കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതില്‍ ആയുര്‍വേദത്തിന്റെ സാധ്യതകളും പരിഗണിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ആയുര്‍വേദം എപ്രകാരം സഹായിക്കുമെന്നത് സംബന്ധിച്ച് ആയുര്‍വേദ വിദഗ്ധരുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തുകയും അത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ആയുര്‍വേദത്തിന്റെ രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഒട്ടേറെ പേര്‍ക്ക് പ്രതീക്ഷ നല്കുമെന്നകാര്യത്തിലും സംശയമില്ല. ആയുര്‍വേദ മരുന്നുകള്‍ ഏതെങ്കിലും തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ആയുര്‍വേദ രംഗത്ത് പ്രവര്‍ത്തിക്കുന്ന മനുഷവിഭവ ശേഷിയും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഹോമിയോപ്പതി, പ്രകൃതി ചികിത്സ, സിദ്ധ വൈദ്യം, യൂനാനി ചികിത്സ എന്നിവയുടെയെല്ലാം സാധ്യതകള്‍ കൂടി പരിശോധിക്കുമെന്നും പ്രത്യാശിക്കാം.
ഇതുവരെ പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ല കൊറോണ വൈറസിനെതിരെ. സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യുകയാണ് വൈദ്യശാസ്ത്രലോകം. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ ഒന്നടങ്കം പറയുകയും ചെയ്യുന്നു. എന്നാല്‍ അലോപ്പതി മരുന്നുകൊണ്ട് മാത്രമേ കൊറോണയെ പിടിച്ചുകെട്ടാന്‍ സാധിക്കൂ എന്നാണ് അലോപ്പതി ഡോക്ടര്‍മാരുടെ വാദം. മറ്റ് ചികിത്സാ സമ്പ്രദായങ്ങള്‍ അവലംബിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ അതിപുരാതന ചികിത്സാ രീതിയായ ആയുര്‍വേദം ഉള്‍പ്പെടെ പലതിനേയും അവര്‍ തള്ളിക്കളയുകയും ചെയ്യുന്നു. എന്നാല്‍ അലോപ്പതി ഡോക്ടര്‍മാരുടെ വാദഗതികളെ അപ്പാടെ അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നത് ആയുര്‍വേദത്തിനുള്ള അംഗീകാരം കൂടിയാണ്.
കൊറോണ വൈറസിനെതിരെ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ വൈദ്യം, പ്രകൃതി ചികിത്സ, യൂനാനി ചികിത്സ എന്നിവയുടെ സാധ്യത തള്ളിക്കളയേണ്ടതില്ലെന്ന് ആയുഷ് മന്ത്രാലയവും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തെ നിരാകരിക്കുന്ന സമീപനമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വക്താക്കള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യം രോഗബാധിതരെ വച്ചുള്ള ഒരുപരീക്ഷണത്തിന്റെ സമയമല്ല എന്ന് ഏവര്‍ക്കും അറിയാം. തര്‍ക്ക വിതര്‍ക്കങ്ങള്‍ക്കും സ്ഥാനമില്ല. പക്ഷേ, പാരമ്പര്യ ചികിത്സാ രീതികളെ അപ്പാടെ നിഷേധിച്ച്, ആധുനിക വൈദ്യശാസ്ത്രം മാത്രമാണ് കൊറോണ വൈറസിനെതിരെയുള്ള ഫലപ്രദമായ ചികിത്സ എന്ന് ഉറപ്പിച്ച് പറയുമ്പോള്‍ അതിന്റെ ആധികാരികതയും തെളിയിക്കപ്പെടണം. കൊറോണ വൈറസിനെതിരെ വാക്സിന് കണ്ടുപിടിക്കുന്നതില്‍ ആധുനിക വൈദ്യശാസ്ത്രവും ഇതുവരെ വിജയിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്ന് നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. സാധാരണ പകര്‍ച്ച പനിക്കുള്ള മരുന്നുകളാണ് രോഗികളില്‍ പരീക്ഷിക്കുന്നത്. കൊറോണ ബാധിച്ച ഒരു വിദേശിക്ക് കേരളത്തില്‍ പരീക്ഷിച്ചത് എച്ച്ഐവിക്കുള്ള മരുന്നാണ്. അപ്പോള്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ് അലോപ്പതി ഡോക്ടര്‍മാര്‍ ചെയ്യുന്നത്. എന്നാല്‍ അവര്‍ ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാ രീതികളെ അംഗീകരിക്കാന്‍ മടിക്കുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നതിനാവണം രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത്. രോഗം പകരാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതുപോലെ തന്നെ പ്രധാനമാണതും. പ്രതിരോധ ശേഷി കൂട്ടുന്നതിനുതകുന്ന ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലുമൊക്കെ ഉണ്ടെന്നിരിക്കെ അത് തേടുന്നതില്‍ എന്താണ് തെറ്റ്. അലോപ്പതി ഡോക്ടര്‍മാര്‍ എന്തിനാണ് അത് നിരുത്സാഹപ്പെടുത്തുന്നത്. ഇത്തരം ചികിത്സാ രീതികളോട് അവര്‍ക്ക് പരമപുച്ഛമാണുള്ളത്. അവരുടെ ആ സമീപനം സാധാരണക്കാരുടെ ചിന്താഗതിയിലേക്ക് അടിച്ചേല്‍പ്പിക്കരുത്.
രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് കൊറോണ വൈറസിനെ അതിവേഗം അതിജീവിക്കാന്‍ സാധിക്കും. അതിനാല്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് പ്രധാനം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ അതിന് സഹായിക്കുന്ന ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട് ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും സിദ്ധവൈദ്യത്തിലും പ്രകൃതി ചികിത്സയിലുമെല്ലാം. ആ മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന് ജനങ്ങള്‍ക്ക് അവസരം ഒരുക്കിക്കൊടുക്കാന്‍ പുതിയ തീരുമാനപ്രകാരം സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കും എന്നതില്‍ സംശയമില്ല. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലുമെല്ലാം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ശാസ്ത്രീയമായ ചികിത്സാരീതികള്‍ ഫലപ്രദമായി നിലവിലുണ്ട്. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തയ്യാറാവണമെന്ന നിര്‍ദ്ദേശം കഴിഞ്ഞ ദിവസം ആയുര്‍വേദ ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ചിരുന്നു. ആ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറായി എന്നതുതന്നെ കൊറോണയെ ചെറുക്കാന്‍ സര്‍ക്കാര്‍ എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നതിന് ഉദാഹരണമാണ്.
അലോപ്പതി മരുന്നുകള്‍ പരാജയപ്പെട്ടിടത്ത് ആയുര്‍വേദവും ഹോമിയോപ്പതിയും പ്രകൃതി ചികിത്സയും ഒക്കെ വിജയം കണ്ടിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. എത്ര ശക്തമായ പനിക്കും ആയുര്‍വേദത്തില്‍ മരുന്നുണ്ട്. അതിവേഗം ഫലം തരും എന്നത് മാത്രമാണ് അലോപ്പതി മരുന്നിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരമാക്കുന്നത്. പാര്‍ശ്വഫലമാണ് ഇവയുടെ പ്രധാന ദൂഷ്യവശം. പക്ഷേ ആരും അത് കണക്കാക്കാറില്ല. സമൂഹത്തില്‍ അലോപ്പതി ഡോക്ടര്‍ക്ക് ലഭിക്കുന്ന താരപരിവേഷം ആയുര്‍വേദ വൈദ്യന്മാര്ക്കോ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്കോ ലഭിക്കാറുമില്ല. എന്നുകരുതി ആ മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയിക്കരുത്. ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും തളര്‍ത്തിയപ്പോള്‍ പലരും ആശ്രയിച്ചത് ആയുര്‍വേദ മരുന്നുകളെയാണ്.
കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ അലോപ്പതി മരുന്നുകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന ധാരണ മാറണം. സാധ്യമായ എല്ലാ ബദല്‍ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കപ്പെടണം. സംസ്ഥാന സര്‍ക്കാര്‍ ആയുര്‍വേദത്തേയും പരിഗണിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന കൂടുതല്‍ ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കുന്നതിനും പ്രോത്സാഹനമാകും. ചൈനയില്‍ കൊറോണയെ തുരത്താന്‍ മോഡേണ്‍ മെഡിസിനൊപ്പം അവിടുത്തെ പരമ്പരാഗത ചികിത്സാ രീതികളും പ്രയോജനപ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അങ്ങനെയെങ്കില്‍ അക്കാര്യം നമ്മളം അവഗണിച്ചുകൂടാ.
ഭാരതം ലോകത്തിന് സംഭാവന ചെയ്ത അമൂല്യമായ ആരോഗ്യ സംരക്ഷണ രീതിയാണ് ആയുര്‍വേദം. അതിന്റെ സാധ്യതകള്‍ തേടി ഇവിടെയെത്തുന്ന പാശ്ചാത്യരും നിരവധിയാണ്. രോഗം മാറ്റി ശരീരത്തിനും മനസ്സിനും പുനരുജ്ജീവനം നല്കുന്ന ചികിത്സാ പദ്ധതി ആയുര്‍വേദത്തെപ്പോലെ മറ്റൊന്നില്ല. ലോകം കോവിഡ് 19 എന്ന മഹാവ്യാധിക്കുമുന്നില്‍ തോറ്റുപോകുന്ന നിര്‍ണായക ഘട്ടത്തില്‍ ആയുര്‍വേദം,ഹോമിയോപ്പതി ഉള്‍പ്പടെയുള്ള രോഗശമന മാര്‍ഗ്ഗങ്ങളുടെ സാധ്യതകള്‍ കൂടി പരിഗണിച്ചുകൊണ്ട് ഈ മഹാമാരിയെ ചെറുക്കുന്നതില്‍ കേരള സര്‍ക്കാര്‍ മാതൃകയാകും എന്ന് പ്രതീക്ഷിക്കാം. ആരോഗ്യം പ്രദാനം ചെയ്യുന്ന ഏത് മാര്‍ഗ്ഗവും പരീക്ഷിക്കുക എന്നതും ഇപ്പോഴത്തെ കരുതലിന്റെ ഭാഗം തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: