലാണ്. എനിക്കപ്പോള്‍ ഓര്‍മ്മവന്നത് യേശു ജറുസലേം ദേവാലയത്തില്‍നിന്ന് കച്ചവടത്തിനും സമ്പത്തിനും കൂട്ടുനിന്ന പുരോഹിതന്മാരെ ആട്ടി പുറത്താക്കിയ സംഭവമാണ്. ആ ദേവാലയത്തിന്റെ അന്ത്യത്തിന് കാരണക്കാരന്‍ യേശുവാണോയെന്നും ചിന്തിച്ച നിമിഷങ്ങള്‍.
1550 ല്‍ ജീയോര്‍ജിയോ വാസരി പുറത്തിറക്കിയ മൈക്കിളിന്റെ ആത്മകഥയില്‍ നിന്നാണ് പലതുമറിയുന്നത്. ചെറുപ്പം മുതലേ ദേവാലയത്തില്‍ പോകുക, മാതാപിതാക്കളേക്കാള്‍ വേഗത്തില്‍ നടക്കുക, പെട്ടെന്ന് കോപം വരുക തുടങ്ങി പലതുമുണ്ടായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഗ്രീക്കും ഇംഗ്ലീഷും പഠിച്ചു, അതിന്റെ ഫലമായി വായനയും കൂടി. മകന്റെ ബുദ്ധിപ്രഭാവത്തില്‍ മാതാപിതാക്കള്‍ സന്തുഷ്ടരായിരുന്നു. ചെറുപ്പത്തിലെ കവിതകള്‍ എഴുതി. അന്നത്തെ സാഹിത്യത്തിന്റെ ഉല്‍ഭവകേന്ദ്രം ഗ്രീസ്സായിരുന്നു. ആത്മദര്‍ശനമുളള കവിതകളില്‍ നിറഞ്ഞുനിന്നത് ആത്മാവെന്ന് പുരോഹിതര്‍ വിലയിരുത്തി.
പതിമൂന്നാമത്തെ വയസ്സില്‍ ഫ്ളോറന്‍സിലെ ചിത്രകല പരിശീലനത്തിനിടയില്‍ സഹപാഠിയോട് കോപിച്ചതിന് അവന് മൈക്കിളിന്റെ മൂക്ക് ഇടിച്ചുതകര്‍ത്തു. നീണ്ടനാള്‍ ചികിത്സയിലായിരുന്നു. മാതാപിതാക്കള്‍ മകനെ മെഡിസിന് പഠിപ്പിക്കാന്‍ വിടുന്നതിനിടെ ഒരു ബന്ധുവിന്റെ മാര്‍ബിള്‍ കടയില്‍ സ്വയം ജോലി ചെയ്ത് കാശുണ്ടാക്കാന്‍ തീരുമാനിച്ചു. അവധി ദിവസങ്ങളിലെല്ലാം കടയില്‍ പോവുക പതിവായിരുന്നു. അവിടെ പൊട്ടിപ്പൊളിഞ്ഞു കിടന്ന മാര്‍ബിള്‍ കഷ്ണങ്ങളില്‍ ശില്പങ്ങള് ചെത്തിമിനുക്കിയെടുത്തു. കവിതയില്‍ പേരെടുത്ത മൈക്കിള്‍ ശില്പങ്ങള് തീര്‍ത്തുതുടങ്ങി. സത്യത്തിലും ആത്മാവിലും നിറഞ്ഞുനില്ക്കുന്ന മനോഹരചിത്രങ്ങളും ശില്പങ്ങളുമായിരുന്നു അവയെല്ലാം. കവിതയും പഠനവും ശില്പവും ചിത്രങ്ങളും മൈക്കിളിനൊപ്പം സഞ്ചാരിച്ചു.
ദേവാലയങ്ങളുടെ ചുവരുകളില്‍ ചിത്രങ്ങള്‍ വരക്കാനും പെയിന്റടിക്കാനും മൈക്കിളും കുട്ടുകാരും മുന്നോട്ടുവന്നു. 1484 ല്‍ ഫ്ളോറന്‍സിലെ ചിത്രകാരന്മാരെയും ശില്പികളെയും വത്തിക്കാനിലെ സെന്റ് പീറ്റേഴസ് ബസിലിക്കയിലേക്ക് ക്ഷണിച്ചു. അതില്‍ മൈക്കിളുമുണ്ടായിരുന്നു. അവര്‍ക്ക് നേതൃത്വം നല്‍കിയത് ചിത്രകാരനും ശില്പിയുമായിരുന്ന ഡോമിനിക്കോ ഗിരിള്‍ഡായിരുന്നു. അത് മൈക്കിളിന് ഏറെ ഗുണം ചെയ്തു. ഒരു തപസ്സുപോലെ ശില്പങ്ങളും ചിത്രങ്ങളും രൂപമെടുത്തു. 1490-92 ലാണ് ആരെയും ആശ്ചാര്യപ്പെടുത്തുന്ന ‘മഡോണ, സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ നഗ്നനായ യേശുക്രിസ്തുവിനെ അമ്മയായ മറിയയുടെ മടിയില്‍ കിടത്തുന്ന ‘പിയറ്റ. 1504 ലെ മനോഹരമായ ഡേവിഡിന്റെ ശില്പം, 1505 ലെ അടിമയായ സ്ത്രീ. ഇതുപോലുളള സുന്ദരവും പ്രശസ്തവുമായ ധാരാളം സൃഷ്ടികള്‍ പുര്‍ണ്ണചന്ദ്രനെപ്പോലെ തിളങ്ങി. 1546 ല്‍ അദ്ദേഹത്തെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ക്കിടെക്റ്റ് ആയി നിയമിച്ചു.
സിസ്റ്റയിന്‍ ചാപ്പലില്‍നിന്നാണ് പുതിയ പോപ്പിനെ തെരഞ്ഞടുക്കുന്ന വെളുത്ത പുക ഉയുരുന്നത്. മനുഷ്യനുമേലുളള അന്ധകാരമകറ്റാന്‍ പ്രകാശത്തെ പ്രപഞ്ചത്തിലേക്കയക്കുന്ന ദൈവത്തിന്റെ തേജസ്സും കൈയൊപ്പുമാണ് ഓരോ സൃഷ്ടികളിലും കാണുന്നത്. അതു കാണുന്നവര്‍ക്കും ആത്മാഭിഷേക അശീര്‍വാദങ്ങളാണ് ലഭിക്കുക. മൈക്കലാഞ്ചലൊ ഈശ്വരനും മനുഷ്യനുമായുളള ബന്ധം ഊട്ടിയുറപ്പിക്കുക മാത്രമല്ല, പുരോഹിതരുടെ മാലിന്യങ്ങള്‍ ഓരോ ചിത്രത്തിലൂടെ കഴുകി കളയാനും ശ്രമിച്ചു.
അന്ത്യനാളുകളില്‍ ധാരാളം കഷ്ടതകള്‍ സഹിച്ച് ജീവിക്കുമ്പോള്‍ കൊട്ടാരജീവിതം നയിച്ചവരും മധുരം നുകര്‍ന്നവരും മൈക്കലാഞ്ചലൊയെ തിരിഞ്ഞു നോക്കിയില്ല. 1564 ഫെബ്രുവരി 18 ന് 88-ാമത്തെ വയസ്സില്‍ മരിച്ചു. ഭൗതീകശരീരം റോമിലടക്കാന്‍ അനുവദിച്ചില്ല. അദ്ദേഹത്തെ അടക്കം ചെയ്ത് ഫ്ളോറന്‍സിലാണ്. അവിടുത്തേ ബസലിക്കയിലുളള ശവകുടീരത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ‘സര്‍വ്വകലകളുടെയും പിതാവും യജമാനനും ഇവിടെ ഉറങ്ങുന്നു.’സ്നേഹത്തിന്റെ, ആത്മാവിന്റെ മേലങ്കിയണിഞ്ഞ പ്രപഞ്ച ശില്പിയായ ആ മഹാമാന്ത്രികനെ നമിച്ച് ഞാന്‍ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: