തിരുവനന്തപുരം: സമൂഹം ഒരു പ്രതിസന്ധിഘട്ടത്തില്‍ നില്ക്കുമ്പോള് സര്‍ക്കാരിനെ എതിര്‍ക്കുക എന്ന ഉദ്ദേശത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷത്തിന്റെ രീതി ശരിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഈ അവസരത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സഹകരിക്കുകയാണ് വേണ്ടത്. ബിജെപി സംസ്ഥാനത്തെമ്പാടും ഭക്ഷണ സാമഗ്രികളും മാസ്കുകളും വിതരണം ചെയ്യുന്നുണ്ട്. എല്ലാ രാഷ്ട്രീപാര്‍ട്ടികളും സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അവസരത്തില്‍ മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നും രാവിലെ വന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക എന്ന ജോലി മാത്രമാണ് സംസ്ഥാനത്ത് പ്രതിപക്ഷം നടപ്പിലാക്കുന്നത്. അവര്‍ക്ക് ആകെയുള്ള അജണ്ട അതുമാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ അതേരീതി തന്നെയാണ് രമേശ് ചെന്നിത്തല കേരളത്തില്‍ കാണിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. തോമസ് ഐസക്കിനെപ്പോലുള്ളവര്‍ ഈ സമയത്തും ഭിന്നിപ്പിന്റെ രാഷ്ട്രീയം കാണിക്കുന്നുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തില്‍ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ സര്‍ക്കാര്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ നല്ല നടപടികളാണ് കൈക്കൊള്ളുന്നത്.എന്നാല്‍ കൊറോണ ബാധിച്ച രോഗികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് അപകടകരമാണെന്നും സുരേന്ദ്രന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: