ലണ്ടന്‍: ക്രിക്കറ്റിലെ മഴ നിയമമായ ഡക്ക്വര്‍ത്ത്-ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ടോണി ലൂയിസ് (78) അന്തരിച്ചു.1997ലാണ് സ്റ്റാറ്റിസ്റ്റിഷ്യനായ ഫ്രാങ്ക് ഡക്ക്വര്‍ത്തിനൊപ്പം ചേര്‍ന്ന് ഗണിതശാസ്ത്രജ്ഞനായ പ്രൊഫ. ടോണി ലൂയിസ് ഡക്ക്വര്‍ത്ത് -ലൂയിസ് രീതി ആവിഷ്ക്കരിച്ചത്. 1999ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നിയമം ഔദ്യോഗികമായി അംഗീകരിച്ചു.
2014ല്‍ പ്രൊഫസര്‍ സ്റ്റീവന്‍ സ്റ്റേണ് ഈ നിയമത്തില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശങ്ങള്‍ ഐസിസി അംഗീകരിച്ചതോടെ അദ്ദേഹത്തിന്റെ പേരു കൂടി മഴ നിയമത്തില്‍ ചേര്‍ത്തു. ഇതോടെ നിയമം ഡക്ക്വര്‍ത്ത്-ലൂയിസ്-സ്റ്റേണ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
ലങ്കാഷെയറിലെ ബോള്‍ട്ടണില്‍ ജനിച്ച ലൂയിസ് ഷെഫീല്‍ഡ് സര്‍വകലാശാലയില്‍ നിന്ന് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ബിരുദം നേടി. 2010ല്‍ ലൂയിസിന് എം.ബി.ഇ (മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍) ബഹുമതി ലഭിച്ചിരുന്നു. ക്രിക്കറ്റിനും ഗണിതശാസ്ത്രത്തിനും നല്കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു പുരസ്കാരം.
ഡക്ക്വര്‍ത്ത്-ലൂയിസ്സ്റ്റേണ് നിയമത്തിനു മുന്‍പ് മറ്റൊരു തരത്തിലാണ് മഴ കളിക്കുന്ന മത്സരങ്ങളിലെ പുനര്‍നിര്‍ണയം നടത്തിയിരുന്നത്. 1992 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് 13 പന്തുകളില്‍ 22 റണ്‍സാണ് വേണ്ടിയിരുന്നത്. മഴ മാറി പുനര്‍നിര്‍ണയിച്ച വിജയലക്ഷ്യം ഒരു പന്തില്‍ 21 റണ്‍സ് എന്നതായിരുന്നു. ഇതോടെ പുതിയ നിയമം വേണമെന്ന് ആവശ്യമുയര്‍ന്നു. തുടര്‍ന്നാണ് ഡക്ക്വര്‍ത്ത്-ലൂയിസ് നിയമം ആവിഷ്കരിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: