പനജി: അവസാനം ഞാന്‍ എന്റെ ജന്മനാട്ടില് മടങ്ങിയെത്തി, അതിനാലാണ് ഈ കഥ പറയാന്‍ വേണ്ടിയെങ്കിലും ഞാന്‍ ജീവിച്ചിരിക്കുന്നത്… എഡ്ഗാര്‍ ജൂലിയന്‍ റെമഡിയോസ് ഇത് പറയുമ്പോള്‍ ആ വാക്കുകളില്‍ ഉണ്ട് എവിടെയോ കളഞ്ഞുപോയ, പിന്നീട് മടക്കിക്കിട്ടിയ ആ ആത്മവിശ്വാസം.
എഡ്ഗാര്‍ കുടുംബസമേതം അമേരിക്കയില്‍ താമസമുറപ്പിച്ച ഗോവക്കാരന്. ഇപ്പോള്‍ ഗോവയിലെ ഇഎസ്ഐ ആശുപത്രിയില്‍ കഴിയുന്ന കൊറോണ ഭേദമായ രോഗി. മഹാമാരിയെ ചെറുക്കുന്നതില്‍ രാജ്യം കാണിച്ച ശുഷ്കാന്തിയില്‍ അഭിമാനം തോന്നുന്ന ഒരു ഇന്ത്യക്കാരന്.’ഇപ്പോള്‍ സ്വസ്ഥമായി ശ്വസിക്കാം, നടക്കാം. 15 ദിവസത്തെ ചികില്‍സക്കു ശേഷം ആരോഗ്യം പഴയപോലായിരിക്കുന്നു..
കൊറോണയുണ്ടെന്ന് കണ്ടെത്തിയ നിമിഷം എന്റെ ഹൃദയം തകര്‍ന്നു, എന്റെ കുടുംബത്തെയോര്‍ത്ത്… ഭാര്യ, കുട്ടികള്‍… ഞാനില്ലാതെ അവരെന്തു ചെയ്യും…. രോഗബാധിതനെന്ന് കണ്ടെത്തിയ സമയത്തെ ചിന്തകള്‍ ഓര്‍ത്തെടുത്തു എഡ്ഗാര്‍. അച്ഛനെയും അമ്മയേയും രണ്ട് സഹോദരന്മാരെയും രണ്ട് സഹോദരിമാരെയും വളരെ നേരത്തെ തന്നെ നഷ്ടപ്പെട്ട തനിക്ക് ജീവിതത്തിലെ പ്രത്യാശയുടെ കച്ചിത്തുരുമ്പാണ് ഭാര്യയും മക്കളുമെന്ന് ഈ 55 കാരന് പറയുന്നു. ഭാര്യ ഗൗരിയും മകള്‍ റൂത്തും ടെക്സാസിലാണ്. അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാന്‍ മകന് ഇഷാന് ഗോവയില്‍ വന്നിരുന്നു. യാദൃച്ഛികമായിട്ടാണ് താനും ഗോവയില്‍ എത്തിയത്. ജോലി സംബന്ധമായി ആംസ്റ്റര്‍ഡാമില്‍ എത്തിയ താന്‍ അമേരിക്കക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഈജിപ്തില്‍ എത്തി. അവിടെ നിന്ന് കെയ്റോ, ഹൂസ്റ്റണ്‍, ഫ്രാങ്ക്ഫര്‍ട്ട് വഴി ടെക്സാസില്‍ മടങ്ങിയെത്തുകയായിരുന്നു ലക്ഷ്യം. ഫ്രാങ്ക്ഫര്‍ട്ട് വരെയെത്തി. പക്ഷെ വിമാനം റദ്ദാക്കി. പിന്നെ ഈസ്താന്ബൂള് വഴി ഹൂസ്റ്റണില്‍ എത്താമെന്ന് ട്രാവല്‍ ഏജന്റ് പറഞ്ഞു. പക്ഷെ സംശയം തോന്നിയതിനാല്‍ ഗോവക്ക് പോരാന്‍ തീരുമാനിച്ചു. ദൈവത്തിന്റെ ഓരോ നിശ്ചയം. അങ്ങനെ ഞാന്‍ ജന്മനാട്ടിലേക്ക് തിരിച്ചു. ഈയാത്രകള്ക്കിടയില് എനിക്ക് കൊറോണ ബാധിച്ചിരുന്നു. മാര്‍ച്ച് 15ന് ഗോവയില്‍ എത്തിയപ്പോള്‍ ജലദോഷത്തിന്റെ ലക്ഷണം. 22ന് ആശുപത്രിയില്‍ പ്രവേശിച്ചു. 25ന് രോഗം സ്ഥിരീകരിച്ചു. കടുത്ത ന്യൂമോണിയ ആയിരുന്നു. വലതു ശ്വാസകോശം മുഴുവന്‍ അണുബാധയായി. ക്രമേണ ശ്വാസകോശം മുഴുവന്‍ രോഗം ബാധിച്ചു. ശ്വാസമെടുപ്പ് പൂര്‍ണമായും താളംതെറ്റി. കടുത്ത മാനസിക സമ്മര്‍ദവും. ഡോ. എഡ്വിന് ഗോമസിനെപ്പോലുള്ളവരുടെ ചികില്‍സയിലായിരുന്നു. രോഗികളെ സ്വന്തം കുട്ടികളെ പോലെ കരുതുന്നവര്‍.
ബാത്ത് റൂമിലേക്ക് നടക്കാന്‍ പോലും ബുദ്ധിമുട്ടായി. പക്ഷെ ക്രമേണ മരുന്നുകള്‍ ഫലിച്ചു തുടങ്ങി. ഇപ്പോള്‍ പൂര്‍ണമായും ഭേദമായി. ഞാന്‍ അമേരിക്കയ്ക്ക് മടങ്ങിയിരുന്നുവെങ്കില്‍ ഇത് പറയാന്‍ ഞാന്‍ കാണുമായിരുന്നില്ല, എഡ്ഗാര്‍ തറപ്പിച്ച് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: