കോഴിക്കോട്: ക്ഷണിച്ചത് രണ്ടായിരത്തിലധികം പേരെയാണെങ്കിലും വിവാഹത്തില്‍ പങ്കെടുത്തത് ഏഴു പേര് മാത്രം. ആളും ആരവവുമില്ലാതെ അഖില്‍ പാര്‍വ്വതിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ അതു കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടന്ന വിവാഹമായി. വരനും വധുവും പൂജാരിയും രക്ഷിതാക്കളും ഉള്‍പ്പെടെ വിവാഹത്തില്‍ ആകെ പങ്കെടുത്തത് ഏഴു പേര് മാത്രം. കുമാരസ്വാമി ദേവശ്രീ വീട്ടില്‍ ജയദാസന്റെയും അനിത ജയദാസന്റെയും മകന് അഖിലും ഗോവിന്ദപുരം മൈലാംപടി നാരങ്ങാളി വീട്ടീല് ശബരിനാഥിന്റെയും ജീജ ശബരിനാഥിന്റെയും മകള്‍ പാര്‍വ്വതിയും തമ്മിലുള്ള വിവാഹമാണ് നടന്നത്.
വധുവിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ മണ്ഡപത്തിലായിരുന്നു ചടങ്ങ്. വരനും വധുവും പരസ്പരം മാലചാര്‍ത്തി. അഖിലിന്റെ പിതാവും പിതൃസഹോദരന് ശിവദാസനും പാര്‍വ്വതിയുടെ അച്ഛനും അമ്മയും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് ലളിതമായ ഭക്ഷണത്തിനുശേഷം വരനും വധുവും കാറില്‍ വരന്റെ വീട്ടിലേക്ക്.
വീഡിയോകോളിലൂടെയും ഫെയ്സ് ബുക്ക് ലൈവിലൂടെയുമാണ് ബന്ധുക്കളും സുഹൃത്തുക്കളും വിവാഹം കണ്ടതെന്ന് അഖില്‍ പറഞ്ഞു.ഏഴു മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. വിവാഹം മാറ്റിവെക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ എസി മെക്കാനിക്ക് ആണ് അഖില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: