തിരുവല്ല: പമ്പ,മണിമലയാറുകളിൽ വിഷം കലർത്തി അനധികൃതമായി നടത്തുന്ന മത്സ്യബന്ധനം ജനജീവിതം ദുസ്സഹമാക്കുന്നു. കുടിവെള്ളപദ്ധതികളിലേക്ക് പമ്പിങ് നടത്തുന്ന പ്രദേശങ്ങളിലടക്കം ഇത്തരത്തിൽ മീൻപിടുത്തം നടത്തുന്നു.
ആറ്റിലെ ശുദ്ധജലം വിഷം കലർന്ന് മലിനമായി. കുടിക്കാൻ ഉപയോഗിച്ചിരുന്ന ആറ്റുവെള്ളം ഇപ്പോൾ തുണി കഴുകാനോ, കുളിക്കാനോ പറ്റാത്ത സ്ഥിതിയിലായി. രാത്രിയിൽ വലകെട്ടിയശേഷം വെള്ളത്തിൽ വിഷം കലർത്തുകയാണ്. പുലർച്ചെ നാട് ഉണരുന്നതിന് മുൻപ് വലകളിൽ മയങ്ങിക്കുടുക്കുന്ന മീൻ ശേഖരിച്ച് സ്ഥലംവിടും. പിന്നീട് പ്രധാന റോഡുകളുടെ വശങ്ങളിൽ വിൽപനയ്ക്ക് എത്തിക്കും.
സ്പീഡ് മോട്ടോറുകൾ ഘടിപ്പിച്ച വള്ളങ്ങളിൽ പുറത്തുനിന്നുമെത്തുന്നവരാണ് അനധികൃത മത്സ്യബന്ധനം നടത്തുന്നത്. ഈ ഭാഗത്ത് പരക്കെ ആറ്റുതീരങ്ങളിൽ ചെറുമത്സ്യങ്ങളും പുല്ലൻ ഉൾപ്പെടെ വലിയ മത്സ്യങ്ങളും ചത്തുപൊങ്ങുകയാണ്.പള്ളത്തി, പരൽ തുടങ്ങിയ ചെറുമത്സ്യങ്ങൾ പുഴയോരങ്ങളിൽ ചീയുകയാണ്. വലയിൽ കുരുങ്ങുന്നതും ചത്തുപൊങ്ങുന്നതുമായ വലിയമീനുകളും വിഷം കലർത്തുന്നവർ കൊണ്ടുപോകും. പള്ളത്തിയുടെ പ്രജനന കാലമാണിത്.
എല്ലാം നാമാവശേഷമാക്കിക്കൊണ്ടാണ് പുഴയിൽ നഞ്ചുകലക്കുന്നത്. പോലീസോ, ജലവിഭവവകുപ്പോ സാമൂഹികവിരുദ്ധ പ്രവർത്തനം തുടർച്ചയായി നടത്തുന്നവർക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നതു പതിവായെങ്കിലും അധികൃതർ നടപടിയെടുക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: