ന്യൂദല്‍ഹി: രാജ്യത്ത് 354 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 4,789 ആയി. 326 പേര് വൈറസ് ബാധയില്‍ നിന്ന് മുക്തരായി. മരണം ഇതുവരെ 124. കൊറോണ ബാധിതനായ ഒരു വ്യക്തി ക്വാറന്റൈന് വ്യവസ്ഥകള്‍ പാലിക്കാതെ പുറത്തിറങ്ങി നടന്നാല്‍ ഒരു മാസം 406 പേരിലേക്ക് വൈറസ് പടരുമെന്നാണ് പഠനമെന്ന് ഐസിഎംആര്‍ അറിയിച്ചു. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട, ആഗ്ര, ഈസ്റ്റ് ദല്‍ഹി, ഭില്‍വാഡ എന്നിവിടങ്ങളില്‍ ഫലം കണ്ടിട്ടുണ്ടെന്നും ഐസിഎംആര്‍ പറയുന്നു.
ക്വാറന്റൈനിലുള്ളവര്‍ യാതൊരു തരത്തിലും പുറത്തിറങ്ങി സമൂഹ വ്യാപനത്തിന് ഇടനല്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. ക്വാറന്റൈന് ലംഘിക്കുന്നവര്‍ക്കെതിരെ വധശ്രമ വകുപ്പുകള്‍ ചുമത്തി കേസുകളെടുക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ ക്വാറന്റൈന് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശിച്ചത്.
ഇന്ത്യന്‍ റെയില്‍വേ 2,500 കോച്ചുകളിലായി നാല്പതിനായിരം ഐസൊലേഷന്‍ ബെഡുകള്‍ തയാറാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താവ് ലാവ് അഗര്‍വാള്‍ പറഞ്ഞു. പ്രതിദിനം 375 ഐസൊലേഷന്‍ ബെഡുകള്‍ വീതമാണ് റെയില്‍വേ സജ്ജീകരിച്ചുകൊണ്ടിരിക്കുന്നത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന നടപടിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്കി. രാജ്യത്ത് എല്ലായിടത്തും അവശ്യ സാധനങ്ങളുടെ ലഭ്യതയുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യങ്ങള്‍ നേരിട്ട് പരിശോധിച്ചുറപ്പു വരുത്തുന്നുണ്ടെന്നും ആഭ്യന്തരമന്ത്രാലയ ജോയിന്റ് സെക്രട്ടറി പുണ്യ ശ്രീവാസ്തവ അറിയിച്ചു. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടോയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: