ന്യൂദല്‍ഹി : രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 17ലെത്തി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളവരുടെ എണ്ണം 724ലെത്തി. ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടത്. 66 പേര്‍ക്ക് രോഗം ഭേദമായി.
വ്യാഴാഴ്ച മാത്രം 88 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് വൈറസിന്റെ സാമൂഹ്യ വ്യാപനം ആരംഭിച്ചതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഇതെല്ലാം തെറ്റാണെന്നും സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് തടയുന്നതിനായി ജാഗ്രതയിലാണ് രാജ്യം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമായാണ്.
മഹാരാഷ്ട്രയില്‍ അഞ്ച് പേര്‍ക്കും, രാജസ്ഥാനില്‍ രണ്ട് പേര്‍ക്കും പുതിയതായി കൊറോണ സ്ഥിരീകരിച്ചു. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 6000 തടവുകാര്‍ക്ക് പരോള്‍ നല്കാന് പഞ്ചാബ് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷാ കാലാവധിയുള്ള തടവുകാര്‍ക്കാണ് പരോള്‍ നല്‍കുന്നത്.
അതേസമയം വ്യാഴാഴ്ച ഏറ്റവുമധികം പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ചൈനയേയും ഇറ്റലിയേയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യുഎസ് ഒന്നാമതെത്തി. 16,000 ത്തിലധികം പേര്‍ക്കാണ് ഒറ്റദിവസം അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. യുഎസില്‍ മാത്രം നിലവിലെ കണക്കനുസരിച്ച് 81,378 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലാണ് ഏറ്റവുമധികം പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളത്. ചൈനയിലും ഇറ്റലിയിലും രോഗികളുടെ എണ്ണം യഥാക്രമം 81,285, 80,539 എന്നിങ്ങനെയാണ്.
യുഎസില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ലോകത്താകമാനം രോഗബാധിതതരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞു. വൈറസ്ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ രോഗവ്യാപന നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: