പാലക്കാട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്നാട് സര്‍ക്കാര്‍. വാളയാറിനും കോയമ്പത്തൂര്‍ ചാവടിക്കുമിടയിലുള്ള സ്ഥലത്തേക്ക് പരിശോധന മാറ്റി. കേരളത്തില്‍ നിന്നുള്ള അത്യാവശ്യ സര്‍വീസ് വാഹനങ്ങളൊഴികെ മറ്റെല്ലാ വാഹനങ്ങളും ഇവിടെ നിന്ന് തന്നെ മടക്കും.
കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളെ വാളയാര്‍ അതിര്‍ത്തി വഴി കടത്തിവിടുന്നില്ല. ഇതോടെ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിരവധി ചരക്ക് വാഹനങ്ങളാണ് വാളയാറില്‍ കുടുങ്ങിയത്. കേരളത്തില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ തടയില്ലെന്ന് ചീഫ് സെക്രട്ടറിതല ചര്‍ച്ചയിലെ ഉറപ്പ് പാലിക്കാതെയാണ് തമിഴ്നാടിന്റെ നടപടി. കേരളത്തില്‍ നിന്നുള്ള സ്വകാര്യവാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വാളയാറില്‍ നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും ചരക്ക് ഗതാഗതത്തിന് തടസമുണ്ടാവില്ലെന്ന് പറഞ്ഞിരുന്നു. നിലവില്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് കടത്തിവിടുന്നത്. ദേശീയപാതയ്ക്ക് സമീപം മണ്ണിട്ട് നിരത്തിയാണ് നിയന്ത്രണ സംവിധാനമൊരുക്കിയത്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചരക്കുമായെത്തുന്ന ലോറികള്‍ ചരക്ക് ഇറക്കി തമിഴ്നാട്ടിലേക്ക് തിരിച്ചു മടങ്ങുമ്പോള്‍ അണുവിമുക്തമാക്കിയാണ് കടത്തിവിടുന്നത്. അല്ലാത്ത വാഹനങ്ങള്‍ തിരിച്ചയയ്ക്കും.
സ്പെയ്നില്‍ നിന്നെത്തിയ കോയമ്പത്തൂര്‍ സ്വദേശിനിക്ക് കൊറോണ സ്ഥീരികരിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഇന്നലെ മുതല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ കടത്തിവിടുന്നുള്ളൂ. അല്ലാത്തപക്ഷം തിരിച്ച് പോകാനാണ് നിര്‍ദേശം.
തമിഴ്നാട് ആരോഗ്യ വകുപ്പ്, റവന്യൂ, പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട് അതിര്‍ത്തിയായ ചാവടിയില്‍ കര്‍ശന പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. അതേസമയം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. ഞായറാഴ്ച ജനത കര്ഫ്യൂവായതിനാല് ഒഴിഞ്ഞ കിടന്ന വാളയാര്‍ ചെക്ക് പോസ്റ്റിലൂടെ വീണ്ടും തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ വരാന്‍ തുടങ്ങിയതോടെ ഇന്നലെ പുലര്‍ച്ചെ നല്ല തിരക്ക് അനുഭവപ്പെട്ടു. വാളയാറില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലും കര്‍ശന പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ കടത്തിവിടുന്നത്.
ഇന്നുമുതല്‍ നിരോധനാജ്ഞ
പാലക്കാട്: തമിഴ്നാട്ടില്‍ ഇന്ന് വൈകിട്ട് മുതല്‍ 31 അര്‍ധരാത്രിവരെ നിരോധാജ്ഞ പ്രഖ്യാപിച്ചു. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനം. 31ന് ശേഷം നിരോധനാജ്ഞ നീട്ടണോയെന്ന കാര്യത്തില്‍ സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നും തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.
ഇന്ന് വൈകിട്ട് അഞ്ചിനു ശേഷം എവിടെയും അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടിനില്ക്കാന് പാടില്ല. ഇത് ലംഘിച്ചാല്‍ നടപടിയുണ്ടാകും. ബസുകള്‍, ക്യാബുകള്‍, ടാക്സി സര്‍വീസ്, ഓട്ടോറിക്ഷ തുടങ്ങി പൊതുഗതാഗത സംവിധാനങ്ങള്‍ ഇന്ന് വൈകിട്ടോടെ അവസാനിപ്പിക്കും. സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. സ്വകാര്യ മേഖലയില്‍ ആശുപത്രി മാത്രമാകും പ്രവര്‍ത്തിക്കുക.
നിലവില്‍ ഒമ്പത് കൊറോണ വൈറസ് ബാധിതരാണ് തമിഴ്നാട്ടിലുള്ളത്. ചെന്നൈ, ഈറോഡ്, കാഞ്ചിപുരം, തിരുനെല്‍വേലി, കോയമ്പത്തൂര്‍ ജില്ലകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പുതുച്ചേരിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: