വൈവിധ്യമാര്‍ന്ന മാദ്ധ്യമങ്ങളിലൂടെ വലിയ കൂട്ടങ്ങളെ സൃഷ്ടിച്ച് ശക്തി തെളിയിച്ച് ലോകത്തെ കീഴടക്കുന്ന മനുഷ്യനെ ഏകാന്തതയുടെ ശക്തിയിലേക്ക് കാലം നയിക്കുന്ന കോറോണ. സംഹാരശക്തിയായി ഭീതി പരത്തി ജീവനെടുത്ത് ലോകത്തെ വിഴുങ്ങുമ്പോള്‍ പരിഭ്രാന്തരായി അവരവരുടെ മാളങ്ങളിലേക്ക് സുരക്ഷതേടുന്ന കാഴ്ച. വീടുകളടച്ച്, സ്ഥാപനങ്ങളടച്ച് രാജപാതകള്‍ ശൂന്യമാക്കി രാജ്യപരിധികളടച്ച് പ്രാര്‍ത്ഥനാലയങ്ങള്‍ അടച്ച് ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന മര്‍ത്യന്റെ ദീനമായ ചിത്രം. കാലാള്‍പടയില്‍ തുടങ്ങി ഗോളാന്തരയുദ്ധത്തിന് കോപ്പുകൂട്ടുന്ന മനുഷ്യന് രാസായുധങ്ങളും ജൈവായുധങ്ങളും പ്രയോഗിക്കാന്‍ വൈദഗ്ധ്യം നേടുമ്പോള്‍ അവന്റെ കൈയിലൊതുങ്ങാതെ അവനെ വിഴുങ്ങാന്‍ കുരുക്ഷേത്രം രചിക്കുന്ന വൈറസ്. നഗ്നനേത്രത്തിന് അഗോചരമായ ഈ ചെറിയവന്റെ വലിയ കര്‍മ്മത്തില്‍ ഭീതരായി ഭരണകര്‍ത്താക്കളും ശാസ്ത്രജ്ഞന്മാരും സാധാരണക്കാരും ഭേദമില്ലാതെ ശസ്ത്രപാദനത്തിന് വിധേയനായി പതിക്കുന്ന ചിത്രം. സ്വാര്‍ത്ഥതയുടെ ഇരുള് മതിലുകളെ പൊളിച്ചു മാറ്റി ഓരോ മനുഷ്യനും ആഴത്തിലും പരപ്പിലും ഉയര്‍ന്നു ചിന്തിക്കേണ്ട കാലഘട്ടം.
ഇത് അപ്രതീക്ഷിതമായി വന്ന ദുരന്തമല്ല. മനുഷ്യന് മനുഷ്യനാകാന്‍ വേണ്ട അറിവും വികാരവും കര്‍മ്മവും പകര്‍ന്നുകൊടുക്കാത്തതിന്റെ ദുരന്തമാണ്. ഭോഗലോകത്തിനുവേണ്ടി മാത്രം ചെയ്യുന്ന വിദ്യാഭ്യാസത്തിന്റെ അനന്തരഫലം. തന്നില്‍ നിന്ന് അന്യമാണ് ഈ ലോകവസ്തുക്കളെന്നും അതിലാണ് മൂല്യത നിലനില്‍ക്കുന്നതെന്നും തന്നെ കളഞ്ഞ് മീന്‍ പിടിക്കാനുള്ള വൈശിഷ്ട്യമാണ് ഒരു മനുഷ്യന് ആര്‍ജ്ജിക്കേണ്ടതെന്നും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കാലം മുതല്‍ അമ്മയിലൂടെ അച്ഛനിലൂടെ കുടുംബത്തിലൂടെ സമൂഹത്തിലൂടെ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്ന ഒരേ ഒരറിവ്. പുറത്തെ സ്വത്താണ് ഏറ്റവും വലിയ സ്വത്തെന്നും ഏതുവിധേനയും അതാര്‍ജിച്ച് ജീവിതം സുഖവും ശാന്തവും ആനന്ദവും ആക്കാന്‍ കഴിയും എന്നു പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയാണ്.
ഒരു കോശത്തില്‍ നിന്ന് ഒരായിരം കോശത്തിലൂടെ ഒരു മനുഷ്യനായി മാറി, ജൈവാജൈവ രാസപ്രക്രിയയില്‍ ഉണ്ടായ താന്‍ നിലനില്‍ക്കുന്നത് തന്റെ ശരീരത്തിന്റെ ഭാഗമായ പുറം ലോകമുള്ളതുകൊണ്ടാണെന്നും ഈ രണ്ടു ശരീരങ്ങളും രണ്ടല്ലായെന്നും പുറത്തുണ്ടായാല്‍ അത് അകത്തുണ്ടാകുമെന്നും അകത്തുണ്ടായാല്‍ അതു പുറത്തേക്കു പോകുമെന്നും പ്രായഭേദമില്ലാതെ, സ്ഥാനമാനഭേദമില്ലാതെ ഓരോ മനുഷ്യനേയും കോറോണ ഒരു കുഞ്ഞിനെ പഠിപ്പിക്കും പോലെ പഠിപ്പിച്ചു തരികയാണ്.
കണ്ണു തുറക്കേണ്ട കാലം അതിക്രമിച്ചു. പൂര്‍ണ്ണബോധം പകര്‍ന്നു കൊടുക്കുന്ന വിദ്യാഭ്യാസത്തിന്റെ അഭാവമാണ് തന്നെയും ലോകത്തേയും നശിപ്പിക്കാന്‍ താണ്ഡവനൃത്തം നടത്തുന്ന കോറോണയുടെ പിന്നില്‍. മരുന്നു കണ്ടുപിടിക്കാത്ത കോറോണയ്ക്ക് മരുന്നായിട്ടുള്ളത് അവനവന്റെ പ്രതിരോധശേഷിയാണ്. ശരീരത്തേയും മനസ്സിനേയും ബുദ്ധിയേയും നല്ലതും ശുദ്ധവുമായ ആഹാരത്തിലൂടെയും വികാരത്തിലൂടെയും വിചാരത്തിലൂടെയും പ്രാണശക്തിക്ക് പ്രതിരോധശേഷി നേടിയെടുക്കാന്‍ വേണ്ട ജീവിതചര്യാക്രമം അനിവാര്യമാണ്. ആള്‍ക്കൂട്ടത്തെ കൂട്ടാനും ആള്‍ക്കൂട്ടമാകാനും ജീവിതമുഴിഞ്ഞുവയ്ക്കുന്ന മനുഷ്യന് അവനെ ശുദ്ധവും ശക്തവും ശാന്തവുമാക്കുന്ന ഏകാന്തതയെ ഉപേക്ഷിക്കുന്നു.
തന്നെ തിരിച്ചറിഞ്ഞ്, തന്റെ കുറവുകളെ പരിഹരിക്കാന്‍ വേണ്ട സാഹചര്യം സൃഷ്ടിച്ച് നല്ല മനുഷ്യനാകാന്‍ വേണ്ട പ്രായോഗിക അറിവിന്റെ അഭാവമാണ് ഇന്നത്തെ ദുഃഖത്തിനു കാരണം. ഭോഗ വിവരത്തിന്റെ കണ്ണിയാക്കി മനുഷ്യനെ മാറ്റിയതിലൂടെ സമയമില്ലാത്ത മനുഷ്യന്റെ ജീവിതം അവനെയറിയാന്‍ അവനിന്നു സമയമില്ല. മറ്റെല്ലാമറിയാന്‍ സമയവും ദേശവുമെല്ലാമുണ്ട്. തന്നെ മറന്നവന് ഈ ലോകത്തെ എങ്ങനെ രക്ഷിക്കും? എങ്ങനെ ശാന്തി പകരും?എങ്ങനെ ആനന്ദമനുഭവിക്കാന്‍ പ്രപ്തിയുള്ള വ്യക്തിയെ ഉരുത്തിരിച്ചെടുക്കും?.
ഉത്തരം കിട്ടാത്ത ചോദ്യത്തിനുത്തരമായിട്ടാണ് 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് അകമറിവിനേയും പുറമറിവിനേയും അകലമില്ലാതെ ഏകധാരയില്‍ പഠിപ്പിക്കാന്‍ ഉതകുന്ന ‘വിദ്യാഭ്യാസം പൂര്‍ണ്ണബോധത്തിലേക്ക്’ എന്ന ബോധനക്രമം സമൂഹത്തിന്റെ കൈകളിലേക്ക് പകര്‍ന്നു കൊടുത്തത്. പലകാരണങ്ങളാല്‍ ഇന്നുവരെ അതു പൂര്‍ണ്ണമായി പ്രവൃത്തി മണ്ഡലത്തില്‍ എത്തിയിട്ടില്ല. ഇനിയൊരു കോറോണ കുരുക്ഷേത്രം സംജാതമാകാതിരിക്കാന്‍ മനുഷ്യനെ പൂര്‍ണ്ണ മനുഷ്യനാക്കുന്ന, പൂര്‍ണ്ണബോധത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം, വിദ്യാഭ്യാസപദ്ധതിയായി മാറണം. ഭരണകര്‍ത്താക്കള്‍, ശാസ്ത്രജ്ഞന്മാർ, നിയമജ്ഞര്‍, സാഹിത്യകാരന്മാർ തുടങ്ങി സമൂഹത്തിലെ സമസ്ത ജനങ്ങളിലേക്കും ഈ അറിവ് എത്തിക്കുകയാണ് ഗ്ലോബല്‍ എനര്‍ജിപാര്‍ലമെന്റിന്റെ ലക്ഷ്യം. ദുരന്തം വരുത്തി ദുരന്ത നിവാരണത്തിനുവേണ്ടി യത്നിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ദുരന്തം വരുത്താത്ത വ്യക്തിയെ സൃഷ്ടിക്കല്‍. എല്ലാ മനുഷ്യനും അടിസ്ഥാനപരമായി നല്ലവരാണ്. വിവരത്തിന്റെ വ്യത്യാസമനുസരിച്ച് അവരവരുടെ കര്‍മ്മം, ഹിതവും അഹിതവുമായി മാറുന്നു.
ആധുനികലോകത്തിനു സുപരിചിതമായ അടിസ്ഥാനവിവരം നിലനില്‍ക്കുന്നത് ക്വാണ്ടം എനര്‍ജിയിലാണ്. ക്വാണ്ടം എനര്‍ജിയുടെ ഓരോ കാലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്പന്ദനാത്മകമായ ശക്തിയിലാണ്. അടിസ്ഥാനസ്പന്ദനമായ ഒന്നിനെ ഞാനെന്നു വിളിച്ചാല്‍ അതിനെ ‘ഐ’ എന്നു പേരിടാം. ഒന്നായ ‘ഐ’ യില്‍ ഉണ്ടായി നിലനിന്ന് മറയുന്നതാണ് ഞാനുള്‍പ്പെടെയുള്ള ഈ പ്രപഞ്ചം. സ്പന്ദനാത്മകമായ ഈ ‘ഐ’യില്‍ മദ്ധ്യ ആവൃത്തിയില്‍ കര്‍മ്മം ചെയ്യാന്‍ നമ്മെ പ്രാപ്തമാക്കുന്ന ചുവന്ന ദ്രവ്യവും, ഏറ്റവും ആവൃത്തി കുറഞ്ഞ പരിവര്‍ത്തനത്തിലൂടെ നിലനില്‍പ്പിനാധാരമായ വെളുത്ത ദ്രവ്യവും, ഏറ്റവും ആവൃത്തി കൂടിയ സൃഷ്ടിക്കു നിദാനമായി നില്ക്കുന്ന കറുത്ത ദ്രവ്യവും ഉണ്ട്. ഈ മൂന്നു ദ്രവ്യശക്തികളുടേയും ആകെത്തുകയായ ‘ഐ’ സ്പന്ദനം കൊണ്ടാണ് എല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ‘ഐ’ സ്പന്ദനങ്ങള്‍ ഏതു ഗുണങ്ങളെ കൂട്ടിയും കുറച്ചും ക്രമീകരിക്കുന്നുവോ അതിനാല്‍ സൃഷ്ടിക്കപ്പെടുന്നതിന് ആ ഗുണാധിക്യമുണ്ടാകും. വെളിച്ചം കാംക്ഷിച്ച് ഇരുളിനെ കൂട്ടിയാല്‍ അവിടം ഇരുള്‍മയമാകും.
ഇന്നത്തെ മനുഷ്യന് ശുദ്ധിക്കു നിദാനമായ ശാന്തമായ നിലനില്‍പ്പിന് അനിവാര്യമായ വെളുത്ത ദ്രവ്യത്തെ ശരീര വികാര വിചാരങ്ങളില്‍ കുറച്ചതാണ് ഇന്നത്തെ എല്ലാ ദുഃഖങ്ങള്‍ക്കും കാരണം. ഇരുട്ടെത്ര കൂടുന്നുവോ അത്രയും ഭയവും കൂടും. ആധുനിക വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിന്റെ അത്യുന്നതങ്ങള്‍ കൈവരിച്ചവര്‍ ഭയത്തിലാണ്ടു പോകുവാന്‍ കാരണം ഇതാണ്. ഇരുട്ടിനെ പേടിക്കലല്ല വെളിച്ചം ഏറ്റലാണ് വേണ്ടത്. എന്നാലെ അതു വിദ്യയാകൂ. ദീര്‍ഘകാല യത്നം അനിവാര്യമായ ഈ പ്രക്രിയ ഇനിയും താമസിച്ചാല്‍ മനുഷ്യവംശം ഏറ്റവും വലിയ ചോദ്യചിഹ്നമായി മാറും. കറുത്തതും വെളുത്തതുമായ ദ്രവ്യങ്ങളുടെ സമാവസ്ഥയിലാണ് മനുഷ്യജീവിതം. ഇരുളാധിക്യത്തിലെത്തുമ്പോള്‍ മൃഗാസുരാദികളും, വെളുത്ത ദ്രവ്യാധിക്യത്തിലെത്തുമ്പോള്‍ ദിവ്യമായ ജിവിതവും. മനുഷ്യന് മനുഷ്യനാകാനും മൃഗവും രാക്ഷസനും ദേവനും ആകാനും കഴിയും.
ഒരു ദീപത്തിലെ ദീപനാളം ഇരുള്‍മയമാകുന്നതും ചുവക്കുന്നതും വെളുക്കുന്നതും ഗുണത്തെ ആശ്രയിച്ചിരിക്കും. അതുപോലെ ചിന്തയാകുന്ന നല്ല തിരിയില്‍ നല്ല വികാരമാകുന്ന എണ്ണയൊഴിച്ച് ബോധമാകുന്ന ദീപം തെളിച്ചാല്‍ മര്‍ത്യനായി പൂര്‍ണ്ണനായി മാറാന്‍ കഴിയും. ചിന്ത ഇരുട്ടായാല്‍ എല്ലാം ഇരുള്‍മയമാകും. ഇരുള്‍മയമായ ലോകം ഉണ്ടാകാതിരിക്കാന്‍ പ്രകാശമാനമായ ശുദ്ധമായ ചിന്ത ഉണ്ടായേ പറ്റൂ. ‘ചിന്ത നന്നായാല്‍ എല്ലാം നന്നായി’. ചിന്തയിലുണ്ടായ കോറോണ ചിന്തയാകുന്ന മാദ്ധ്യമത്തിലൂടെ ഒരു യുദ്ധക്കളം സൃഷ്ടിക്കുമ്പോള്‍ അതിനെ പരിഹരിക്കാന്‍ ശുദ്ധമായ ചിന്താവികാരാധിഷ്ഠിതമായ പ്രതിരോധശേഷിയുള്ള ശുദ്ധാന്നം ഭക്ഷിക്കുന്ന ശരീരത്തിന്റെ സൃഷ്ടി അനിവാര്യമാണ്. ഓരോ മനുഷ്യന്റെയും മന്ത്രമായി ‘-ശരീര മനോവിചാരശുദ്ധി മാറട്ടെ’. ഏക ഔഷധം ‘ശുദ്ധി’. ശുദ്ധികള്‍ വേണ്ട ഏകാന്തത. ശുദ്ധി കൈവിടാത്ത മനുഷ്യ സൃഷ്ടിക്കുവേണ്ടി കര്‍മ്മനിരതമാകാന്‍ പ്രതിജ്ഞാബദ്ധരാവുക. കോറോണ അതിലേക്കുള്ള വഴിത്തിരിവായി മാറട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: