ന്യൂയോര്‍ക്ക്: കൊറോണ വ്യാപനത്തെ തുടര്‍ന്ന് മരിച്ചവരെ അടക്കാന്‍ ദ്വീപില്‍ പൊതു ശ്മശാനം തയാറാക്കി. ന്യൂയോര്‍ക്ക്. അണുവിമുക്ത വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു കൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍ ഹാര്‍ട്ട് ദ്വീപിലെ പൊതു ശ്മശാനത്തില്‍ ഒരു വലിയ കുഴിയിലേക്ക് ശവപ്പെട്ടികള്‍ അടുക്കി വയ്ക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
അടുത്ത ബന്ധുക്കള്‍ ഇല്ലാത്തവരോ ശവസംസ്കാരം നടത്താന്‍ സാമ്പത്തിക സാഹചര്യവുമില്ലാത്തവരായ ന്യൂയോര്‍ക്കുകാരെ അടക്കുന്ന സ്ഥലമാണ് ഈ ദ്വീപ്. നിലവിലത്തെ കണക്കുകള്‍ പ്രകാരം ലോകത്തിലെ ഏതു രാജ്യത്തേക്കാളും കൂടുതലാണ് ന്യൂയോര്‍ക്ക് നഗരത്തിലെ കൊവിഡ്19 വൈറസ് ബാധിതരുടെ എണ്ണം. ഇന്നലെ മാത്രം നഗരത്തില്‍ 10,000 കൊവിഡ് പോസിറ്റിവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 1,59,937 ആയി. ഇതില്‍ 7,000 പേര് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം സ്പെയിനില്‍ 153,000 കേസുകളും ഇറ്റലിയില്‍ 143,000 കേസുകളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 82,000 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎസ് മൊത്തത്തില്‍ 4,62,000 കേസുകളും 16,500 മരണങ്ങളും രേഖപ്പെടുത്തി. ആഗോളതലത്തില്‍ 1.6 ദശലക്ഷം കേസുകളും 95,000 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: