ഭുവനേശ്വര്‍: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രോഗത്തെ പ്രതിരോധിക്കാനും മറ്റും അക്ഷീണം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക്.
സംസ്ഥാനത്തെ ഡോക്ടര്‍മാര്‍, വൈദ്യ സഹായികള്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നാല് മാസത്തെ മുന്‍കൂര്‍ ശമ്പളം നല്‍കുമെന്നാണ് നവീന്‍ പട്നായിക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ ശബളമാകും ഇവര്‍ക്ക് മുന്‍കൂട്ടി ലഭിക്കുക. ഏപ്രില്‍ മാസത്തിലാകും ഈ നാല് മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കുകയെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടേയും അക്ഷീണ പ്രവര്‍ത്തനത്തിന്റെ ബഹുമാനാര്‍ത്ഥം കൈകൂപ്പി സംസാരിക്കുന്നുവെന്നാണ് പട്നായിക് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. ജനങ്ങളോടുള്ള അവരുടെ നിസ്വാര്‍ത്ഥ സേവനത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളോടും നിങ്ങളുടെ കുടുംബത്തോടുമൊപ്പം ഞാനും സംസ്ഥാനത്തെ മുഴുവന്‍ ജനതയുമുണ്ടെന്നും ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനം തുടരാനും നിങ്ങളുടെ ഉത്സാഹത്തോടെയുള്ള പ്രവര്‍ത്തനത്തെ സല്യൂട്ട് ചെയ്യുന്നുവെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: