ബേഡകം (കാസര്‍കോട്): കൊറോണ വൈറസ് നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ അവഗണിക്കാന്‍ ആഹ്വാനം ചെയ്തും, പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മോശമായ ഭാഷയില്‍ അവഹേളിച്ചുമുള്ള ശബ്ദസന്ദേശം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട് പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ്സ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ബന്തടുക്ക മലാംകുണ്ട് സ്വദേശിയും കോണ്‍ഗ്രസ് നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഊത്തിക്കര ഒ.വി. വിജയനെതിരെയാണ് ബേഡകം പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
ഞായറാഴ്ചത്തെ ജനത കര്‍ഫ്യൂ അവഗണിക്കാന്‍ ആഹ്വാനം ചെയ്യുകയും ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുകയും ചെയ്തുള്ള പോസ്റ്റാണ് വിജയന് വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചത്. ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയെന്ന് കാണിച്ച് വിജയനെതിരെ കരിവാടകം പള്ളക്കാടുള്ള ഇ. മധുസൂദനന് നായരാണ് ബേഡകം പോലീസില്‍ പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ബേഡകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
കൊറോണ വൈറസ് നിര്‍മ്മാര്‍ജനത്തില്‍ സര്‍ക്കാരിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും പോലീസിന്റെയും നിര്‍ദേശങ്ങളും ഉത്തരവുകളും പാലിക്കാത്തവര്‍ക്കെതിരെയും നവമാധ്യമങ്ങളില്‍ കൂടി തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതടക്കമുള്ള കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: