ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലും അവയെ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിലും കാണിക്കുന്ന അപാരമായ മികവാണ് ഡോ. സി.വി. ആനന്ദബോസിനെ ദേശീയതലത്തില്‍ ശ്രദ്ധേയനാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പല സ്വപ്ന പദ്ധതികളിലും ആനന്ദബോസിന്റെ നിറസാന്നിധ്യമുണ്ട്. ചെങ്കോട്ട അടക്കം രാജ്യത്തെ പ്രമുഖ പൈതൃക കേന്ദ്രങ്ങളുടെ പുനരുദ്ധാരണം നടത്തുന്ന പദ്ധതിയുേെട മുഖ്യ ഉപദേഷ്ടാവാണ് ഈ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്. മികച്ച സംഘാടകന്‍, അറിയപ്പെടുന്ന പ്രഭാഷകന്‍. അധികാരത്തിന്റെ വഴിയിലും അക്ഷരങ്ങള്‍ക്കൊപ്പം കഴിയാന്‍ ഇഷ്ടപ്പെടുന്നു. ഇതുവരെ 30 ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലുമായി. ഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവത്തില്‍ പ്രസിദ്ധീകരിച്ചത് 8 പുസ്തകങ്ങള്‍. സ്വാതി തിരുന്നാള്‍ പുരസ്കാരം മുതല്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ ലിറ്റററി അവാര്‍ഡുവരെ നേടിയ ഈ സാഹിത്യകാരന് ജന്മഭൂമിയുമായി സമകാലിക നിരീക്ഷണങ്ങള്‍ പങ്കുവെയ്ക്കുന്നു.
ബിജെപി പരിവാറിലെ അംഗം
സിവില്‍ സര്‍വീസ് വിട്ടതിനുശേഷം ബിജെപി പരിവാറിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഭാരതത്തിന്റെ പൈതൃകത്തിലും അഖണ്ഡതയിലും നാനാത്വത്തിലെ ഏകത്വത്തിലും വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സംവിധാനമാണ് ബിജെപി പരിവാര്‍ എന്നതുകൊണ്ട് മാനസികമായി എനിക്ക് ആ പ്രസ്ഥാനത്തോട് ഒരു യോജിപ്പുള്ളത് തികച്ചും സ്വാഭാവികം. പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് എന്നെ ഈ പ്രസ്ഥാനവുമായി അടുപ്പിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയം അദ്ദേഹം അവിചാരിതമായി എന്നെ ഗാന്ധിനഗറിലേക്ക് വിളിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ നില്‍ക്കണം എന്നാവശ്യപ്പെട്ടു. കൊല്ലം ജില്ലയില്‍ നില്‍ക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ പെട്ടെന്ന് എനിക്ക് ഒരു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മാനസിക ഭാവം ആയിരുന്നില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ അനുവാദത്തോടെ ഒഴിഞ്ഞുനിന്നു.
എന്നെ കണ്ടപ്പോള്‍ വിശേഷിപ്പിച്ചത് മാന്‍ ഓഫ് ഐഡിയാസ്, എയ്സ് ഡിബേറ്റര്‍ എന്നാണ്. അദ്ദേഹം ചോദിച്ചു, എന്തൊക്കെയാണ് പുതിയ ആശയങ്ങള്‍. ഞാന്‍ എല്ലാവര്ക്കും പാര്‍പ്പിടം എന്ന ആശയം അവതരിപ്പിച്ചു. അതുപോലെ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ഹോംമേക്കേഴ്സ് ടു നേഷന്‍ ബില്‍ഡേഴ്സ് എന്ന പദ്ധതിയും. അദ്ദേഹം പ്രധാനമന്ത്രി ആയപ്പോള്‍ എല്ലാവര്ക്കും പാര്‍പ്പിടം എന്ന പദ്ധതി സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചു. ഇതിനൊരു ചാലകശക്തിയായി നില്‍ക്കാനുള്ള നിയോഗം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. അതിനുശേഷം പല ഘട്ടത്തിലും പ്രധാനമന്ത്രിയുടെ പദ്ധതികളുടെ പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ഒരു വികസ്വര രാഷ്ട്രമായ ഭാരതത്തില്‍ എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചു മുന്നോട്ടുപോകണം എന്ന പ്രധാനമന്ത്രിയുടെ ആശയം മുന്‍നിര്‍ത്തി ഒരു സോഷ്യല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിനെ കുറിച്ചുള്ള ഒരു കണ്‍സെപ്റ്റ് നോട്ട് തയ്യാറാക്കി നല്കുകയുണ്ടായി. കഴിഞ്ഞ 35 വര്‍ഷം ഐഎഎസില്‍ ഇരുന്നു പല മന്ത്രിമാരും പ്രധാനമന്ത്രിമാരുമായുമൊത്തു ജോലി ചെയ്യുവാന്‍ അവസരം കിട്ടിയതുകൊണ്ട് ഞാന്‍ പറയുകയാണ്, ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. അദ്ദേഹത്തിന്റെ നയപരിപാടികള്‍ സാമാന്യജനത്തിന് പ്രയോജനം ചെയ്യാനുള്ളതാണ്. വളരെ തന്റേടവും നിശ്ചയദാര്‍ഢ്യവുമുള്ള ശക്തനായ നേതാവാണ്. മോദിയുടെ കരങ്ങള്‍ക്ക് കരുത്തുപകര്‍ന്നുകൊണ്ട് ഒപ്പമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയും പാര്‍ട്ടി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത്ഷാ.
പ്രധാനമന്ത്രിയില്‍ കണ്ട മികച്ച ഗുണം
നരേന്ദ്രമോദിയില്‍ കണ്ട ഏറ്റവും മികച്ച ഗുണം അദ്ദേഹം പ്രധാനമന്ത്രി ആണ് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം എന്നതാണ്. അതുകൊണ്ട് തലയെടുപ്പോടുകൂടി അദ്ദേഹം തന്റെ ടീമിനെ നയിക്കുന്നു. എവിടെ ചെന്നാലും അദ്ദേഹത്തിന് വലിയ അംഗീകാരവും സ്വീകാര്യതയും കിട്ടുന്നു. ഇതിനുള്ള പ്രധാന കാരണം, പറയുന്നതെല്ലാം ചെയ്യുകയും ചെയ്യാവുന്നത് മാത്രം പറയുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സഹജമായ സ്വഭാവം കൊണ്ടാണ്. ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ അദ്ദേഹം ചെയ്യുന്നു.
കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കിയത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ തയ്യാറാക്കിയ കമ്മിറ്റി ഓഫ് നാഷണല്‍ ലീഡേഴ്സില്‍ എന്നെയും ഉള്‍പ്പെടുത്തി. വടക്കു കിഴക്കന്‍ പ്രദേശത്ത്, വിശേഷിച്ച് മേഘാലയില്‍ ഈ ചര്‍ച്ച നടത്തി വിശദീകരിക്കാനുള്ള അവസരം എനിക്കുണ്ടായി. അതു വളരെ ഫലപ്രദമായിരുന്നുവെന്ന് കേന്ദ്രനേതൃത്വം അറിയിക്കുകയും ചെയ്തു.
ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം
ഒരു രാജ്യത്തിനകത്ത് മറ്റൊരു രാജ്യം (സ്റ്റേറ്റ് വിതിന്‍ എ സ്റ്റേറ്റ് )ഒരു സ്വാതന്ത്ര രാഷ്ട്രത്തിനും ഭൂഷണമല്ല. മാത്രമല്ല മറ്റു നാട്ടുരാജ്യങ്ങള്‍ ഇന്ത്യയിലേക്ക് ചേര്‍ന്നപ്പോള്‍ എന്തുടമ്പടി ഉണ്ടാക്കിയോ അതേ ഉടമ്പടി തന്നെയാണ് കാശ്മീരിലെ അന്നത്തെ രാജാവായിരുന്ന ഹരിസിംഗും ഇന്ത്യയുമായി ഒപ്പിട്ടത്. പിന്നെന്തിനാണ് പ്രത്യേക പരിഗണന. അത് അന്നത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേട് അല്ലെങ്കില്‍ അവരുടെ ദൂരക്കാഴ്ച ഇല്ലായ്മ. ജനങ്ങള്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ നടന്നത്. കാരണം ഈ നടപടിക്കു ശേഷം രാജ്യത്ത് ഒരു വലിയ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പറഞ്ഞു പരത്താന്‍ പലരും ശ്രമിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും തുല്യ അവകാശം കൊടുക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്. ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണ്. അവിടെ എല്ലാവര്ക്കും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ അത് ശക്തമായി നടപ്പാക്കപ്പെടുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയപരിപാടികള്‍ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായ നീതി ഉറപ്പാക്കുന്ന വിധത്തിലാണ്.
ജനാധിപത്യത്തില്‍ എതിര്‍ശബ്ദങ്ങള്‍ ആകാം. പക്ഷേ പരിധി വിടരുത്. ചുരുക്കം ചിലരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് ബഹുഭൂരിപക്ഷത്തെ കഷ്ടപ്പെടുത്തുന്നത് ശരിയല്ല. പൗരത്വ നിയമം ആര്‍ക്കും എതിരല്ല. നിക്ഷിപ്ത താല്പര്യക്കാര് തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജനാധിപത്യത്തെ ആള്‍ക്കൂട്ടാധിപത്യം അട്ടിമറിക്കാന്‍ അനുവദിക്കരുത്. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ വരുന്നവരെ നാം തിരിച്ചറിയണം.
കേരളത്തിലെ ധൃതരാഷ്ട്രര്‍
സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കി അതിനെ സംഘട്ടനത്തിലേക്ക് തള്ളിവിടുന്നത് ഒരു ഭരണാധികാരിക്കും ഭൂഷണമല്ല. മഹാഭാരതത്തില്‍ അന്ധനായ ഒരു ഭരണാധികാരി ഉണ്ടായിരുന്നല്ലോ, ധൃതരാഷ്ട്രര്‍. അദ്ദേഹത്തിന്റെ പിടിപ്പുകേട് കാരണം എന്തെല്ലാം അനര്‍ത്ഥങ്ങളാണ് ഉണ്ടായത്. കേരളത്തിലും ഒരു ധൃതരാഷ്ട്രര്‍ ആണുള്ളത്. പെട്ടെന്ന് ധാര്‍ഷ്ട്യം കാണിക്കുന്നവരെ അങ്ങനെയാണല്ലോ വിളിക്കേണ്ടത്. ഒരു ധൃതരാഷ്ട്രര്‍ ആയി മാറിയ നമ്മുടെ മുഖ്യമന്ത്രി ശബരിമല വിഷയം കൈകാര്യം ചെയ്ത രീതി അപലപനീയമാണ്.
ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു. മുഖ്യമന്ത്രിയാണ് ഈ പ്രശ്നം ഇത്രയും കലുഷിതമാക്കിയത് എന്നാണ് എന്റെ വിലയിരുത്തല്‍. അദ്ദേഹം പറയുന്നതുപോലെ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള വ്യഗ്രത ആയിരുന്നില്ല അതിന്റെ പുറകില്‍. അങ്ങനെയെങ്കില്‍ സമാനമായ വിധികള്‍ ഉണ്ടായിട്ടുപോലും അത് നടപ്പാക്കാന്‍ എന്തേ ഈ വ്യഗ്രത കാട്ടിയില്ല. വളരെ സമാധാനപരമായി ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. സുപ്രീംകോടതി യുവതികള്‍ക്ക് ഒരു അവകാശമാണ് നല്‍കിയത്. ഈ അവകാശം ഇന്ന ദിവസം ഇന്ന തീയതി നടപ്പാക്കിയിരിക്കണമെന്ന് പറഞ്ഞിരുന്നില്ല. അവിടെയാണ് ഗവണ്മെന്റിന് പാളിച്ച പറ്റിയത്. ഇത് പ്രത്യശാസ്ത്രപരമായ ഒരു കാര്യമല്ല. ഭരണത്തിന്റെ പ്രായോഗികമായ ഒരു പ്രശ്നമാണ്. ലെനിന് മതത്തിന് എതിരായിരുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞതിനപ്പുറം ഒരു കമ്മ്യൂണിസ്റ്റുകാരന് ഉറപ്പായും മതത്തിന് എതിരായിരിക്കണം എന്നും പറയുകയുണ്ടായി.
ക്ഷേത്രഭരണത്തിന്റെ ചുമതലയുള്ള ദേവസ്വം ബോര്‍ഡ് തന്നെ വിശ്വാസത്തിനും വിശ്വാസികള്‍ക്കും ക്ഷേത്രത്തിനും എതിരായി പ്രവര്‍ത്തിക്കുന്നു. പിന്നെ എന്തിനാണിത്? ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് ക്ഷേത്ര വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന ആവശ്യം ഏറിവരികയാണ്. ഞാന്‍ ഇതിനോട് പൂര്‍ണമായും യോജിക്കുന്നു.
സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്താന്‍
കേന്ദ്രസര്‍ക്കാര്‍ വലിയ വിജയം തന്നെയാണ്. സര്‍ക്കാര്‍ കൊടുക്കുന്ന പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാതെയിരിക്കാനും വികലമാക്കാനും വക്രീകരിക്കാനും ബോധപൂര്‍വ്വമായ ശ്രമം പല ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. പ്രതിപക്ഷം ഇത് ചെയ്യുന്നത് മനസ്സിലാക്കാം. പക്ഷേ നമ്മുടെ പല മാധ്യമങ്ങളും ഇതിന് ഇരയാകുന്നത് സങ്കടകരമായ കാര്യമാണ്. എന്നാല്‍ ജനങ്ങള്‍ ഈ പദ്ധതികള്‍ മനസ്സിലാക്കുന്നു. അതിന്റെ പ്രയോജനം അവര്‍ എടുക്കുന്നുമുണ്ട്. സര്‍ക്കാരിന്റെയെങ്കിലും നയപരിപാടികള്‍ ജനങ്ങളില്‍ എത്തിച്ചുകൊടുക്കുക എന്ന കടമയാണ് വാര്‍ത്താവിനിമയ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കുള്ളത്. അവര്‍ അത് ശരിയായ അര്‍ത്ഥത്തില്‍ ചെയ്തിരുന്നെങ്കില്‍ പൗരത്വ നിയമം സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയും ആവശ്യമായ പരിഷ്കാരം വരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പ്രധാനമന്ത്രി നേരിട്ട് മുന്‍കൈയെടുത്ത് സ്ഥാപിച്ച പുതിയ മത്സ്യത്തൊഴിലാളി മന്ത്രാലയത്തിനുള്ള കര്‍മ്മപദ്ധതി, എല്ലാ മതങ്ങളും എല്ലാ ജനവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള വേദിയായ സോഷ്യല്‍ ഇന്റഗ്രേഷന്‍ കൗണ്‍സില്‍, ടൂറിസം പ്രമോഷന് കൗണ്‍സില്‍, അന്നപൂര്‍ണ സൊസൈറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ്, വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഈസി മാര്‍ക്കറ്റ് സ്കീം, തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി ലേബര്‍ അജണ്ട, കേരളത്തില്‍ ബാലവേല നിരോധിക്കാനുള്ള നടപടി, വിദ്യാഭ്യാസ രംഗത്ത് ശാസ്ത്രസാങ്കേതികവിദ്യ പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള ആസ്റ്റര്‍ പ്രൊജക്ടും അതിന്റെ കീഴില്‍ സ്ഥാപിച്ച ടെലിവിഷന്‍ സ്റ്റുഡിയോയും നമ്മുടെ സാംസ്കാരിക സ്രോതസ്സുകളെക്കുറിച്ച് പുതിയ തലമുറയില്‍ അവബോധം ഉണ്ടാക്കുവാന്‍ തുടങ്ങിയ പീപ്പിള്‍സ് മ്യൂസിയം തുടങ്ങിയവയെല്ലാം ആനന്ദബോസ് മുന്നോട്ടുവച്ച ആശയങ്ങളായിരുന്നു.
മാധ്യമങ്ങളുടെ അപചയം
നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ വഹിച്ചിട്ടുള്ള സേവനങ്ങള്‍ വളരെ മഹത്താണ്. പക്ഷേ ചില മാധ്യമങ്ങളില്‍ അപചയം കണ്ടുതുടങ്ങിയിട്ടുണ്ട്. വാര്‍ത്തകള്‍ വളച്ചൊടിക്കുക, സൗകര്യമായ വാര്‍ത്തകള്‍ മാത്രം കൊടുക്കുക. ഇങ്ങനെ സത്യത്തിനു ചുറ്റും പുകമറ സൃഷ്ടിക്കുന്ന പ്രവണത… ഗ്രീക്ക് പുരാണങ്ങളില്‍ മെഡൂസ എന്നൊരു ഭീകരരൂപിണിയുണ്ട്. പല വീരകുമാരന്മാരും അവരെ നേരിട്ടു പരാജയപ്പെട്ടു. ഒടുവില്‍ പെര്‍സ്യൂസ് എന്ന ധീരന്, അവരെ തോല്‍പ്പിക്കുക തന്നെ ചെയ്തു. പെര്‍സ്യൂസ് മെഡൂസയുടെ മുന്പില് ഒരു കണ്ണാടി കാട്ടി. ഈ കണ്ണാടിയില്‍ തന്റെ ഭീകര രൂപം കണ്ട മെഡൂസ ബോധരഹിതയായി വീണു മരിക്കുകയാണുണ്ടായത്. ഇന്ന് നമ്മുടെ ചില മാധ്യമങ്ങളുടെ മുന്പില് ഒരു കണ്ണാടി കാട്ടിയാല്‍ ഇതല്ലേ സംഭവിക്കുക എന്ന് അവര്‍ തന്നെ ആലോചിക്കണം. എന്നുകരുതി മാധ്യമങ്ങള്‍ക്കു കടിഞ്ഞാണിടുന്നത് ഒരിക്കലും ശരിയല്ല. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണം. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും ചിത്രീകരിക്കുന്ന പ്രവണത നല്ലതല്ല. വിധ്വംസക ശക്തികളെയും ഭീകരരെയും മഹത്വവത്കരിക്കുന്ന ഒരു ശൈലി ചില മാധ്യമങ്ങളെങ്കിലും സ്വീകരിക്കുന്നുണ്ട് എന്നുകൂടി പറയട്ടെ.
അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യ
ലോക രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക ശക്തിയായി ഇന്ത്യ വളര്‍ന്നിട്ടുണ്ട്. അന്തര്‍ദേശീയ വേദികളില്‍ ഇന്ത്യ ഇന്ന് വളരെയധികം മാനിക്കപ്പെടുന്നു. സൈനികമായി ഇന്ത്യ ഒരു വന്‍ ശക്തിയായി വളര്‍ന്നിരിക്കുന്നു. ലോകത്തിലെ എല്ലാ സൈനിക ശക്തികളുമായി ധാരണയുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ അന്തസിന്റേയും ധാര്‍മ്മികതയുടേയും ദേശീയതയുടേയും പ്രതീകമായി മാറാന്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കഴിഞ്ഞിരിക്കുന്നു. ലോകം ആദരിക്കുന്ന വിശ്വനേതാക്കളില് മുന്‍പന്തിയില്‍ അദ്ദേഹം എത്തിക്കഴിഞ്ഞു.
സാംസ്കാരിക രംഗത്ത് നമ്മള് എക്കാലത്തും ഒരു സൂപ്പര്‍ പവറായിരുന്നു. എന്തുകൊണ്ടോ നമ്മുടെ സാംസ്കാരിക രംഗത്തുള്ള ശക്തി വെളിയില്‍ കൊണ്ടുവരുന്നതില്‍ ആരും അത്ര മുന്‍കൈ എടുത്തിരുന്നില്ല. ഇപ്പോള്‍ അതു നടക്കുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസം ഒരു പുതിയ ദിശയിലേക്കു പോകും എന്ന് വ്യക്തമാക്കുന്ന രീതിയിലാണ് മോദി ഗവണ്മെന്റിന്റെ പുതിയ വിദ്യാഭ്യാസനയം. ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസം എന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് നമ്മുടെ സംസ്കാരത്തെ പ്രോജ്വലമാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസ പദ്ധതി ഇവിടെ ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജെഎന്‍യു തുടങ്ങിയപ്പോള്‍ അവിടെ ഉന്നത വിദ്യാഭ്യാസവും സ്വതന്ത്ര ചിന്തയുമൊക്കെ ഉദ്ദീപ്തമാക്കാനുള്ള സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതെല്ലാം ദുരുപയോഗപ്പെടുത്തി നാടിനും നാട്ടാര്‍ക്കും നമ്മുടെ ദേശീയതക്കും പൈതൃകത്തിനും മൂല്യങ്ങള്‍ക്കുമെല്ലാം എതിരായി നില്ക്കുന്ന രീതിയാണ് ജെഎന്‍യുവില്‍ ഒരു വിഭാഗം കൈക്കൊള്ളുന്നത്. ജെഎന്‍യു രാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു. അത് ജീര്‍ണതയിലേക്കു കൂപ്പുകുത്തുന്നു. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തകര്‍ച്ചയാണ് അവിടെ നമുക്ക് കാണാന്‍ കഴിയുക. വന്‍ ധനസഹായമാണ് ഈ സര്‍വകലാശാലക്ക് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള അക്കാദമിക് മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്നുണ്ടോയെന്ന കാര്യം തീര്‍ച്ചയായും പരിശോധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: