ബെംഗളൂരു: കൊറോണ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വിവര ശേഖരണത്തിനെത്തിയ ആശാ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം. പരിശോധനയുമായി സഹകരിക്കരുതെന്ന് മുസ്ലീം പള്ളിയിലെ ഉച്ചഭാഷണിയിലൂടെ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സംഘടിത ആക്രമണം.
ബെംഗളൂരു ബൈട്ടരായനപുര സരൈപാളയ സാദിഖ്യൂ ലേ ഔട്ടിലായിരുന്നു സംഭവം. ആശാ പ്രവര്‍ത്തകര്‍ പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുകയായരുന്നു. ഇതൊടൊപ്പം മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരോടെ കുറച്ചാള്ക്കാരെത്തി ആശാ പ്രവര്‍ത്തകരെ തടയുകയും ബാഗും മൊബൈല്‍ ഫോണും ബലമായി പിടിച്ചു വാങ്ങുകയും ചെയ്തു. ഇതിനു ശേഷം പ്രദേശത്തു നിന്ന് ശേഖരിച്ച വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കീറി കളയുകയം ഭീഷണിപ്പെടുത്തുകയും ചെയ്തു.
സമീപത്തെ പള്ളിയിലെ ഉച്ചഭാഷണിയിലൂടെ വിവരശേഖരണവുമായി സഹകരിക്കരുതെന്ന് അറിയിച്ചതിനു പിന്നാലെയാണ് ആക്രമിച്ചതെന്ന് ആശാപ്രവര്‍ത്തകയായ കൃഷ്ണവേണി പറഞ്ഞു. സാദിഖ്യൂ ലേ ഔട്ട് പ്രദേശത്തു നിന്ന് കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് പ്രദേശത്ത് സര്‍വെ നടത്തിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്ക്കര്‍ റാവു പറഞ്ഞു.
പരിക്കേറ്റ ആശാപ്രവര്‍ത്തക കൃഷ്ണവേണിയുടെ വീട് ഉപമുഖ്യമന്ത്രി ഡോ.സി.എന്‍. അശ്വത്നാരായണ്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി. ആശാ പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. നേരത്തെ ഹെഗ്ഡെ നഗറിലും ആശാ പ്രവര്‍ത്തകരെ വിവരശേഖരണത്തില്‍ നിന്ന് തടഞ്ഞിരുന്നു.
ആശാ പ്രവര്‍ത്തകര്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ബി.ശ്രീരാമലു പറഞ്ഞു. ബെംഗളൂരു ഈസ്റ്റ് ഡിസിപി ശരണപ്പ പ്രദേശം സന്ദര്‍ശിച്ചു. പ്രദേശത്ത് സര്‍വെ പൂര്‍ത്തിയാക്കാന്‍ ആശാ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്ന് ഡിസിപി പറഞ്ഞു. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: