കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ വിജയിപ്പിക്കുന്നതില്‍ കടകളുടെ ഷട്ടര്‍ താഴ്ത്തി പരിപൂര്‍ണ്ണ സഹകരണം പ്രഖ്യാപിച്ച വ്യാപാരികള്‍, ലോക്ഡൗണ്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആശങ്കയുടെ മുള്‍മുനയിലാണ് ഇന്നുള്ളത്. ആശങ്ക കട തുറക്കാന്‍ കഴിയാത്തതുകൊണ്ടല്ല. കടയിലുള്ള സാധനങ്ങള്‍ നശിച്ചുപോകുമോ യെന്ന ഭയം കൊണ്ടാണ്.
അതാത് ദിവസം ഉപയോഗിച്ചില്ലെങ്കില്‍ നശിച്ചുപോകുന്ന സാധനങ്ങള്‍ ഏറെയാണ്. പെരുച്ചാഴിയുടെയും എലിയുടെയും ശല്യം കാരണം കടയ്ക്കകത്ത് എന്തൊക്കെ സാധനങ്ങള്‍ നശിച്ചിട്ടുണ്ടാകുമെന്ന ഭയമാണ് മറ്റൊന്ന്.
ബില്ലിംഗിന്റെ ഭാഗമായുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഇതിനകം തന്നെ എലികള്‍ കടിച്ചു മുറിച്ചു കളഞ്ഞിട്ടുണ്ടാകുമോയെന്ന ആധിയും ഇല്ലാതില്ല. കാലാവധി കഴിയുന്ന സാധനങ്ങള്‍ കടയ്ക്കകത്ത് ഏറെയാണ്. ഇവ വിറ്റുതീര്‍ന്നില്ലെങ്കില്‍ ഉപയോഗ ശൂന്യമാവും. സാമ്പത്തിക നഷ്ടം മാത്രമല്ല. എല്ലാം പെറുക്കിയെടുത്ത് എവിടെക്കൊണ്ടുപോയി കളയുമെന്ന ചോദ്യവും ഉയരുന്നു.
തുണി വ്യാപാരികള്‍ക്ക് ആധി കുറച്ചൊന്നുമല്ല. പല കടകളിലും എലി ശല്യം കഠിനമാണ്. അതാത് ദിവസം തുറക്കുന്നത് കൊണ്ട് എലികള്‍ക്ക് വലിയ ആക്രമണം നടത്താന്‍ കഴിയാറില്ലെങ്കിലും കുറേനാള്‍ കടകള്‍ അടച്ചിടുമ്പോള്‍ അവയ്ക്ക് താണ്ഡവമാടാനുള്ള സമയവും അവസരവും ഏറെ.
സ്റ്റുഡിയോകളും പെയിന്റ് കടകളും വലിയ ഭീഷണി നേരിടുന്നു. പെയിന്റ്കടകളിലെ മിക്സിംഗ് യന്ത്രം നിരന്തരം പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ കേടാവും. സ്റ്റുഡിയോകളിലെ പ്രിന്ററുകള്‍ മഷി ഒട്ടിപ്പിടിച്ച് പ്രവര്‍ത്തിക്കാതാവും. സിമന്റ് കച്ചവടക്കാര്‍ക്കും ആധിയുണ്ട്. സിമന്റുകള്‍ ഏറെ നാള് കൂട്ടിയിട്ടാല്‍ കട്ടപിടിച്ചുപോവും. 21 നാള് നീണ്ടു നില്ക്കുന്ന ലോക്ഡൗണിനിടയില് അല്‍പ്പനേരത്തെക്കെങ്കിലും കടകളൊന്ന് തുറന്നില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന നഷ്ടകഷ്ടങ്ങളുടെ കണക്കോര്‍ത്ത് വ്യാപാരികള്‍ക്കുള്ള ചങ്കിടിപ്പ് ചെറുതല്ല.
ഈയൊരവസരത്തില്‍ സര്‍ക്കാരിന്റെ ചില സഹായങ്ങള്‍ തേടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ. അഹ്മദ് ഷരീഫ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ്. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഏതാനും മണിക്കൂര്‍ നേരത്തേക്ക് കടകള്‍ തുറക്കാന്‍ അനുമതി തരണം. സാധനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ വേണ്ടിയല്ല, മേലെ പറഞ്ഞ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് കത്തിൽ പറയുന്നു.
കടകളില്‍ സംഭരിച്ച് വെച്ചിരിക്കുന്ന കൊപ്ര, തേങ്ങ പോലുള്ളവ മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്കോ മില്ലുകളിലേക്കോ മാറ്റാന്‍ സൗകര്യം ഒരുക്കണം, സ്റ്റേഷനറി കടകളില്‍ സൂക്ഷിച്ചിരിക്കുന്ന ബിസ്കറ്റ്, ജാം, മിഠായി, ചോക്കളേറ്റ്, പാക്കേജ്ഡ് ഫുഡ് തുടങ്ങിയവ പലചരക്ക് കടകളിലേക്ക് മാറ്റി വില്‍പ്പന നടത്താന്‍ അനുവദിക്കണം. അടച്ചിട്ടിരിക്കുന്ന കാലയളവില്‍ എക്സ്പയറി ഡേറ്റ് കഴിഞ്ഞു പോകുന്നതും കഴിയാറാകുന്നതുമായ സാധനങ്ങള്‍ തിരിച്ചെടുത്ത് മാറ്റി നല്കാന് ഉല്പാദകര്ക്ക് നിര്‍ദ്ദേശം നല്‍കണം.
മൊബൈല്‍ റീചാര്‍ജിംഗ് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമായതിനാല്‍ റീചാര്‍ജ് ചെയ്യുന്ന സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം, അടച്ചിട്ടിരിക്കുന്ന കടകളില്‍ കണക്കുകള്‍ തയ്യാറാക്കാനോ സമര്‍പ്പിക്കാനോ സാഹചര്യമില്ലാത്തതിനാല്‍ ജി.എസ്.ടി. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 3 മാസത്തെ സാവകാശം നല്‍കുകയും പിഴ പൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്യണം, സ്വകാര്യ കെട്ടിടങ്ങളിലടക്കം വാടകയ്ക്ക് കച്ചവടം ചെയ്യുന്നവര്‍ക്ക് 3 മാസത്തെ വാടക ഒഴിവാക്കി നല്കാന് ഉത്തരവിറക്കണം, വായ്പാ തിരിച്ചടവും പലിശയും 3 മാസത്തേക്ക് ഒഴിവാക്കി നല്കാന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, കറന്റ് ചാര്‍ജ് ഉള്‍പ്പെടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നല്‍കേണ്ട എല്ലാ ചാര്‍ജുകളും 3 മാസത്തേക്ക് ഒഴിവാക്കണം. എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കാസര്‍കോട് ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: