ജനീവ: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്ക്. ലോകത്താകെ എട്ടുലക്ഷത്തിലധികം വൈറസ് ബാധിതര്‍. ഭേദമായത് 1,72,516 പേര്‍ക്ക്. 30,445 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇറ്റലി, സ്പെയ്ന്‍, അമേരിക്ക, ഫ്രാന്‍സ്, ചൈന, ഇറാന്, യുകെ, എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയ്ക്ക് പിന്നാലെ ഇറ്റലിയിലും രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഓസ്ട്രേലിയില്‍ രോഗം സ്ഥിരീകരിക്കുന്നവരില്‍ അധികവും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരെന്ന് റിപ്പോര്‍ട്ട്. ദുബായ്യിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
കിഴക്കന്‍ ഏഷ്യയേയും പസഫിക് മേഖലയെയും കൊറോണ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിടുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്കി. ഒരു കോടി ജനങ്ങള്‍ മഹാമാരിയെ തുടര്‍ന്ന് പട്ടിണിയിലാകുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയില്‍ മരണ നിരക്ക് ഉയരുന്നു
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവുമധികം കൊറോണ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 1,65,392 കടന്നു. 3,182 പേര് മരിച്ചു. ഇന്നലെ മാത്രം 575 പേര് മരിച്ചു. 3,535 പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍. ന്യൂയോര്‍ക്കില്‍ മാത്രം മരണം 1200 കടന്നു. വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 82000 ആളുകളെങ്കിലും അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിക്കും. ഏപ്രില്‍ മധ്യത്തോടെ ദിവസം 2000 പേരെങ്കിലും അമേരിക്കയില്‍ മരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കൊറോണ പ്രതിരോധത്തില്‍ അമേരിക്കയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ചൈന തയാറാണെന്ന് ആരോഗ്യ മന്ത്രി മാ ഷിയോവൈ യുഎസ് ആരോഗ്യ സെക്രട്ടറിയെ ഫോണിലൂടെ അറിയിച്ചു.
അതേസമയം, അടുത്ത 30 ദിവസം രോഗവ്യാപനം തടയുന്നതില്‍ അമേരിക്കയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് പറഞ്ഞു. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നല്‍ നല്കി. അമേരിക്കന്‍ ജനസംഖ്യയുടെ എണ്പതു ശതമാനവും നിലവില്‍ വീടുകളില്‍ തുടരുകയാണ്.
ഈസ്റ്റര്‍ വരെ ഇറ്റലി ലോക്ഡൗണില്‍
റോം: ഏറ്റവുമധികം കൊറോണ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ ആകെ മരണം 11,591 കടന്നു. ഇന്നലെ മാത്രം എണ്ണൂറിലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. നാലായിരത്തോളം പേരുടെ നില ഗുരുതരമായി തുടരുന്നു. രോഗബാധിതരുടെ എണ്ണം 1,01,739 ആയി. ഈസ്റ്റര്‍ വരെ രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരും. പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെന്നത് ഇറ്റലിക്ക് ആശ്വാസമാണ്.
സ്പെയ്നില്‍ റെക്കോഡ് മരണം
മാഡ്രിഡ്: സ്പെയ്നില്‍ കൊറോണ മരണ നിരക്കില്‍ റെക്കോഡ് ഉയര്‍ച്ച. ഇന്നലെ മാത്രം 849 പേരാണ് മരിച്ചത്. കൊറോണ ബാധിച്ച് സ്പെയ്നില്‍ ഒരു ദിവസം ഇത്രയധികം പേര് മരിക്കുന്നത് ആദ്യമാണ്. രാജ്യത്ത് 94,417 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 8,269 പേര്‍ക്ക് ഇതുവരെ ജീവന് നഷ്ടമായി. 19,259 പേര് രോഗത്തില്‍ നിന്ന് മുക്തരായി. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഗുരുതരമായി തുടരുന്നതും സ്പെയ്നിലാണ്, 5,607 പേര്‍ക്ക്.
ജര്‍മന്‍ ചാന്‍സലര്‍ സുഖം പ്രാപിക്കുന്നു
ബെര്‍ലിന്‍: കൊറോണ ബാധിച്ച് ഐസൊലേഷനിലായിരുന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ മൂന്നാമത്തെ സ്രവ പരിശോധനാ ഫലവും നെഗറ്റീവ്. ഔദ്യോഗിക വക്താവ് സ്റ്റീഫെന്‍ സെയ്ബര്ട്ടാണ് ഇക്കാര്യം അറിയിച്ചത്.
68,180 പേര്‍ക്കാണ് ജര്‍മനിയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 682 പേര് മരിച്ചു. 15,824 പേര്‍ക്ക് രോഗം ഭേദമായി.
ഫ്രാന്‍സില്‍ രോഗബാധിതര്‍ വര്‍ധിക്കുന്നു
പാരീസ്: ഫ്രാന്‍സില്‍ കൊറോണ ബാധിതരുടെ എണ്ണം 44,550 ആയി. 3,024 പേര് മരിച്ചു. 7,927 പേര്‍ക്ക് രോഗം ഭേദമായെങ്കിലും 5,056 പേരുടെ നില അതീവ ഗുരുതരമാണ്. സ്പെയ്ന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര് ഗുരുതരാവസ്ഥയിലുള്ളതും ഫ്രാന്‍സിലാണ്.
ഇറാനില്‍ വീണ്ടും രോഗികള്‍ പെരുകുന്നു
ടെഹ്റാന്: ഇറാനില്‍ ഇന്നലെ മാത്രം 3,111 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 44,606 ആയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് കിയനുഷ് ജഹന്‍പൂര്‍ പറഞ്ഞു. ഇന്നലെ 141 പേര് മരിച്ചതോടെ ആകെ മരണം 2,898 ആയെന്നും അദ്ദേഹം പറഞ്ഞു. 14,656 പേര് ഇതുവരെ ആശുപത്രി വിട്ടെന്നും 3,703 പേര് ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ആശുപത്രികളിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: