പട്ടാമ്പി: രാജ്യമെമ്പാടും കൊറോണാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, ലോക്ഡൗണിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ഇരുന്ന് ഒരു സംഘടനാ നേതാവ് ചെയ്ത പ്രവൃത്തി മാതൃകയാകുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ സേവാഭാരതിക്ക് വിതരണം ചെയ്യാനുള്ള മാസ്ക് നിര്‍മാണത്തില്‍ പങ്കാളിയായി.
സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന ഹൈസ്കൂള്‍ അധ്യാപികയായിരുന്നു കെ.പി. ശശികല ടീച്ചര്‍ . പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് വിരമിച്ചു. ഹിന്ദു ഐക്യ വേദിയുടെ പൂര്‍ണസമയ പ്രവര്‍ത്തനത്തിലാണ്. രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടിനു പുറത്തിറങ്ങാതെ കഴിയുമ്പോഴാണ് ഓങ്ങല്ലൂര്‍ സേവാ ഭാരതി യൂണിറ്റ് കൊറോണാ പ്രതിരോധത്തിന് മാസ്ക് തയാറാക്കുന്നുവെന്ന വിവരം അറിഞ്ഞത്. തുന്നല്‍ ജോലി അറിയാവുന്ന ടീച്ചര്‍ ആ യത്നത്തില്‍ വീട്ടിലിരുന്ന് പങ്കാളിയായി.
പതിനഞ്ചോളം പേര് അവരവരുടെ വീട്ടിലിരുന്ന് മുന്നൂറിലേറെ മാസ്കുകള്‍ ഉച്ചയ്ക്ക് മുമ്പ് തയാറാക്കി. മാസ്കുകള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ഓങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പട്ടാമ്പി പോലീസ് സ്റ്റേഷനിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉപയോഗിക്കാനായി വിതരണം ചെയ്തു.
ലോക്ഡൗണ്‍ എന്നാല്‍ വീട്ടിലടച്ച് വെറുതേയിരിക്കുകയല്ല, മറിച്ച് അവിടെയിരുന്നും സമാജ സേവനം ചെയ്യുകയാണ് വേണ്ടതെന്ന് ടീച്ചര്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞ ‘ലക്ഷ്മണ രേഖ’ വീടിനു പുറത്തേക്കിറങ്ങാതെയിരിക്കാനാണ്. ലക്ഷ്മണ രേഖ നമ്മെ രക്ഷിക്കാന്‍ നാംതന്നെ വരച്ചതാണ്. അതിനുള്ളിലിരുന്ന് വിശാല വീക്ഷണത്തോടെ കര്‍മം ചെയ്യാന്‍ ആകാശം പോലെ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ശരീരം കൊണ്ട് സാമൂഹ്യ അകലം പാലികുകയും സദ്പ്രവൃത്തികള്‍ കൊണ്ട് സമൂഹത്തെ സേവിക്കുകയുമാണ് വേണ്ടതെന്ന് ടീച്ചര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: