തിരുവനന്തപുരം: കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം പ്രവര്‍ത്തിക്കാന്‍ ഇളവുനല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കഴിയുന്നത്ര പരീക്ഷകളും, മൂല്യനിര്‍ണയവും ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേനല്‍ മഴ ലഭിക്കുന്നതിനാല്‍ കൃഷി തുടങ്ങാനുള്ള സമയമാണ്. അതിന് വളവും കാര്‍ഷിക ഉപകരണങ്ങളും അവശ്യഘടകമാണ്. ഇതു രണ്ടും ലഭ്യമാക്കാന്‍ സൗകര്യം ഒരുക്കും. കൊയ്ത്ത് തടസ്സമില്ലാതെ നടക്കാന്‍ കലക്ടര്‍മാര്‍ ഇടപെടും. റിസര്‍ച്ച് സ്കോളര്‍മാര്‍ക്കുള്ള ഫെലോഷിപ്പ് കുടിശിക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്കി.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രണ്ടുമാസമായി ശമ്പളം ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാന്‍ ഇടപെടും. സന്നദ്ധം വളണ്ടിയര്‍മാര്‍ രജിസ്ട്രേഷന് ഊര്‍ജിതമായിട്ടുണ്ടെങ്കിലും 119 തദ്ദേശസ്ഥാപനങ്ങളില്‍ 50ല്‍ താഴെ മാത്രം വളണ്ടിയര്‍മാരാണുള്ളത്. ഈ വിഷയത്തില്‍ പ്രത്യേക ഇടപെടലിന് തീരുമാനിച്ചു.
സംസ്ഥാനത്ത് പൊലീസിന്റെ സേവനം നന്നായി നടക്കുന്നു എന്നാണ് ലോക്ക്ഡൗണ്‍ കാലത്തെ പൊതു വിലയിരുത്തല്‍. എന്നാല്‍, വീണ്ടുവിചാരമില്ലാതെ പെരുമാറുന്ന ഒറ്റപ്പെട്ട അനുഭവമുണ്ടാകുന്നുണ്ട്. ഔചിത്യപൂര്‍ണമായ ഇടപെടലാണ് വേണ്ടത്.
ജീവനക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലായതുകൊണ്ട് പല സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുകിടക്കുന്നുണ്ട്. കൃഷിഭവനുകള്‍ ഉള്‍പ്പെടെയുള്ളവ ആവശ്യാനുസരണം പ്രവര്‍ത്തനം ക്രമീകരിക്കണം.
കോവിഡ് രോഗം ബാധിച്ച മനുഷ്യരില്‍നിന്ന് രോഗം കുരങ്ങുകളിലേക്ക് വ്യാപിക്കാമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. കുരങ്ങന്മാര്ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഇല്ല എന്നുറപ്പുവരുത്തണം. കാടിനോട് അടുത്ത പ്രദേശങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളില്‍ കുരങ്ങന്മാരില്നിന്ന് വിട്ടുനില്‍ക്കണം. ഈ ഘട്ടത്തില്‍ കാട്ടുതീ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത പാലിക്കാനും വനംവകുപ്പ് നിര്‍ദേശം നല്കി.
മത്സ്യം പിടിച്ചെടുക്കുമ്പോള്‍ പരിശോധിച്ച് കേടായ മത്സ്യമാണ് എന്ന് ഉറപ്പാക്കിയശേഷമേ നശിപ്പിക്കാവൂ. അതിഥി തൊഴിലാളികള്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നുവെന്നും മറ്റും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അത് ചില വക്രബുദ്ധികളുടെയും അവരുടെ കുരുട്ട് രാഷ്ട്രീയത്തിന്റെയും ഉല്പന്നമാണ്. കഷ്ടത അനുഭവിക്കുമ്പോള്‍ കൈത്താങ്ങ് നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. മെച്ചപ്പെട്ട ഭക്ഷണം അവര്‍ക്ക് ലഭ്യമാക്കാനുള്ള ഇടപെടല്‍ തുടര്‍ന്നും ഉണ്ടാകും. അതിഥി തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് തിരിച്ചുപോകാന്‍ യാത്രാ സൗകര്യം വേണമെന്ന് വീണ്ടും വീണ്ടും അവര്‍ ആവശ്യപ്പെടുന്നുണ്ട്. അതിനായി ലോക്ക്ഡൗണിനു ശേഷം പ്രത്യേക ട്രെയിന്‍ ഏര്‍പ്പാടുചെയ്യുന്ന കാര്യം പ്രധാനമന്ത്രിയോടു തന്നെ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസം ശ്രദ്ധയില്‍പ്പെട്ട ഒരു വാര്‍ത്ത വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു എന്നതാണ്. അന്വേഷിച്ചപ്പോള്‍ വയനാട്ടില്‍ അങ്ങനെയൊരു സംഭവം ആരുടെയും ശ്രദ്ധയിലില്ല. പിന്നീടാണ് വയനാട് മണ്ഡലത്തില്‍പ്പെട്ട മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍നിന്നാണ് അങ്ങനെ ഒരു വാര്‍ത്ത ചില പത്രങ്ങളില്‍ വന്നത് എന്ന് മനസ്സിലായി. അവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: