കാസര്‍കോട്: രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ, ധനകാര്യ സ്ഥാപനങ്ങളിലെ അച്ചടിജോലികള്‍ അടിയന്തരമായി ചെയ്യുന്നതിന് കേരളത്തിലെ അച്ചടിസ്ഥാപനങ്ങള്‍ തയ്യാറാണെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് അറിയിച്ചു. ഐ.ഡി. കാര്‍ഡുകള്‍, യാത്രാപാസുകള്‍ തുടങ്ങിയവ അത്യാവശ്യമായി തയ്യാറാക്കേണ്ടിവരുന്നു. സര്‍ക്കാര്‍ ഇതിനാവശ്യമായ സുരക്ഷിതത്വവും സൗകര്യവുമൊരുക്കണം.
പ്രവര്‍ത്തിക്കാതെ കിടക്കുന്ന മെഷിനറികള്‍ പലകാരണങ്ങള്‍കൊണ്ട് കേടാവുന്ന അവസ്ഥ വരുംദിവസങ്ങളിലുണ്ടാവും. ആഴ്ചയിലൊരിക്കലെങ്കിലും മെഷിനറികള്‍ ഓണ്‍ചെയ്ത് ആവശ്യമായ മുന്‍കരുതലുകളെടുക്കാനുള്ള സൗകര്യം അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണം. ജീവനക്കാരുടെ വേതനം, വായ്പത്തിരിച്ചടവ്, വാടക മുതലായവയും അച്ചടിമേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും നികുതി അടയ്ക്കുന്നതിനും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള കാലാവധി നീട്ടിയത് കൂടാതെ നികുതിക്കും ഫീസിനും പിഴകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിക്കണം.
ബാങ്ക് വായ്പയ്ക്ക് ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ റിസര്‍വ് ബാങ്കില്‍ സമ്മര്‍ദം ചെലുത്തണം. മാര്‍ച്ച് 31നുശേഷം തുക ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടാതിരിക്കാന്‍ സാമ്പത്തികവര്‍ഷ കണക്കെടുപ്പ് മൂന്നുമാസത്തേക്ക് നീട്ടിവയ്ക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാടക നല്‍കുന്നതിന് രണ്ടുമാസത്തെ സാവകാശം പ്രഖ്യാപിച്ചതിനുപകരം ഈ കാലയളവിലെ വാടകയ്ക്ക് പൂര്‍ണമായ ഇളവ് നല്‍കണം. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരള പ്രിന്റേഴ്സ് അസോസിയേഷന് പൂര്‍ണ പിന്തുണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: