മറയൂര്‍ (ഇടുക്കി): മറയൂരിന്റെ അതിര്‍ത്തി വനമേഖലയായ ആനമല കടുവ സങ്കേതത്തില്‍ രണ്ട് കടുവകള്‍ ചത്ത നിലയില്‍.ചിന്നാര്‍ വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ആനമല കടുവ സങ്കേതത്തിലെ പൊള്ളാച്ചി റെയിഞ്ചിലെ പോത്തമല ബീറ്റിലാണ് കടുവകള്‍ ചത്ത നിലയില്‍ കണ്ടത്. രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കടുവകളെ ചത്തനിലയില്‍ കാണപ്പെട്ടത്.
നീര്‍ച്ചാലിന് സമീപം എട്ടുവയസ് പ്രായം തോന്നിക്കുന്ന പെണ് കടുവയുടെ ജഡം കണ്ട ഭാഗത്ത് നിന്നും രണ്ട് കിലോ മീറ്റര്‍ അകലെ ഈറ്റ നിറഞ്ഞ ഭാഗത്താണ് 6 വയസ് പ്രായമുള്ള ആണ് കടുവയുടെ ജഡം കണ്ടത്.
വനപാലകര്‍ എത്തി പരിശോധന നടത്തിയെങ്കിലും കടുവകളുടെ ദേഹത്ത് മുറിവുകളോ പരിക്കൂകളോ കണ്ടെത്താനായില്ല.
ടൈഗര്‍ റിസര്‍വ്വിലെ വെറ്റിനറി സര്ജന് ഡോ. മനോഹരന്റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തി നാഷണല്‍ ടൈഗര്‍ പ്രൊട്ടക്ഷന്‍ ഓര്ഗനൈസേഷന് പ്രതിനിധികളുടെ നേതൃത്വത്തില്‍ ജഡം സംസ്ക്കരിച്ചു.
ആനമല കടുവ സങ്കേതത്തിനോട് അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളില്‍ കടുവ ആക്രമണത്തില്‍ നിരവധി കന്നുകാലികള്‍ ചത്തിരുന്നു. ഇതേത്തുടര്‍ന്ന് ഗ്രാമവാസികള്‍ വെച്ച വിഷം കഴിച്ച് ചത്തതാകാം എന്ന നിഗമനത്തില്‍ തമിഴ്നാട് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: