പാലക്കാട്: കമ്മ്യൂണിറ്റി കിച്ചനിലേക്ക് നല്കിയ അരി വകമാറ്റിയ സംഭവത്തില്‍ പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന് വീഴ്ചപറ്റിയെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ കണ്ടെത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി.
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം നല്കിയ 1000 കിലോ അരിയാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണിക്കൃഷ്ണനും സിപിഎം നേതാക്കളും ചേര്‍ന്ന് വകമാറ്റിയത്. സംഭവം വിവാദമായതോടെ അരി പാവങ്ങള്‍ക്ക് നല്‍കിയെന്നായിരുന്നു വിശദീകരണം. കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള അരി സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ ഉള്‍പ്പെടെ വിതരണം ചെയ്യുകയായിരുന്നു. മാത്രമല്ല മറ്റൊരു പൊതുമേഖലാസ്ഥാപനമായ ബെമല്‍ നല്കിയ കാല് ലക്ഷം രൂപയുടെ പലവ്യഞ്ജനങ്ങളും കമ്മ്യൂണിറ്റി കിച്ചണില്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട പാര്‍ട്ടി ജില്ലാനേതൃത്വത്തിന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണന് രേഖാമൂലം നിലപാട് എഴുതി നല്‍കിയതായി സൂചനയുണ്ട്. അരിവിതരണവുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. സമൂഹ അടുക്കളക്കായല്ല, പൊതുമേഖലാസ്ഥാപനമായ എച്ച്പിസിഎല്ലില്‍ നിന്ന് അരി ലഭിച്ചതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഉണ്ണിക്കൃഷ്ണന്.
ഈ വിവരം അന്വേഷണോദ്യോഗസ്ഥരോടും ആവര്‍ത്തിച്ചു. അരി ആവശ്യപ്പെട്ട് എച്ച്പിസി എല്‍ അധികൃതര്‍ക്ക് നല്കിയ കത്തും അരി നല്കിയ 200 പേരുടെ പട്ടികയും പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: