ന്യൂദല്‍ഹി: രാജ്യം കോവിഡ് ഭീതിയില്‍ പൊരുതുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അതിനേക്കാള്‍ അപകടം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിദിനം നിരവധി വ്യാജ വാര്‍ത്തകളാണ് ഉള്ളത്. ഇത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നതാണ്.
മഹാമാരിക്കിടയില്‍ രാജ്യത്ത് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ഏറെ അപകടം ഉണ്ടാക്കുന്നതാണ്. കൊറോണയ്ക്കെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണ് രാജ്യമെന്ന് വാര്‍ത്താവിതരണ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും അറിയിച്ചു.
ലക്ഡൗണ് അനിശ്ചിത കാലത്തേയ്ക്ക് നീട്ടുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. കൂടാതെ രാജ്യത്ത് ഏപ്രില്‍1 മുതല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്നും ഇന്ത്യന്‍ സായുധ സേനാ വിഭാഗങ്ങള്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, എന്‍സിസി, എന്‍എസ്എസ്, എന്നിവര്‍ അതാത് ജില്ലാ തല സര്‍ക്കാര്‍ സംവിധാനത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇത്തരത്തില്‍ വ്യാജ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടികളാകും കൈക്കൊള്ളുകയെന്ന് വാര്‍ത്താ വിതരണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ പേരിലും വ്യാജ വാര്‍ത്തയും രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്ന പേരില്‍ വ്യാജ അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് പ്രചാരണം. ജനങ്ങളുടെ പണം തട്ടിയടുക്കുന്നതിനുള്ള ഈ സന്ദേശങ്ങളിലും അക്കൗണ്ട് വിവരങ്ങളിലും വിഴരുതെന്ന് പ്രധാനമന്ത്രി അറിയിച്ചു.
രാജ്യത്തെ ആരോഗ്യവിഭാഗത്തിന്റെ പേരില്‍ പോലും വ്യാജ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ സമൂഹമാധ്യ മങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഇത് ശ്രദ്ധിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. സമൂഹമാധ്യമങ്ങള്‍ വഴി അത്തരം വാര്‍ത്തകള്‍ അതിവേഗം പരക്കുന്നതിനാല്‍ ശ്രദ്ധവേണം. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ഉത്തരവാദിത്വപ്പെട്ട മാധ്യമങ്ങളെല്ലാം സദാ ജാഗ്രത പുലര്‍ത്തണമെന്നും വാര്‍ത്തകളുടെ ഉറവിടത്തെപ്പറ്റി പ്രാദേശിക തലത്തില്‍ നല്ല നിരീക്ഷണം നടത്തിയ ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: