”സ്വര്‍ഗം മറ്റൊരു
രാജ്യത്തുണ്ടെന്ന്
സ്വപ്നം കാണുന്നവരെ
വെറുതെ സ്വപ്നം
കാണുന്നവരെ
ഇവിടെതന്നെ സ്വര്‍ഗവും
നരകവും
ഇവിടെത്തന്നെ,
രണ്ടും കണ്ടിട്ടുള്ളവരല്ലോ
തെണ്ടികള് ഞങ്ങള്‍”
എന്ന് ബ്രഹ്മാനന്ദന് പാടിയത് ആരെയാണ് കടുത്ത ആശങ്കയിലേക്കും വിഷാദത്തിലേക്കും തള്ളിവിടാത്തത്? ബ്രഹ്മാനന്ദന് നമ്മുടെ മനസ്സിന്റെ ഒരു ഭാവമാണ്. സമ്മിശ്രവും വിരോധാഭാസപരവുമായ ഒരു മനസ്സില്‍ നിന്ന് ഒരു ബ്രഹ്മാനന്ദ ഗായകന് സ്വയം വീണ്ടെടുത്തു വരികയാണ്. ഈ ഗായകന് നമ്മുടെ വികാരമാണ്; രാഗഗന്ധര്വ്വമാണ്.
ഒരു മലയാളിക്ക് തപ്തമായ ഹൃദയഭാവങ്ങളെയാണ് ബ്രഹ്മാനന്ദന് ആവിഷ്കരിച്ചത്. ഏത് ഗാനത്തിലും ബ്രഹ്മാനന്ദന് തന്റെ അസ്തിത്വ ദുഃഖത്തെയും സമസ്യകളെയും ആവിഷ്കരിക്കുകയാണ് ചെയ്തത്. സ്പാനീഷ് കവി ലോര്‍ക്ക പറഞ്ഞ മഹത്തായ ഒരു കാര്യമുണ്ട്. അത് സത്യത്തിന്റെ പ്രതിബിംബല്ല, സത്യം തന്നെയാണ്. ജീവിതത്തിന്റെയല്ല, ഏത് കലാസൃഷ്ടിയുടെയും അടിയില്‍ ദുഃഖത്തിന്റെ ഒരു ആരവമുണ്ടെന്ന്. ഈ ക്രാന്തദര്‍ശനം ഒരു കവി പറയുന്നതില്‍ എനിക്ക് അദ്ഭുതമില്ല. കാരണം ഒരു യഥാര്‍ത്ഥ കവിയില്‍ തത്വചിന്തകനും ദാര്ശനികനുമുണ്ട്.
ചില തത്വചിന്തകന്മാര് ജനിതകരഹസ്യം കൊണ്ടാണോ എന്നറിയില്ല, ജന്മനാ വിഷാദാത്മകതയുടെ ഗാനാലാപനമാണ് ഏറ്റെടുക്കുക. ജര്‍മന്‍ തത്വചിന്തകനായ ഷോപ്പനോര്‍ ജീവിതത്തിലെ ആഹ്ലാദങ്ങളെ തള്ളിക്കളയുകയാണ് ചെയ്തത്. എല്ലാറ്റിനുമിടയില്‍ മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളെ കരിച്ചുകളയുന്ന വിഷാദം തളംകെട്ടി നില്‍ക്കുകയാണെന്ന് ഷോപ്പനോര്‍ കണ്ടുപിടിച്ചു. ഇത് മനസ്സിലാക്കാന്‍, അദ്ദേഹത്തിന് മൈക്രോസ്കോപ്പോ ഡിഎന്‍എ ടെസ്റ്റോ ആവശ്യമില്ല. അദ്ദേഹത്തിന് വസ്തുക്കളുടെയുള്ളിലേക്ക് ആഴ്ന്നിറങ്ങി ചെല്ലുന്ന സഹജവാസനയുണ്ട്.
ബ്രഹ്മാനന്ദന് എന്ന ഗായകന് മലയാളം തന്നെയാണ്. മലയാള ഭാഷയില്‍ അദ്ദേഹം സ്വയം അലിഞ്ഞുപോവുകയും, അതില്‍ വൈയക്തിക രാഗാര്ദ്രതകൊണ്ട് സ്വയം ഒരു മിത്താവുകയുമാണ് ചെയ്തത്. ബ്രഹ്മാനന്ദന് ജീവിതത്തിന്റെ അടിയില്‍ ശേഖരിക്കപ്പെട്ട വിഷാദം കണ്ടറിഞ്ഞ ഗായകനാണ്. അതുകൊണ്ട് അദ്ദേഹം എന്ത് പാട്ടുമ്പോഴും സമ്മോഹനമായ, ശ്യാമപക്ഷരാവുകരുടെ ഏകാന്തതയില്‍ കുതിര്‍ന്ന, വൈയക്തികമായ, വിഷാദാര്‍ദ്രമായ വിനയത്താല്‍ സകലതിനെയും പ്രതിബിംബിപ്പിക്കുന്ന ഒരു മനുഷ്യത്വമായി മാറുകയാണ്. ഒരു പ്രണയഗാനത്തിനടിയില് വിഷാദഭാവത്തിനു വേറൊരു മിസ്റ്റിക് സാധ്യതയുണ്ട്. അത് മനുഷ്യന്റെ ലോകത്തെ വികസ്വരമാകുകയാണ്. പ്രണയത്തെ കൂടുതല്‍ പ്രണയിച്ചു കരയുന്ന ഒരു മനുഷ്യന്റെ മൃദുവായ വിനിമയങ്ങള്‍ ബ്രഹ്മാനന്ദന് സൃഷ്ടിച്ചെടുക്കുന്നു.
മന്മഥഗൃഹത്തില്
മണിയറ തുറക്കും
വെണ്മണി ശ്ലോകത്തിനോടോ,
രഹസ്യാഭിലാഷങ്ങള്‍
മിഴികളാലറിയിക്കും
രവിവര്‍മ്മ ചിത്രത്തിനോടോ”
എന്ന ഭാഗം ബ്രഹ്മാനന്ദന് പാടിയത് ഞാന്‍ എത്ര വട്ടം കേട്ടുവെന്ന് പറയില്ല. അതൊരു രഹസ്യമായിരിക്കട്ടെ. ഏത് വലിയ കാട്ടിലെ തേനിനേക്കാള് മധുരമുള്ള ശബ്ദത്തില്‍ അദ്ദേഹം മാനവനു ആര്‍ജിക്കാവുന്ന സകല സ്വര്ഗങ്ങളും ഈ പാടലിലൂടെ കൊണ്ടുവരുകയാണ്. ഹൃദയത്തിന്റെ തിന്മകളെ ഓടിച്ചുവിട്ട്, അവിടെ ഭൂതകാലത്തെ വിശുദ്ധീകരിക്കാന്‍ കഴിവുള്ള മാന്ത്രിക യാഥാര്‍ത്ഥ്യം സൃഷ്ടിക്കുകയാണ് ഈ ഗായകന്. ശോകഭാവം ബ്രഹ്മാനന്ദന്റെ ആന്തരികഘടനയിലുള്ളതാണ്. അദ്ദേഹം ഒരു പാട്ടിനെ തന്റെ മനോഘടനയ്ക്കും താത്ത്വിക വീക്ഷണത്തിനും അനുസരിച്ച് വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. ആ വ്യാഖ്യാനം ഗാനത്തിനു മൗലികവും, മനുഷ്യസ്വഭാവത്തിന്റേതെന്ന് വിശേഷിപ്പിക്കാവുന്ന വൈകാരികതയും നല്കുന്നു.
സംഗീത സംവിധായകനു കൊടുക്കാനാവുന്നത് വരികളുടെ ഈണമാണ്. തീര്‍ച്ചയായും അതൊരു കണ്ടുപിടിത്തമാണ്. എന്നാല്‍ ആ ഈണത്തില്‍ ഒരു പാട്ടിന്റെ പൂര്‍ണതയുണ്ടാകണമെന്നില്ല. ഓരോ ഗായകനും പാട്ടിനെ വ്യാഖ്യാനിക്കുന്നത് സ്വന്തം ശാബ്ദിക സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ്. ആ വ്യാഖ്യാനത്തില്‍ ഗാനത്തിന്റെ ഈണം മറ്റൊരു വൈയക്തിക രാഗമായിത്തീരുന്നു.
”ജാലകവാതിലില്‍
വെള്ളിക്കൊളുത്തുകള്‍
താളത്തില്‍ കാറ്റില്‍ കിലുങ്ങി
വാതില്‍ തുറക്കുമെന്നോര്‍ത്തു
വിടര്‍ന്നിതെന്‍
വാസന്തസ്വപ്നദളങ്ങള്”
എന്ന് ബ്രഹ്മാനന്ദന് പാടുമ്പോള്‍ അദ്ദേഹത്തിന്റേതായ ഒരു മാനസികഭാവം നിറയുന്നു. അത് താരതമ്യം ചെയ്യാനാവില്ല. കാരണം തന്റെ ശാബ്ദിക സംവിധാനത്തില്‍ നിന്ന് മാറ്റി നിര്‍ത്തി ഒരു ഗാനത്തെപ്പറ്റി ആലോചിക്കാന്‍ അദ്ദേഹത്തിനാവില്ല. താന്‍ പാടിയ പാട്ടുകളിലെല്ലാം ഈണത്തോടൊപ്പം ബ്രഹ്മാനന്ദന് എന്ന ഗായകനും അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. അദ്ദേഹം വ്യക്തിപരമായ ഒരു ദുഃഖോപാസകനാണെന്ന് ഞാന്‍ വിചാരിക്കുന്നു. അദ്ദേഹം നിത്യമായ അനുരാഗത്തെ യാതൊരു ലാഭേച്ഛയുമില്ലാതെ, പവിത്രമായി കൂടെക്കൊണ്ടു നടന്നിരുന്നു. പാടുമ്പോള്‍ തന്റെ പ്രണയിനിയെ ഓര്‍ക്കുക മാത്രമല്ല; ഈ സങ്കീര്‍ണമായ ജീവിതത്തില്‍ തനിയെ എന്നെന്നും തന്റെ പ്രണയത്തെ സാക്ഷാത്കരിക്കാനാവില്ലല്ലോ എന്ന ശോകമാണ് നിറയ്ക്കുന്നത്. സഹജമായ പ്രണയവും സഹജമായ ദുഃഖവും ചേര്‍ന്നൊരുക്കുന്ന ഒരു സിംഫണിയാണ് ബ്രഹ്മാനന്ദന്റെ ശാബ്ദിക സംഗീതിക. അദ്ദേഹം അതില്‍ ജീവിച്ചു. ഒരു ആറ്റത്തിന്റെ അത്രപോലും അഴുക്ക് അതിലില്ല; ഉണ്ടാകാന്‍, അദ്ദേഹം സമ്മതിച്ചിട്ടുവേണ്ടേ.
ബ്രഹ്മാനന്ദന് ആയിരക്കണക്കിനു പാട്ടുകള്‍ പാടിയിട്ടില്ല. അതിനും കാരണമുണ്ട്. എല്ലാ പാട്ടുകളിലും തന്റെ സര്‍വ്വസ്വവും ചേര്‍ത്തുവയ്ക്കുന്നതുകൊണ്ട്, അദ്ദേഹത്തിനു ഗാനാലാപനം ഒരു ഭാരിച്ച പ്രവൃത്തികൂടിയാണ്. ആത്മാര്‍ത്ഥതയുടെ ഒരു പ്രവാഹമാണത്. അധികം പാടിയില്ലെങ്കിലും, പാടിയതിലെല്ലാം സത്യസന്ധതയും അഭിനിവേശവും രാഗദുഃഖവും ഒരുപോലെ സമ്മേളിപ്പിച്ചിരിക്കുന്നു.
ഈ പാട്ടുകാരന് മലയാളികളുടെ മനസ്സില്‍ ഒരു നാടോടി ശീലുപോലെ ശോകം പകരുകയാണ്. എവിടെവച്ചും തിരിച്ചറിയാവുന്നവിധം, കോടിക്കണക്കിനു ശബ്ദങ്ങള്‍ക്കിടയില്‍ അത് ഭാവപൂര്‍ണതയോടെ ഒഴുകുന്നു. ബ്രഹ്മാനന്ദന് നമ്മെ പിരിഞ്ഞിട്ടില്ല; ആ പാട്ടുകളില്‍ നമ്മള് ജീവിക്കുകയാണ്. ഒരു മലയാളിത്തനിമയാണ് ബ്രഹ്മാനന്ദന് പാട്ടുകള്‍. ലോകത്തെവിടെയും മലയാളിക്ക്, അല്പം പിറകോട്ടു ചെന്ന് ഗൃഹാതുരത്വത്തോടെ മനസ്സില്‍ ഏറ്റുവാങ്ങാവുന്ന ഓര്മ.
എം.കെ. ഹരികുമാര്‍
9995312097
പ്രതികരിക്കാൻ ഇവിടെ എഴുതുക: