തിരുവനന്തപുരം: തൊഴിലില്ലാതെ നില്ക്കുന്ന കൊറോണക്കാലത്ത് കെഎസ്ആര്‍ടിസി താത്ക്കാലിക ജീവനക്കാരോട് കാണിക്കുന്നത് കൊടുംക്രൂരതയാണ്. കെഎസ്ആര്‍ടിസിയിലെ താത്ക്കാലിക കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ ശമ്പളം ഇനിയും പൂര്‍ണ്ണമായി അനുവദിച്ചു നല്‍കിയില്ല.
ലോക്ക്ഡൗണ്‍ കാലയളവില്‍ കേരളത്തിലാരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായിരിക്കുകയാണ്. പണിയില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ക്കുപോലും ജീവിത സൗകര്യമൊരുക്കുമ്പോഴും കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരെ ബദലിയെന്ന സാങ്കേതിക ന്യായം പറഞ്ഞ് ശമ്പളം നിഷേധിക്കുന്നത് അനീതിയും മനുഷ്യത്വരഹിതവുമാണ്.
കഴിഞ്ഞ 15 വര്‍ഷമായി താത്ക്കാലിക ജോലിനോക്കുന്നവരോടാണ് കെഎസ്ആര്‍ടിസി വിവേചനം കാണിക്കുന്നത്. യാത്രാ പാസ്സുപോലുമില്ലാതെ കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍നിന്ന് യാത്രാക്കൂലി കണ്ടെത്തിയാണ് ഇവര്‍ ജോലിക്കെത്തുന്നത്. കോവിഡ്കാലമായതിനാല്‍ പല ഷെഡ്യൂളുകളും വെട്ടിക്കുറച്ചതുകാരണം പലര്‍ക്കും തുച്ഛമായ ശമ്പളമാണ് ലഭിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാരായതിനാല്‍ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. അതിനാല്‍ അത്തരം ആനുകുല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കുകയാണ്.
പല താത്ക്കാലിക ജീവനക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാണ്. ലോക്ക്ഡൗണ്‍ സമയത്ത് സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടുകയോ, ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴത്തെ ശമ്പള നിഷേധം. കെഎസ്ആര്‍ടിസി പൂര്‍ണ്ണതോതില്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ഈ വിഭാഗം ജീവനക്കാരുടെ സേവനം അനിവാര്യമാണെന്നത് അധികാരികള്‍ പരിഗണിക്കണം. കുടുംബം പോറ്റാന്‍ പോലും വിഷമിക്കുന്ന താത്ക്കാലിക ജീവനക്കാരെ ഈ ദുരിതകാലത്തെങ്കിലും ഉപദ്രവിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: