ബെംഗളൂരു: മാര്‍ച്ച് 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ രാജ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ റെയില്‍ സര്‍വീസ് 167 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നത്.
എന്നാല്‍ റെയില്‍ ഫാക്ടറികളില്‍ തൊഴിലാളികള്‍ വിശ്രമമില്ലാതെ പണിത്തിരക്കിലാണ്. കൊറോണ എന്ന മഹാമാരിയെ തോല്‍പ്പിക്കാനുള്ള രാജ്യത്തിന്റെ യുദ്ധത്തില്‍ അവര്‍ കര്‍മനിരതരാണ്.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം രാജ്യത്തെ 16 റെയില്‍വെ സോണുകളിലെ റെയില്‍ ഫാക്ടറികളില്‍ 3.20,000 രോഗികളെ ചികിത്സിക്കാന്‍ സാധിക്കുന്ന 16 വീതം കിടക്കകളുള്ള 20000 ഐസൊലേഷന്‍ വാര്‍ഡുകളാണ് റെയില്‍വെ സജ്ജീകരിക്കുന്നത്. ഇതോടൊപ്പം ആശുപത്രി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മെഡിക്കല്‍ ട്രോളികള്‍, മാസ്ക്സ്, സാനിട്ടൈസേഴ്സ്, വെന്റിലേറ്ററുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങളും റെയില്‍ ഫാക്ടറികളില്‍ നിര്‍മിക്കുന്നു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചപ്പോള്‍ തന്നെ റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ രോഗികള്‍ക്ക് സുഖംപ്രാപിക്കാന്‍ വൃത്തിയും അണുവിമുക്തവും ശുചിത്വചുറ്റുപാടുമുള്ള വാര്‍ഡുകള്‍ റെയില്‍വെ വാഗ്ദാനം ചെയ്യുന്നതായി ട്വീറ്റ് ചെയ്തിരുന്നു.
എയര്‍കണ്ടീഷന്‍ കോച്ചുകളല്ലാത്ത അടുത്ത സമയത്തൊന്നും പാസഞ്ചര്‍ സര്‍വീസിന് ഉപയോഗിക്കാത്ത കമ്പാര്‍ട്ടുമെന്റുകളാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നത്. ഓരോ കമ്പാര്‍ട്ടുമെന്റിലും 16 രോഗികളെ പ്രവേശിപ്പിക്കാന്‍ സാധിക്കും. ഇതോടൊപ്പം ഡോക്ടര്‍ കാബിന്, നഴ്സ് കാബിന്, മരുന്നും മറ്റു ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സ്റ്റോറും സജ്ജീകരിച്ചിരിക്കുന്നു. റെയില്‍വെയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, നഴ്സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ട്രെയിനുകളില്‍ നിയോഗിക്കും.
ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിക്കുന്നതിനായി കമ്പാര്‍ട്ട്മെന്റിനുള്ളിലെ മിഡില്‍ ബെര്‍ത്ത് നീക്കം ചെയ്തു. കമ്പാര്‍ട്ടുമെന്റുകള്‍ തമ്മില്‍ ബന്ധപ്പെടുത്തിയിരുന്ന ഇടനാഴി അടച്ച് കമ്പാര്‍ട്ടുമെന്റുകള്‍ വേര്‍തിരിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി ഓരോ കമ്പാര്‍ട്ട്മെന്റിലും 220 വോള്‍ട്ട് ഇല്ക്രിക്കല് പോയിന്റുകള്‍ നല്കി. ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയ കമ്പാര്‍ട്ടുമെന്റുകളില്‍ മുകളിലെ ബെര്‍ത്തിലേക്ക് കയറാനുള്ള എല്ലാ ഗോവണികളും നീക്കം ചെയ്തു. ഓരോ കമ്പാര്‍ട്ടുമെന്റിലെയും ഓരോ കൂപ്പകളും പ്രത്യേക മുറികളാക്കി കര്ട്ടന് ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു. താഴത്തെ രണ്ടുബെഡ്ഡുകളില് ഒന്ന് രോഗിക്ക് കിടക്കാനായി വീതികൂട്ടി നിര്‍മിച്ച് പുതിയ കിടക്കകള്‍ സ്ഥാപിച്ചു.
ഒരു കൂപ്പയില്‍ ഒരു രോഗിയെ ആണ് പ്രവേശിപ്പിക്കുന്നത്. സമീപത്തുള്ള കിടക്ക രോഗിയെ പരിചരിക്കുന്ന നഴ്സ്/ആരോഗ്യ പ്രവര്ത്തകര്ക്കായുള്ളതാണ്. ഓരോ ഐസൊലേഷന്‍ വാര്‍ഡുകളിലും ഓക്സിജന്‍ സിലിണ്ടര്‍ അടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, അത്യാവശ്യമരുന്നുകള്‍, കൊതുകുവല കൊണ്ടു മറച്ച വാതിലുകളും ജനാലകളും, കാലുകൊണ്ട് തുറക്കാന്‍ സാധിക്കുന്ന മാലിന്യകുപ്പകള്. ഇന്ത്യന്‍ നിര്‍മിത ടൊയ്ലറ്റോട് കൂടിയ ബാത്ത്റൂം, ബക്കറ്റ്, മഗ്, സോപ്പ്, ഡിസ്പെന്സര് എന്നിവയോട് കൂടിയ വാഷ്ബേസിനുമുണ്ടാകും.
റെയില്‍വെ വര്‍ക്ക്ഷോപ്പിലെ തൊഴിലാളികള്‍ രാപ്പകല്‍ കഠിനാധ്വാനത്തോടെയാണ് കോച്ചുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. നിര്‍മാണം പൂര്‍ത്തിയായ കമ്പാര്‍ട്ടുമെന്റുകള്‍ അണുവിമുക്തമാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഉത്തരവ് ലഭിച്ച് ആദ്യ രണ്ടാഴ്ചക്കുള്ളില്‍ തന്നെ 5000 ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയതായി റെയില്‍വെ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് ദത്ത് ബജ്പാല്‍ പറഞ്ഞു.
നിലവില്‍ പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യമെത്തിക്കഴിഞ്ഞാലും 48 മണിക്കൂര്‍ സമയം കൊണ്ട് കൂടുതല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ റെയില്‍വെയ്ക്ക് സാധിക്കും. പൂര്‍ണ സജ്ജമായ ഐസൊലേഷന്‍ കോച്ചുകള്‍ അടിയന്തര ഘട്ടത്തില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ഏതു സ്ഥലത്തേക്കും എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റെയില്‍വെയുടെ 125 ആശുപത്രികള്‍ കൊറോണ രോഗ ചികിത്സയ്ക്കായി പ്രത്യേക വാര്‍ഡുകള്‍ തയ്യാറാക്കിയതിന് പിന്നാലെയാണ് ട്രെയിനുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: