ആലപ്പുഴ: മത്സ്യബന്ധനം പൂര്‍ണമായും വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് അനുസരിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് അനുവാദം നല്കി 27ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തു വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പൂര്‍ണമായും വിലക്കി ഉത്തരവായത്.
ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വരുമാനത്തിന് യാതൊരു മാര്‍ഗവുമില്ലാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. ഈ മേഖലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ഏഴു മാസത്തെ പെന്ഷന് കുടിശിക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. നേരത്തെ ബോട്ടുകളില്‍ ലഭിച്ചു ഫ്രീസറില്‍ സൂക്ഷിച്ച വലിയ മത്സ്യങ്ങള്‍ ചിലയിടങ്ങളില്‍ മുറിച്ചു വില്‍ക്കുന്നുണ്ട്.
പ്രളയത്തിനു ശേഷം കുട്ടനാട്ടിലെ ഉള്‍നാടന്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ഇപ്പോഴും മാറിയിട്ടില്ല. ലോക്ഡൗണായതോടെ മിക്കവരും മീന്‍ പിടിക്കാന്‍ പോകുന്നില്ല. വേമ്പനാട്ടു കായല്‍ മേഖലയില്‍ കായല്‍ മീനുകളുടെ വിപണനം മാത്രം നടക്കുന്ന ചന്തകളും നിശ്ചലമാണ്. മീന്‍ പിടിച്ചാലും വില്ക്കാന് വഴിയില്ല. പലരും കായലില്‍ ഇറങ്ങുന്നതു സ്വന്തം ആവശ്യത്തിനുള്ള മീന്‍ പിടിക്കാന്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: