‘ഒരിക്കല്‍ താന്‍ അവനുവേണ്ടി കരയും…അവനെകൊണ്ടു ബഞ്ച് തുടപ്പിച്ച തൂവാലകൊണ്ട് താന്‍ ആ കണ്ണീരൊപ്പും..’ അത്രയും നേരം ചാക്കോ മാഷ് എന്ന കഥാപാത്രത്തോട് പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്ന ദേഷ്യവും പകയും എല്ലാം ഒറ്റ നിമിഷംകൊണ്ടു ഇല്ലാതാക്കിയ സീന്‍…. അച്ഛന് മകന് ബന്ധത്തെ ആഴത്തില്‍ വരച്ചുകാട്ടിയ മലയാള ചിത്രം. സ്ഫടികം. മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് സിനിമകളില്‍ ഒന്ന് പുറത്തിറങ്ങിയിട്ട് കാല്‍നൂറ്റാണ്ടു തികഞ്ഞു. ഈ ഭദ്രന് ചിത്രത്തിലെ ആടുതോമയും ചാക്കോ മാഷും എന്നും മലയാള ചലച്ചിത്ര ലോകം ഓര്‍ക്കുന്ന മികച്ച കഥാപാത്ര സൃഷ്ടികളാണ്.
തോമസ് ചാക്കോ അഥവാ ആടുതോമ ഒരു നാടന്‍ ഗുണ്ടയാണ്. അയാള്‍ സ്കൂള്‍ ഹെഡ്മാസ്റ്ററും കണക്ക് അധ്യാപകനുമായിരുന്ന ചാക്കോ മാഷിന്റെ മകനാണ്. പഠനത്തില്‍ തന്റെ പ്രതീക്ഷകള്‍ക്കൊപ്പം എത്താതിരുന്ന മകനെ ചാക്കോ മാഷ് ചെറുപ്പത്തിലേ കഠിനമായി ശിക്ഷിച്ചിരുന്നു. നന്നായി പഠിക്കുന്നതിനു വേണ്ടി തോമസിനെ ഒരു വര്‍ഷം തോല്‍പ്പിക്കണമെന്ന് ചാക്കൊ മാഷ്, രാവുണ്ണി മാഷിനോട് ആവശ്യപ്പെടുന്നു. നന്നായി ഉത്തരം എഴുതിയിട്ടും പരീക്ഷയില്‍ തോറ്റ തോമസ് ചാക്കോ ഇതറിഞ്ഞ് മനം നൊന്ത് നാട് വിട്ടു.
14 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചാക്കൊ, ആട് തോമയായി തിരിച്ച് വരുന്നു. ചാക്കൊ മാഷും മകനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു. പണ്ട് നാടുവിട്ട രാവുണ്ണി മാഷും തോമസ് ചാക്കോയുടെ പഴയ കളിക്കൂട്ടുകാരിയുമായിരുന്ന തുളസിയും തിരിച്ചെത്തുന്നു. മകള്‍ ജാന്‍സിയുടെ കല്യാണത്തിന് തോമയെ അവഹേളിച്ചതിനെ തുടര്‍ന്ന് ഭാര്യയും മകളും അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോള്‍, ചാക്കോ മാഷ് സ്വന്തം ചെയ്തികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. സ്ഥലത്തെ പ്രമാണിയായ പൂക്കോയയുടെ മകളുടെ പ്രണയ വിവാഹത്തെ തോമ അനുകൂലിച്ച് സഹായിക്കുന്നു. കല്യാണത്തിടയില്‍ പൂക്കോയയുടെ ഗുണ്ടകളാല്‍ തോമ കുത്തേറ്റ് മരണാസന്നനായി ആശുപത്രിയില്‍ ആവുന്നു. പതിയെ ആരോഗ്യം വീണ്ട് എടുക്കുന്ന തോമ തുളസിയുടെ പ്രേരണയാല്‍ പ്രതികാര ചിന്തയില്‍ നിന്നും പിന്‍വാങ്ങി പഴയ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നു.
തന്റെ മുന്‍ കാല പ്രവൃത്തികളില്‍ പശ്ചാത്തപിച്ച് ആത്മഹത്യക്ക് തുനിഞ്ഞ ചാക്കൊ മാഷിനെ തോമ രക്ഷിച്ച് രണ്ട് പേരും ഒന്നാവുന്നു. തോമയുടെ ശത്രുക്കള്‍ ഒന്നിച്ച് ചേര്‍ന്നു ആക്രമിക്കുമ്പോള്‍ അബദ്ധത്തില്‍ തോമക്ക് പകരം, ചാക്കോ മാഷ്് വെടി ഏറ്റു മരിക്കുന്നു. തിരിച്ചുള്ള ഏറ്റുമുട്ടലില്‍ തോമ അച്ഛനെ വെടി വെച്ച പൂക്കോയയുടെ സുഹുത്ത് എസ്. ഐ. കുറ്റിക്കാടനെ വധിക്കുകയും തടവിലാവുകയും ചെയ്യുന്നു.
തോമസ് ചാക്കോ…മാതൃകാ അധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയ ആദര്‍ശവാദിയായ, കഴുതയെ പോലും കണക്കു പഠിപ്പിക്കുന്ന ചാക്കോമാഷ്. ഭൂഗോളത്തിന്റെ സ്പന്ദനം തന്നെ കണക്കിലാണ് എന്ന് കരുതിയിരുന്ന പിതാവ്. അയാളുടെ ലോകം കണക്കില്‍ ചുറ്റിപ്പറ്റിയായിരുന്നു. കണക്ക് പരീക്ഷയുടെ മാര്‍ക്കില്‍ ആണ് ചാക്കോമാഷ് ഓരോരുത്തരുടെയും എബിലിറ്റി കണക്കാക്കിയിരുന്നത്. എന്നും കൃത്യസമയത്ത് അടിക്കുന്ന മണി പോലെ അത് പ്രോഗ്രാം ചെയ്യപ്പെട്ടിരുന്നു..
ലോകം അറിയുന്ന ഒരു ഗണിതശാസ്ര്തജ്ഞനായി മകന് തോമസ് ചാക്കോ അറിയപ്പെടണമെന്നായിരുന്നു ചാക്കോ മാഷിന്റെ ആഗ്രഹം…പക്ഷേ, തോമായ്ക്ക് അതങ്ങോട്ട് ദഹിച്ചില്ല , കണക്ക് എന്നു കേട്ടാലേ അവനു കലിയിളകും…അവന്റെ മനസ്സ് പുതിയ പുതിയ കണ്ടുപിടിത്തങ്ങളുടെ പിന്നാലെയാണ്. അധ്യാപകരും സുഹൃത്തുക്കളും തോമയെ കണ്ടുപഠിക്ക് എന്ന് മക്കളോടു പറയുമ്പോള്‍ തോമയുടെ അപ്പന് പറയുന്നത് മറ്റുള്ളവരെ കണ്ടുപഠിക്കാനാണ്… പോലീസ് കോണ്‍സ്റ്റബിളിന്റെ മകനെ കണ്ടു പഠിക്കാനാണ് മാഷ് തോമയോട് എപ്പോളും പറയുന്നത്..,ആ കുട്ടിയോട് തോമായ്ക്കു വെറുപ്പായിരുന്നു. തോമയെ സ്വന്തം വഴിക്ക് കൊണ്ടുവരാന്‍ ചാക്കോ മാഷ് കണ്ടെത്തിയത് ക്രൂരമായ പീഡനമായിരുന്നു. ചാക്കോ മാഷിന്റെ നിര്‍ദേശപ്രകാരം തോമായെ ക്ലാസ്ടീച്ചര് എട്ടാംക്ലാസില്‍ തോല്പിച്ചു. കനത്ത ആഘാതമായിരുന്നു അവനത്, തോമ നാടുവിട്ടു. പോകുംമുന്‍പ് പോലീസുകാരന്റെ മകന്റെ കൈയില്‍ കോമ്പസ് വെച്ച് കുത്തിയിട്ട് അവന് പറഞ്ഞു: ‘ചാക്കോ മാഷ് എന്റെ അപ്പനല്ല, നിന്റെ അപ്പനാണ്.’പതിനേഴു വര്‍ഷത്തിനു ശേഷം തിരിച്ചുവന്ന തോമ ഒന്നാംതരം റൗഡിയായിരുന്നു. മകന്റെ പതനം അപ്പനെ തിളപ്പിച്ചു. അയാള്‍ അവനെ ഇറക്കിവിട്ടു. കവലയില്‍ ഒരു പീടികയുടെ മുകളില്‍ അവനൊരു മുറിയെടുത്തു. മാദകത്തിടമ്പായ ലൈലയും വാറ്റുചാരായവും അവന്റെ കൂട്ടുകാരായി. നാട്ടുകാര്‍ അവന് ആടുതോമയെന്ന് പേരിട്ടു… അങ്ങനെ ആടുതോമയുടെ കഥ തുടങ്ങി..ഒരു ഏറ്റുമുട്ടലില്‍ തോമയ്ക്ക് കുത്തേറ്റ വിവരമറിഞ്ഞ് ചാക്കോ രഹസ്യമായി ആശുപത്രിയിലെത്തി മകനെ കണ്ടു. ചാക്കോയുടെ മനസ്സില്‍ ഓര്‍മകള്‍ ഇരമ്പി…നിലാവുള്ള ഒരു രാത്രി മുറിയില്‍ അര്‍ധ നിദ്രയിലായിരുന്നു തോമ. പുറത്ത് അപ്പന് ചെകുത്താനെന്നു പേരിട്ട അയാളുടെ ലോറി കിടക്കുന്നു.തോമ ഞെട്ടിയുണര്‍ന്ന് പുറത്തേക്കു പാഞ്ഞു. ലോറിയിലെഴുതിയിരുന്ന ചെകുത്താന് എന്ന പേരു കാണുന്നില്ല. പകരം മറ്റൊരു പേര്! സ്ഫടികം! പെട്ടെന്ന് തോമ കണ്ടു. ലോറിക്കു പിന്നിലൂടെ ഒരു നിഴല്‍. തോമ പാഞ്ഞുചെന്നു. അത് ചാക്കോ മാഷായിരുന്നു. അവര്‍ പരസ്പരം നോക്കിനിന്നു. ഒരു നിമിഷം.അപ്പന്റെ മനസ്സ് മകനറിഞ്ഞു. മകന്റെ മനസ്സ് അപ്പനും. അതൊരു തിരിച്ചറിവിന്റെ നിമിഷമായിരുന്നു..അച്ഛനുമൊത്ത് സ്നേഹത്തോടെ ഒരു ജീവിതം കൊതിച്ച തോമയുടെ ദാഹത്തിന് വിലയുണ്ടായില്ല.. അദ്ദേഹം മരിച്ചു, തോമയുടെ കണ്ണുകള്‍ നിറഞ്ഞു…
അച്ഛന്റെയും മകന്റെയും തിരിച്ചറിവിന്റെയും ഏറ്റുപറച്ചിലിന്റെയും കഥ
ചട്ടമ്പിയുടെ കഥയല്ല സ്ഫടികം ഒരു അച്ഛന്റെയും മകന്റെയും തിരിച്ചറിവിന്റെയും ഏറ്റുപറച്ചിലിന്റെയും കഥയാണ്.സ്വന്തം മകന്റെ ജീവിതത്തിനെ കുറിച്ചുള്ള അമിതമായ ഉല്‍ക്കണ്ഠ ആകണം ആ പിതാവിനെ പരുക്കന്‍ ആക്കിയത്. എന്നാലും മകനിലെ മറ്റു കഴിവുകള്‍ കണ്ടെത്താനുള്ള കാഴ്ചശക്തി ചാക്കോ മാഷിന് ഉണ്ടായിരുന്നില്ല. അവിടെ ഗണിതാധ്യാപകന്റെ മുന്നില്‍ പരാജയപ്പെട്ടത് ചാക്കോ എന്ന പിതാവാണ്.
സംഭക്ഷണങ്ങളുടെ ശക്തിയാണ് സ്ഫടികമെന്ന ചിത്രത്തെ പൂര്‍ണ്ണ ശോഭയോടെ തെളിഞ്ഞ് നില്‍ക്കുന്നതിനാധാരം. ഓരോ കഥാപാത്രങ്ങളും പറയുന്ന വാക്കുകള്‍ , അതിന്റെ അര്‍ത്ഥത്തിലുള്ള ആഴം എല്ലാം മനസ്സിലാകും.. കാലമെത്ര കഴിഞ്ഞാലും ആ സംഭാഷണങ്ങള്‍ വീഞ്ഞ് പോലെ മധുരമായി കൊണ്ടിരിക്കുന്നു.. കഥാപാത്രങ്ങളുടെ സ്വഭാവം രൂപ കല്പന ചെയ്തിരിക്കുന്നത വിമര്‍ശിക്കാന്‍ കഴിയാത്ത പോലെയാണ്.. അച്ഛനും മകനും തങ്ങളുടെതായ കാഴ്ച്ചപ്പാടുകളിലും വ്യക്തിത്വത്തിലും ഉറച്ച് നിന്നാണ് പ്രവര്‍ത്തിക്കുന്നത്.. ചാക്കോ മാഷിന്റെ ഒപ്പം നിന്ന് അയാളുടെ വാക്കുകള്‍ കേട്ടാല്‍ നമ്മള് കരുതും മാഷാണ് ശരിയെന്ന്, തോമയുടെ ഒപ്പം നിന്നാല്‍ അങ്ങനെയും.. മക്കളുടെ ഭാവിയില്‍ മാതാപിതാക്കളുടെ വാശിക്ക് എത്ര മാത്രം സ്ഥാനമുണ്ടെന്ന് തോമയുടെ ജീവിതം കാട്ടി തരുന്നു.. തന്റെ മകന് ഏത് വഴി നടക്കണം, നടക്കരുതെന്ന് അഞ്ജാപിച്ച് വളര്‍ത്തുമ്പോള്‍ തങ്ങളുടെ മോഹളും സ്വതന്ത്ര്യവുമാണ് നഷ്ടമാകുന്നതെന്ന് മകന് അറിയുന്നു.. അംഗികാരങ്ങള്‍ നല്‍കേണ്ട സമയത്ത് അടിച്ചമര്‍ത്തല്‍ കിട്ടുമ്പോള്‍ പ്രതികരിച്ച തോമസ് ചാക്കോയില്‍ പുതിയൊരു വ്യക്തിത്വം ജനിക്കുന്നതാണ് ആടു തോമ.. ചിത്രത്തിലെ ആശയം ഇപ്പോഴും സമൂഹത്തിന്റെ നേരെയുള്ള ഒരു കണ്ണാടിയാണ്.
തുണിപറിച്ചടി ആരാധകര്‍ കൊണ്ടാടി
സ്ഫടികം എന്ന ചിത്രത്തിലേക്ക് ഭദ്രനെ എത്തിച്ചത് നിര്‍മ്മതാവ് അദ്ദേഹത്തിന് നല്കിയ ഒരു ഓഫറില്‍ നിന്നാണ്.. ഒരു വിജയചിത്രം ചെയ്യണം മോഹന്‍ലാല്‍ നടനായിട്ടുള്ളത്.. ആ സമയം അദ്ദേഹത്തിന്റെ ചിത്രത്തിലേക്ക് പല വ്യക്തികളും കടന്നു വന്നു.. താന്‍ കണ്ട ഒരു പാട് ജീവിതങ്ങള്‍, തന്റൊപ്പം പഠിച്ച സുഹുര്‍ത്തും അവനെ മുട്ടില്‍ നിര്‍ത്തി ശിക്ഷിക്കുന്ന അപ്പനും, പിന്നെ കണക്ക് പഠിപ്പിച്ച സാറും, നാട്ടിലെ ചട്ടമ്പിയായ ആളും അങ്ങനെ ഒരുപാട് വ്യക്തികളുടെ സംഗ്രഹം ആയിരുന്നു ആടുതോമയും ചാക്കോ മാഷും.. ചിത്രം വിജയിച്ചു, വിജയം എന്ന് പറഞ്ഞാല്‍ പോര അതിലുപരി വാക്കുകള്‍ വേണം ഇതിനെ വര്‍ണ്ണിക്കാന്‍…
ഭദ്രന് പറഞ്ഞു.. ‘ഞാന്‍ രണ്ടുവര്‍ഷം കൊണ്ടെഴുതിയ സ്ക്രിപ്റ്റാണ്. ഇതിലെ ഓരോ വാക്കും എനിക്കു മനഃപാഠമാണ്. ഷോഗണ്മോഹനെ വിളിച്ച് വിവരം പറഞ്ഞു: ‘പടം ഞാന്‍ ചെയ്യാം. ഈ കഥയില്‍ ഞാന്‍ പൂര്‍ണസന്തുഷ്ടനാണ്,’ മോഹന്‍ പറഞ്ഞു.’ഉറപ്പാണോ?’ഭദ്രന് ചോദിച്ചു.’ഫോണില്‍ക്കൂടി ഞാനിതാ അഡ്വാന്‍സ് തന്നിരിക്കുന്നു.’അങ്ങനെ ഷോഗണ് മോഹന്‍ സിനിമയുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തു..സിനിമയ്ക്ക് ആടുതോമ എന്ന് പേരിടണം എന്ന് മോഹന്‍ ഒരു നിര്‍ദേശം വെച്ചു. അപ്പോള്‍ ഭദ്രന് പറഞ്ഞു..’സ്ഫടികംപോലെ മനസ്സുള്ള തന്റെ മകനെ മനസ്സിലാക്കാന്‍ ശ്രമിക്കാതെ തന്റെ രീതിയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു ചാക്കോ മാഷ്. അവന്റെ കഴിവുകളെയെല്ലാം കണ്ടില്ലെന്നു നടിച്ച് സ്വന്തം ഇഷ്ടം നടപ്പാക്കി. എന്നാല്‍ ഒടുവില്‍ അദ്ദേഹം തിരിച്ചറിയുകയാണ്. തന്റെ മകന് സ്ഫടികംപോലെയാണെന്ന്. സാധാരണ ചിത്രങ്ങളിലെപ്പോലെ റൗഡിയുടെ മനസ്സല്ല മാറുന്നത്, അപ്പന്റെ മനസ്സാണ്. അതുകൊണ്ട് പേരു മാറ്റാനാകില്ല.’..ഇതിനിടെ മോഹന്‍ലാലിനെയും ചിലര്‍ വിളിച്ചു.’നായകന് തുണിപറിച്ചെറിഞ്ഞാല് ആരാധകര്‍ക്ക് സഹിക്കില്ല. മുട്ടനാടിന്റെ ചോര കുടിക്കുന്നയാളിനെയും അവര്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. ഒന്നുകില്‍ ഇതു രണ്ടും എടുത്തുകളയാന്‍ പറയണം. അതല്ലെങ്കില്‍ ലാല്‍ പിന്മാറണം.’ പക്ഷേ, മോഹന്‍ലാല്‍ പറഞ്ഞു: ‘ഞാനീ കഥാപാത്രത്തെ അവതരിപ്പിക്കും. സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയുമില്ല.’മോഹന്‍ലാലിന്റെ അച്ഛനായി തിലകനെയും അമ്മയായി കെ.പി.എ.സി. ലളിതയെയും സഹോദരിയായി ചിപ്പിയെയും നിശ്ചയിച്ചു. ശോഭനയെ ആയിരുന്നു ആദ്യം തുളസിയായി നിശ്ചയിച്ചത്. എന്നാല്‍ ഷൂട്ടിങ് ഡേറ്റ് മാറിയപ്പോള്‍ ശോഭനയ്ക്കു ഡേറ്റില്ലാതെയായി. അങ്ങനെ ഉര്‍വശിയെ കൊണ്ടുവന്നു…
സില്‍ക്ക് സ്മിതയും സ്ഫടികം ജോര്‍ജ്ജും.
ഏഴിമല പൂഞ്ചോല……എന്ന പാട്ട് മുളാതെ സ്ഫടികകം കണ്ടിറങ്ങിയവര്‍ കാണില്ല. സില്‍ക്ക് സമിതയും മോഹന്‍ലാലും മതിമറന്നഭിനയിച്ച ഗാനരംഗം. ആടുതോമയേയും സില്‍ക്കിന്റെ കഥാപാത്രത്തേയും നടുറോഡിലൂടെ പോലീസ് നടത്തിക്കുന്ന രംഗം പ്രേക്ഷകര്‍ മറക്കില്ല. സിനിമയിലെ സ്ത്രീ സങ്കല്പത്തെ ആകെ മാറ്റുന്നതായിരുന്നു സില്‍ക്കിന്റെ കഥാപാത്രം.
ഈ ചിത്രത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെട്ടു. രാജന് പി. ദേവ്, ഇന്ദ്രന്‍സ്, ചിപ്പി, ശ്രീരാമന് ,അശോകന്,കരമന ജനാര്ദ്ദനന്,എന്‍.എഫ്.വര്‍ഗ്ഗീസ് ,മണിയന്‍പിള്ള രാജു ,ബഹദൂര്‍,ജോണി ,ഭീമന് രഘു ,ഇന്ദ്രന്‍സ്,പറവൂര്‍ ഭരതന്,,കനകലത,ശങ്കരാടി,എന്‍.എല്‍. ബാലകൃഷ്ണന്‍എന്നിങ്ങനെ പ്രഗല്ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.ചങ്ങനാശ്ശേരി ചന്തയില്‍വെച്ച് ഒരു സംഘട്ടനരംഗം ചിത്രീകരിക്കവേ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ലോറിയുടെ മുകളിലേക്കു ചാടിയ മോഹന്‍ലാലിന് നടുവിനു പ്രശ്നമായി. തുടര്‍ന്ന് അഭിനയിക്കാന്‍തന്നെ കഴിയാതെയായി. അങ്ങനെ ഷെഡ്യൂള്‍ മുടങ്ങി. ഷൂട്ടിങ് നിര്‍ത്തിവെച്ചു.പിന്നെ മോഹന്‍ലാലിന്റെ ചികിത്സ കഴിഞ്ഞാണ് അടുത്ത ഷെഡ്യൂള്‍ ആരംഭിച്ചത്.ഡോക്ടര്‍ രാജേന്ദ്രബാബുവായിരുന്നു സംഭാഷണം എഴുതിയത്.
പുതിയ രൂപത്തില്‍ സ്ഫടികം വീണ്ടും
സ്ഫടികം പുതുരൂപത്തില്‍ വീണ്ടും തീയേറ്ററില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സമവിധായകന്‍ ഭദ്രന്. അദ്ദേഹം പറയുന്നു.”സ്ഫടികം ഒരു നിയോഗമാണ് ഞാന്‍ വളര്‍ന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാര് . അത് എനിക്ക് മുന്നില്‍ ഇണങ്ങി ചേര്‍ന്നിരുന്നില്ലെങ്കില്‍ സ്ഫടികം സംഭവിക്കുമായിരുന്നില്ല.ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്ക് വലിയ സന്തോഷം നല്ക്കുന്ന ഒരു വാര്‍ത്ത നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു.സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും’
പ്രതികരിക്കാൻ ഇവിടെ എഴുതുക: