ലണ്ടന്‍: 5 ജി മൊബൈല്‍ ടവറുകളാണ് കൊറോണ വൈറസ് വ്യാപിപ്പിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. യുകെയിലെ ടെലി കമ്യൂണിക്കേഷന്‍ ടവറുകള്‍ ആളുകള്‍ അഗ്നിക്കിരയാക്കി. 5ജി ടവറുകളിലൂടെയാണ് വൈറസ് വ്യാപിക്കുന്നതെന്ന് ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴിയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാജ പ്രചാരണത്തില്‍ ബെര്‍മിങ്ഹാം, ലിവര്‍പൂള്‍, മെല്ലിങ്, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്. ഈ പ്രദേശങ്ങളിലെ അവശ്യ സര്‍വീസുകളേയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതേസമയം മൊബൈല്‍ ഫോണ്‍ നെറ്റ്വര്ക്കുകള് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വ്വീസുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ നെറ്റ്വര്‍ക്ക് സഹായത്തോടെയാണ്. ഇത്തരത്തില്‍ അടിയന്തിര സാഹചര്യം നിലനില്ക്കുമ്പോള് ജനങ്ങള്‍ കാണിച്ചത് അപകടകരമായ വിഡ്ഢിത്തരമാണെന്നും യുകെ ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് അറിയിച്ചു.
5ജിയാണ് കൊറോണ വ്യാപനത്തിന് കാരണമെന്ന കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്. ഒരു ജനത ആവശ്യസര്‍വ്വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: