ബ്രസീലിയ: ബ്രസീലില്‍ യാനോ മാമി ആദിവാസി ഗോത്ര വിഭാഗത്തില്‍ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. അല്‍വെനെയ് സിരിസാന്‍ എന്ന പതിനഞ്ചുകാരനാണ് വൈറസ് ബാധിച്ച് മരിച്ചത്. ബോവ വിസ്റ്റയിലെ പ്രധാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുട്ടി. വടക്കന്‍ ബ്രസീലീലെ ഗോത്ര വിഭാഗത്തിലുണ്ടായ കൊറോണ മരണം ലോകത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ആദ്യമായാണ് ഒറ്റപ്പെട്ട് കഴിയുന്ന ഈ വിഭാഗത്തിനിടയില്‍ രോഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് ഇവിടേക്കും വൈറസ് പടര്‍ന്നതെന്ന് വ്യക്തമല്ല. പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമുള്ള ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയുളവാക്കുന്നുവെന്ന് ബ്രസീലിയന്‍ ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍ട്രിക് പറഞ്ഞിരുന്നു.
യനോമാമി ഗോത്രവിഭാഗത്തിനുള്ളില്‍ വൈറസ് പടര്‍ന്നു പിടിച്ചാല്‍ അത് ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന് നരവംശശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളിലാണ് ഈ ഗോത്രവിഭാഗം താമസിക്കുന്നത്. 26000 പേരോളമാണ് ഈ മേഖലയില്‍ താമസിക്കുന്നത്. സ്വര്‍ണഖനനത്തിനെത്തിയവരുടെ അധിനിവേശം നേരത്തെ ഇവര്‍ക്കിടയില്‍ അഞ്ചാംപനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പകര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ചയോളമായി അല്‍വെനെയ് സിരിസാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണഖനികളിലേക്കുള്ള പാതയ്ക്ക് സമീപമാണ് സിരിസാന്‍ താമസിച്ചിരുന്നതെന്നാണ് ആമസോണ്‍ വാച്ച് ട്വീറ്റ് ചെയ്യുന്നത്. ഈ മേഖലയില്‍ രോഗലക്ഷണം കാണിച്ചവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ടെന്നും ടെസ്റ്റ് കിറ്റുകള്‍ ഇവിടേക്ക് എത്തിച്ചിട്ടുണ്ടെന്നുമാണ് വിവരം.
മറ്റൊരു ഗോത്ര വിഭാഗമായ കൊക്കാമ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരെ പരിശോധിക്കുന്ന ഡോക്ടറിന് കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 300 ഗോത്ര വിഭാഗങ്ങളിലായി എട്ട് ലക്ഷത്തിലധികം ജനങ്ങളാണ് ബ്രസീലിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: